തിരുച്ചിറപ്പള്ളി: മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്കാണ് തിരുച്ചിറപ്പള്ളി വിമാനത്താവളം വെള്ളിയാഴ്ച സാക്ഷ്യം വഹിച്ചത്. തിരുച്ചിറപ്പള്ളിയില്‍നിന്ന് ഷാര്‍ജയിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാര്‍ കാരണം പാതിവഴിയില്‍ തിരിച്ചുപോരുകയായിരുന്നു. രണ്ടര മണിക്കൂറാണ് വിമാനം ട്രിച്ചി വിമാനത്താവളത്തിനുമുകളില്‍ വട്ടമിട്ട് പറന്നത്. 

To advertise here,

വെള്ളിയാഴ്ച വൈകീട്ട് അഞ്ചേ മുക്കാലോടെയാണ് 141 യാത്രക്കാരുമായി AXB613 വിമാനം ഷാര്‍ജയിലേക്ക് പുറപ്പെട്ടത്. യാത്ര തുടങ്ങി അധികം വൈകാതെ തന്നെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാറുണ്ടെന്ന് പൈലറ്റ് തിരിച്ചറിഞ്ഞു. ഉടന്‍ അധികൃതരെ വിവരം അറിയിച്ചു. അടിയന്തര ലാന്‍ഡിങിന് അനുമതി തേടി.

വിമാനം സുരക്ഷിതമായി താഴെയിറക്കാനുള്ള ശ്രമങ്ങളായി പിന്നീട്.  അടിയന്തര  ലാന്‍ഡിങ്ങിന് വിമാനത്താവളം തയ്യാറായി. അനേകം ആംബുലന്‍സുകളും ഫയര്‍ഫോഴ്‌സ് വാഹനങ്ങളും വിമാനത്താവളത്തിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സജ്ജരായി. വിമാനത്തിന്റെ ഭാരം കുറയ്ക്കുന്നതിനായി ഇന്ധനം കളയാനുള്ള ശ്രമങ്ങള്‍ ഇതിനകം ആകാശത്ത് നടന്നു.

ഇതിനെല്ലാം ഒടുവില്‍ രാത്രി എട്ടേ പത്തോടെ വിമാനം വിമാനം ട്രിച്ചിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. എല്ലാ യാത്രികരും സുരക്ഷിതര്‍. ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിച്ചിരുന്നതായും സാധരണ ലാന്‍ഡിങ് തന്നെ നടത്താനായതായി അധികൃതര്‍ അറിയിച്ചു.