
ന്യൂഡൽഹി: ഓഗസ്റ്റ് നാലിന് ഫുക്കറ്റിൽനിന്നും ഡൽഹിയിലേക്കുള്ള യാത്രയിക്കിടെ എയർ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവത്തിൽ പൈലറ്റിനെതിരെ ഗുരുതരമായ റിപ്പോർട്ടുകൾ പുറത്ത്. എയർ ഇന്ത്യ വിമാനത്തിന്റെ പ്രധാന പൈലറ്റ് രണ്ടാമത്തെ ഡോപ്പ് ടെസ്റ്റിലും പരാജയപ്പെട്ടതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവദിവസം 137 യാത്രക്കാരും എട്ട് ജീവനക്കാരുമായി ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന AI2379 വിമാനം, ഇടയ്ക്കുവെച്ച് പെട്ടെന്നുണ്ടായ ശക്തമായ കുലുക്കത്തെ തുടർന്ന് 300 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
വിമാനം ആകാശച്ചുഴിയിൽ പെട്ടതാണ് എന്നായിരുന്നു ആദ്യത്തെ നിഗമനം. എന്നാൽ ഒരു മിനിറ്റിനുള്ളിൽ ഒൻപതോളം സാങ്കേതിക പ്രശ്‌നങ്ങളാണ് വിമാനത്തിന് ഉണ്ടായത് എന്നാണ് പിന്നീടുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കിയത്. പിന്നീട് നിയന്ത്രണം വീണ്ടെടുത്ത് ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയുമായിരുന്നു. അപകടത്തിൽ 13 യാത്രക്കാർക്കും നാല് ജീവനക്കാർക്കും പരിക്കേറ്റു. ഇതിൽ രണ്ട് ജീവനക്കാർക്ക് നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റതായി സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു അറിയിച്ചു.
വ്യോമയാന അപകടങ്ങളിൽ പിന്തുടരുന്ന സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി, സംഭവത്തിന് ശേഷം ഇരു പൈലറ്റുമാരെയും നിർബന്ധിത സൈക്കോ ആക്റ്റീവ് പദാർത്ഥ പരിശോധനയ്ക്ക് (മയക്കുമരുന്ന് പരിശോധന) വിധേയരാക്കിയിരുന്നു. പൈലറ്റ്-ഇൻ-കമാൻഡിന്റെ പ്രാഥമിക പരിശോധനാ ഫലം 'നെഗറ്റീവ് അല്ല' (not negative) എന്നാണ് റിപ്പോർട്ട് ചെയ്തത്. ഇതേത്തുടർന്ന് സാമ്പിൾ കൂടുതൽ സ്ഥിരീകരണത്തിനായി ലബോറട്ടറി പരിശോധനയ്ക്ക് അയച്ചു.
പൈലറ്റ്, സാധാരണയായി 'വീഡ്' (weed) എന്നറിയപ്പെടുന്ന കഞ്ചാവ് ഉപയോഗിച്ചതായാണ് പരിശോധനയിൽ സ്ഥിരീകരിച്ചിരിക്കുന്നത്. വിമാനം 300 അടി താഴ്ചയിലേക്ക് പതിക്കുമ്പോൾ പ്രധാന പൈലറ്റ് തന്റെ സീറ്റിൽ ഉണ്ടായിരുന്നില്ല എന്നാണ് വിവരം. ഈ സമയം കോ-പൈലറ്റ് ആണ് വിമാനം പറപ്പിക്കുന്നതിന്റെ ചുമതല വഹിച്ചിരുന്നത്. സാങ്കേതിക തകരാറുകൾ പരിഹരിക്കാനുള്ള പൈലറ്റിന്റെ ശ്രമങ്ങളുടെ ഭാഗമായോ, ഹൈഡ്രോളിക് പരാജയ കാരണത്താലോ ആണ് വിമാനം 300 അടി താഴേക്ക് പതിക്കുകയും, വിമാനം ഒരു 'നെഗറ്റീവ്-ജി' (negative-G) അവസ്ഥയിലേക്ക് പോവുകയും ചെയ്തത്.
ഇതോടെ കോക്ക്പിറ്റിലെ മറ്റ് വസ്തുക്കളോടൊപ്പം പ്രധാന പൈലറ്റും മുകളിലേക്ക് പൊങ്ങിപ്പോയി. ഇതേ സമയത്താണ് വിമാനത്തിന്റെ പിൻഭാഗത്ത് സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന യാത്രക്കാർക്കും ഗുരുതരമായി പരിക്കേറ്റത്. ഈ അപകടത്തെ ഗുരുതരമായ സംഭവമായി കണക്കാക്കി എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്. പരിശോധനയ്ക്കായി വിമാനത്തിന്റെ ഫ്‌ലൈറ്റ് ഡാറ്റാ റെക്കോർഡറും കോക്ക്പിറ്റ് വോയ്സ് റെക്കോർഡറും അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അന്വേഷണത്തെ സഹായിക്കാൻ തങ്ങളുടെ വിദഗ്ധരെ അയക്കുമെന്ന് യൂറോപ്യൻ വിമാന നിർമ്മാതാക്കളായ എയർബസും അറിയിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എയർ ഇന്ത്യയുടെ സ്ഥാനമൊഴിയുന്ന ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും അക്കൗണ്ടബിൾ മാനേജരുമായ കാംബെൽ വിൽസണെ സിവിൽ ഏവിയേഷൻ മന്ത്രാലയം വിളിച്ചുവരുത്തി. ഓഗസ്റ്റ് നാലിലെ പറക്കലിനിടയിൽ ഓട്ടോ-പൈലറ്റ് മോഡ് വിച്ഛേദിക്കപ്പെട്ടത് ഉൾപ്പെടെ വിമാനത്തിന് ഒന്നിലധികം സാങ്കേതിക തകരാറുകൾ ഉണ്ടായതായി ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
വിമാനത്തിന്റെ കോ-പൈലറ്റ് നിയന്ത്രണം സ്വയം ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ ഫ്‌ലൈറ്റ് കൺട്രോൾ സ്റ്റാൾ (flight control stall) സന്ദേശം ലഭിച്ചതായി അവർ അറിയിച്ചു. വിവിധ ഇൻഡിക്കേറ്റർ സ്വിച്ചുകൾ അൽപനേരത്തേക്ക് ഓഫായതായും നിരവധി സാങ്കേതിക-യാന്ത്രിക തകരാറുകൾ ഉണ്ടായതായും അവർ വ്യക്തമാക്കി. കൂടാതെ വിമാനത്തിൽ ആകാശത്തുവെച്ച് ശക്തമായി കുലുക്കവും ഉണ്ടായിരുന്നു.
Content Highlights: Pilot-in-command of Air India flight AI2379 tested positive for drugs after a sudden 300-foot altitude drop. The incident occurred on August 4 on a Phuket-to-Delhi flight carrying 137 passengers. Aircraft Accident Investigation Bureau (AAIB) is leading the serious incident investigation. Civil Aviation Ministry summoned Air India CEO Campbell Wilson over the incident.
Published: 11 Aug 2026, 08:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented