മുംബൈ: മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാറിന്റെ മരണത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. അപകടം നടന്ന ദിവസം, ജനുവരി 28-ന് ബാരാമതി വിമാനത്താവളത്തിൽ കാഴ്ചപരിധി (visibility) വളരെ കുറവായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. അജിത് പവാറും അദ്ദേഹത്തിന്റെ രണ്ട് അംഗരക്ഷകരും രണ്ട് പൈലറ്റുമാരും ഉൾപ്പെടെ വിമാനത്തിൽ ഉണ്ടായിരുന്ന അഞ്ചുപേരാണ് അപകടത്തിൽ മരിച്ചത്.
മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് പറക്കുകയായിരുന്ന വിഎസ്ആർ വെഞ്ചേഴ്സിന്റെ (VSR Ventures) ലിയർജെറ്റ് 45 (Learjet 45) വിമാനം ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് റൺവേയിൽ വീണ് തകർന്നത്. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം നിലംപതിച്ചയുടൻ തീപിടിച്ച് കത്തിയമരുകയായിരുന്നു.
റിപ്പോർട്ട് അനുസരിച്ച്, അപകടദിവസം വിമാനത്താവളത്തിലെ ടവർ നിയന്ത്രിച്ചിരുന്നത് ഒരു ഫ്‌ളൈയിങ് ട്രെയിനിങ് ഓർഗനൈസേഷനിലെ (FTO) ഗ്രൗണ്ട് ഇൻസ്ട്രക്ടറായിരുന്നു. ലാൻഡിംഗ് സമയത്ത് റിപ്പോർട്ട് ചെയ്ത 3000 മീറ്റർ കാഴ്ചപരിധി, വിഎഫ്ആർ (VFR) ഫ്‌ലൈറ്റിന് ആവശ്യമായ കുറഞ്ഞ പരിധിയായ 5000 മീറ്ററിന് (5 കിലോമീറ്റർ) താഴെയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
പൂർണമായ എയർ ട്രാഫിക് കൺട്രോൾ ടവർ ഇല്ലാത്ത ഒരു 'അൺകൺട്രോൾഡ് എയർസ്ട്രിപ്പ്' (uncontrolled airstrip) ആയതിനാൽ, ബാരാമതിയിൽ ലാൻഡിങ് സമയത്ത് പൈലറ്റുമാർ പ്രധാനമായും ദൃശ്യസൂചനകളെയും പ്രാദേശിക വിവരങ്ങളെയുമാണ് ആശ്രയിക്കുന്നത്. റൺവേ 11-ൽ ലാൻഡിംഗിന് അനുമതി ലഭിച്ച ശേഷം അതിന് ശ്രമിക്കവെ വിമാനം റൺവേയുടെ ഇടത്തുവശത്തേക്ക് വീണ് തകരുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കത്തിയമർന്ന വിമാനത്തിന്റെ പരിസരത്തുനിന്നും ചിന്നിച്ചിതറിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. 66-കാരനായ പവാർ, മുംബൈയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത ശേഷം, പ്രാദേശിക തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലികളിൽ പങ്കെടുക്കുന്നതിനായാണ് ബാരാമതിയിലേക്ക് പുറപ്പെട്ടത്. ഈ അപകടം മഹാരാഷ്ട്രയിലുടനീളം വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. അജിത് പവാറിന്റെ വിയോഗത്തെത്തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായും എൻസിപി (NCP) അധ്യക്ഷയായും ചുമതലയേറ്റു.
Content Highlights: Initial investigation into Ajit Pawar's death cites low visibility at Baramati airport. The reported visibility was 3000 meters, below the required 5000 meters for VFR flight. The crash of the Learjet 45 aircraft killed all five people on board. Baramati Airport is an uncontrolled airstrip, raising questions about safety protocols.
Published: 28 Feb 2026, 10:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented