ജയ്പുർ: അജ്മീറിൽ തീപ്പിടിച്ച ഡ്രൈവറില്ലാത്ത കാർ നിയന്ത്രണം വിട്ടോടിയത് ഭീതി സൃഷ്ടിച്ചു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളിൽ ഇടിച്ചുകൊണ്ടാണ് വണ്ടി മുന്നോട്ടുപോയത്. മറ്റു വാഹനങ്ങൾ തീപ്പിടിച്ച കാറുമായി കൂട്ടിയിടിക്കുന്നത് തടയാൻ അതിവേഗം വഴിമാറുകയായിരുന്നു. ഒടുവിൽ റോഡരികിലെ ഡിവൈഡറിൽ ഇടിച്ചാണ് കാർ നിന്നത്. റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായെങ്കിലും ആർക്കും പരിക്കില്ല. തീ മൂടിയ വാഹനം റോഡിലൂടെ ഓടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. 

To advertise here,

മാൻസരോവറിലെ ജേണലിസ്റ്റ് കോളനിയിലെ ദിവ്യദർശൻ അപ്പാർട്ട്‌മെന്റിലെ താമസക്കാരനായ ജിതേന്ദ്ര ജങ്കിത് എന്നയാളാണ് കാർ ഓടിച്ചത്. അജ്മീറിലെ മേൽപാതയിലെ ഇറക്കം ഇറങ്ങുന്നതിനിടെയാണ് ജിതേന്ദ്ര കാറിന്റെ എസി വെന്റിലൂടെ പുക വരുന്നത് കണ്ടത്. ഉടൻ തന്നെ ജിതേന്ദ്ര  കാർ നിർത്തി തന്റെ സഹോദരനെ ഇക്കാര്യം വിളിച്ചുപറഞ്ഞു. സഹോദരൻ പറഞ്ഞതനുസരിച്ച് ബോണറ്റ് പരിശോധിച്ചപ്പോഴാണ് കാറിന്റെ എഞ്ചിന് തീപിടിച്ചത് കണ്ടത്. 

‍അതിവേഗം തീപടരുകയും കാറിന്റെ ഹാന്റ് ബ്രേക്കിനെ ബാധിക്കുകയും ചെയ്യുകയായിരുന്നു. ഹാന്റ് ബ്രേക്ക് പോയതോടെ മേൽപ്പാലത്തിലെ ഇറക്കത്തിൽ കാർ നീങ്ങിത്തുടങ്ങി. ഫയർഫോഴ്‌സ് എത്തി തീയണച്ചപ്പോഴേക്കും വാഹനം പൂർണമായി കത്തിനശിച്ചിരുന്നു.