മുംബൈ: മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാർ മരിക്കാനിടയായ വിമാനാപകടത്തെ സംബന്ധിച്ച പവാർ കുടുംബത്തിന്റെ സംശയങ്ങളെ പിന്തുണച്ച് ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത്. ജനുവരി 28-ന് നടന്ന അപകടത്തിൽ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കത്തി നശിച്ചത് 'ദുരൂഹവും' 'ഗുരുതരവും' ആണെന്ന് അദ്ദേഹം ആരോപിച്ചു. ഈ വിഷയത്തിൽ അന്വേഷണം നടത്താൻ പവാർ കുടുംബം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനുവേണ്ട കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

ബാരാമതി വിമാനാപകടത്തെക്കുറിച്ച് നടത്തിയ പത്രസമ്മേളനത്തിലാണ്, പവാർ കുടുംബത്തിന്റെ സംശയങ്ങളെ അടിവരയിടുകയും അന്വേഷണത്തിൽ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തുകൊണ്ടുള്ള റാവത്തിന്റെ പ്രസ്താവന. 'രോഹിത് പവാർ ആ കുടുംബത്തിലെ അംഗമാണ്, അദ്ദേഹത്തിന് ഇത്തരത്തിലുള്ള സാങ്കേതിക കാര്യങ്ങളെക്കുറിച്ച് നല്ല അറിവുണ്ട്. അജിത് പവാറിന്റെ അപകടത്തെക്കുറിച്ചുള്ള ദുരൂഹമായ വസ്തുതകൾ വളരെ ഗുരുതരമാണ്.' അദ്ദേഹം പറഞ്ഞു.

'മഹാരാഷ്ട്ര മുഴുവൻ ചോദിക്കുന്നു, അജിത് ദാദയുടെ വിമാനാപകടം ഒരു അപകടമായിരുന്നോ അതോ ഗൂഢാലോചനയായിരുന്നോ? എന്റെ തോന്നൽ ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നു. ചില ആളുകൾ ഇപ്പോഴും ദാദ എവിടെനിന്നെങ്കിലും വരുമെന്ന് പ്രതീക്ഷിക്കുന്നു. ചിലർ വിമാനത്തിൽ ആറുപേർ ഉണ്ടായിരുന്നുവെന്നും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് അജിത് ദാദയുടെ മൃതദേഹമായിരുന്നില്ലെന്നും വിശ്വസിക്കുന്നു. ആ സംഭവം ഇപ്പോഴും ഒരു ദുസ്വപ്നം പോലെയാണ് അനുഭവപ്പെടുന്നത്. ' അദ്ദേഹം പറഞ്ഞു.

'ബ്ലാക്ക് ബോക്‌സ് കത്തിനശിച്ചു! 20 വർഷങ്ങൾക്ക് ശേഷവും ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, അജിത് പവാറിന്റെ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കത്തി നശിച്ചു. ഇത് എങ്ങനെ സാധ്യമാകും? രോഹിത് പവാർ ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെങ്കിൽ, അത് ഗുരുതരമാണ്. പവാർ കുടുംബം ഇത് അന്വേഷിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അവർ അതിനുവേണ്ട കാര്യങ്ങൾ ചെയ്യണം. ഈ വിഷയത്തിൽ സർക്കാരിന്റെ ഉദ്ദേശ്യങ്ങൾ ശരിയല്ല.' റാവത്ത് പറഞ്ഞു.

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരത്ചന്ദ്ര പവാർ) നേതാവ് രോഹിത് പവാർ അടുത്തിടെ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെയാണ് റാവത്തിന്റെ ഈ പരാമർശങ്ങൾ. അജിത് പവാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ച ബാരമതി ലിയർജെറ്റ് 45 അപകടം ഒരു അപകടം എന്നതിനേക്കാളുപരി ഗൂഢാലോചന ആയിരിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ബാരാമതി വിമാനാപകടത്തെ ചുറ്റിപ്പറ്റി മഹാരാഷ്ട്രയിലുണ്ടായ സംശയങ്ങളുടെയും ദുഃഖത്തിന്റെയും രാഷ്ട്രീയ ഗൂഢാലോചനകളുടെയും അന്തരീക്ഷം രോഹിത് പവാർ എടുത്തുപറഞ്ഞു.

മുൻകൂട്ടി തയ്യാറാക്കിയ പദ്ധതികളിൽ അജിത് പവാർ മാറ്റം വരുത്തിയെന്നും ഇത് ഊഹാപോഹങ്ങൾക്ക് ഇടയാക്കിയെന്നും രോഹിത് പവാർ ചൂണ്ടിക്കാണിച്ചു. അപകടത്തിന് തൊട്ടുമുമ്പുള്ള 24 മണിക്കൂറാണ് സംശയത്തിന്റെ കാതലെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെ ഡ്രൈവറെ കൊല്ലുന്നത് അയാളെ ലക്ഷ്യമിടാനുള്ള ഏറ്റവും എളുപ്പവഴിയാണെന്ന് പറയുന്ന ഒരു പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു രോഹിത് പവാറിന്റെ ആരോപണങ്ങൾ.

'അജിത് പവാറിന്റെ വിമാനാപകടം ഗൂഢാലോചനയുടെ ഭാഗമായിരിക്കാം. അദ്ദേഹത്തിന്റെ അപകടത്തെക്കുറിച്ച് ഞങ്ങളും ചില കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഒരാളെ കൊല്ലണമെങ്കിൽ ഏറ്റവും എളുപ്പമുള്ള വഴി അയാളുടെ ഡ്രൈവറെ കൊല്ലുക എന്നതാണ് എന്ന് ഒരു പുസ്തകത്തിൽ പറയുന്നുണ്ട്. അപകടത്തിന് തലേദിവസം, ദാദ വൈകുന്നേരം മുംബൈയിൽ നിന്ന് കാറിൽ പുണെയിലേക്ക് വരാൻ തീരുമാനിച്ചിരുന്നു. അപ്പോൾ വാഹനവ്യൂഹവും പുറപ്പെട്ടു. എന്നാൽ എന്തുകൊണ്ട് ദാദ കാറിൽ യാത്ര ചെയ്യാൻ പോയില്ല? അജിത് ദാദ ഒരു വലിയ നേതാവിനെ കാണാൻ പോകേണ്ടതായിരുന്നു.' രോഹിത് പവാർ പറഞ്ഞു.

മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ ജനുവരി 28-ന് മഹാരാഷ്ട്രയിലെ ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് മരിച്ചത്. ഡിജിസിഎയുടെ റിപ്പോർട്ട് അനുസരിച്ച്, മുംബൈയിൽനിന്ന് ബാരാമതിയിലേക്ക് പറക്കുകയായിരുന്ന ചാർട്ടേഡ് വിമാനം ബാരാമതിയിലെ വിമാനത്താവളത്തിന്റെ റൺവേയിൽ തകർന്നുവീഴുകയായിരുന്നു. പൈലറ്റുമാരും അജിത് പവാറിന്റെ സെക്യൂരിറ്റി ജീവനക്കാരും ഉൾപ്പെടെ അഞ്ചുപേർ അപകടത്തിൽ മരിച്ചു. അപകടത്തെക്കുറിച്ചുള്ള അന്വേഷണം വ്യോമയാന അധികൃതർ കൃത്യമായി നിരീക്ഷിച്ചുവരികയാണ്.