ന്യൂഡൽഹി: നവംബർ10-ലെ ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ നിരീക്ഷണത്തിലായിരുന്ന ഫരീദാബാദ് ആസ്ഥാനമായുള്ള അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിലും അതിൻ്റെ അനുബന്ധ സ്ഥാപനങ്ങളിലും വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തി. വ്യാജ അക്രെഡിറ്റേഷൻ കാണിച്ച് സ്ഥാപനങ്ങൾ വൻ ലാഭമുണ്ടാക്കിയതായാണ് ആരോപണം. വ്യാജ അവകാശവാദങ്ങളിലൂടെ ഏകദേശം 415 കോടി രൂപ ട്രസ്റ്റ് സമ്പാദിച്ചതായി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പിഎംഎൽഎ) ലംഘനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളും ആദായനികുതി റിട്ടേണുകളും (ഐടിആർ) ഒരൊറ്റ പാൻ നമ്പറിന് കീഴിലാണെന്ന് കണ്ടെത്തി. ഇത് സാമ്പത്തിക നിയന്ത്രണം ഒരു ട്രസ്റ്റിൽ മാത്രമായി നിക്ഷിപ്തമായിരുന്നുവെന്ന് വ്യക്തമാക്കുന്നു. 2014-15 മുതലുള്ള ഐടിആറുകളുടെ പരിശോധനയിൽ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നത്. ഐടിആർ പ്രകാരം 2014-15, 2015-16 വർഷങ്ങളിൽ യഥാക്രമം 30.89 കോടി രൂപയും 29.48 കോടി രൂപയും സംഭാവനയായി കാണിച്ചിരുന്നു. 2016-17 മുതൽ സർവകലാശാല തങ്ങളുടെ വരുമാനം അക്കാദമിക് വരുമാനമായാണ് കാണിച്ചിട്ടുള്ളത്. 2018-19 മുതൽ വരുമാനത്തിൽ കുത്തനെയുള്ള വർധന രേഖപ്പെടുത്തി. 2018-19-ൽ 24.21 കോടി രൂപയായിരുന്ന വരുമാനം 2024-25-ൽ 80.01 കോടി രൂപയായി ഉയർന്നു. ഏഴ് വർഷത്തിനിടെ ആകെ 415 കോടി രൂപയുടെ വരുമാനമുണ്ടായി.
അംഗീകാരമില്ലാതെ പ്രവർത്തിക്കുമ്പോഴും സർവകലാശാല വിദ്യാർഥികളിൽ നിന്ന് മുഴുവൻ ഫീസും ഈടാക്കിയിരുന്നു. ഇത് വഞ്ചനയുടെയും വ്യാജരേഖ ചമയ്ക്കലിൻ്റെയും പരിധിയിൽ വരുന്നു. വ്യാജ അക്രെഡിറ്റേഷൻ ഉപയോഗിച്ച് വിദ്യാർഥികൾക്ക് പ്രവേശനം നൽകിയെന്നും വ്യാജരേഖകൾ ചമച്ചെന്നും, ഇതിലൂടെ നിയമവിരുദ്ധമായ വരുമാനം ഉണ്ടാക്കിയെന്നും സർവകലാശാലയ്‌ക്കെതിരായ കേസുകളിൽ ആരോപിക്കപ്പെടുന്നു. സർവകലാശാല പൊതുജനങ്ങളെ വഞ്ചിച്ചുവെന്നും വിദ്യാർഥികളുടെ ഫീസ് വ്യക്തിപരവും സ്വകാര്യവുമായ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവെന്നും വ്യക്തമാക്കുന്ന ശക്തമായ തെളിവുകൾ ലഭിച്ചതായി ഇഡി ആരോപിച്ചു.
ഭീകരവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ അൽ ഫലാഹിൻ്റെ സ്ഥാപകനും ചെയർമാനുമായ ജവാദ് അഹമ്മദ് സിദ്ദിഖിയെ ചൊവ്വാഴ്ച ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഡിസംബർ 1 വരെ 13 ദിവസത്തേക്ക് ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു. ജവാദ് സിദ്ദിഖിയാണ് എല്ലാ പ്രധാന സാമ്പത്തിക തീരുമാനങ്ങളും എടുത്തിരുന്നതെന്നും സമ്മതിച്ചിട്ടുണ്ട്. അൽ ഫലാഹിൻ്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ മുഹമ്മദ് റാസി, താൻ നേരിട്ട് സിദ്ദിഖിക്കാണ് റിപ്പോർട്ട് ചെയ്തിരുന്നതെന്നും സാമ്പത്തിക കാര്യങ്ങളിൽ അന്തിമ തീരുമാനം എടുത്തിരുന്നത് അദ്ദേഹമായിരുന്നുവെന്നും മൊഴി നൽകിയിട്ടുണ്ട്.
13 പേരുടെ മരണത്തിനിടയാക്കിയ ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന പ്രതികളെ തമ്മിൽ ബന്ധിപ്പിക്കുന്ന പൊതുകണ്ണിയാണ് അൽ ഫലാഹ് സർവകലാശാല. ഐ20 കാറിൽ ചാവേറായി പൊട്ടിത്തെറിച്ച ഉമർ മുഹമ്മദ്, ഇയാളുടെ കൂട്ടാളികളായ ഷഹീൻ സയീദ്, മുസമ്മിൽ ഷക്കീൽ, ആദിൽ റാഥർ എന്നിവർ അൽ ഫലാഹിൽ ജോലി ചെയ്തിരുന്നവരാണ്. ചെങ്കോട്ടയ്ക്ക് സമീപം മുഹമ്മദ് സ്ഫോടനം നടത്താനുപയോഗിച്ച സ്ഫോടകവസ്തുക്കൾക്കായി സർവകലാശാല ലാബിൽ നിന്ന് ഇവർ രാസവസ്തുക്കൾ കടത്തിയതായും ആരോപണമുണ്ട്.
Content Highlights: Enforcement Directorate uncovers massive fraud at Al-Falah Charitable Trust, Faridabad, linked to Delhi blast investigations. Allegations of fake accreditation and illegal earnings.
Published: 20 Nov 2025, 08:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented