141 യാത്രക്കാരുമായി ഒക്ടോബര്‍ 12-ന് തിരുച്ചിറപ്പള്ളിയില്‍ നിന്നും ഷാര്‍ജയിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരാരും ആ ദിവസം ഇനി ഒരിക്കലും മറക്കില്ല. യന്ത്രത്തകരാര്‍ മൂലം അടിയന്തര ലാന്‍ഡിങ് നടത്തേണ്ടിവന്ന വിമാനം സുരക്ഷിതമായ ലാന്‍ഡിങ്ങിനുവേണ്ടി മൂന്നുമണിക്കൂറോളമാണ് ട്രിച്ചി വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ടു പറന്നത്. അത് തങ്ങള്‍ക്കും മറക്കാന്‍ പറ്റാത്ത ദിനമായി മാറിയതിനെക്കുറിച്ച് പറയുകയാണ് വിമാനം പറത്തിയിരുന്ന പൈലറ്റുമാരില്‍ ഒരാളായ മൈത്രേയിയുടെ മാതാപിതാക്കള്‍. 

To advertise here,

വാര്‍ത്ത അറിഞ്ഞ നിമിഷം തളര്‍ന്നുപോയെങ്കിലും മകളുടെ അസാമാന്യമായ ധൈര്യത്തിലും നിശ്ചയദാര്‍ഢ്യത്തിലും പിന്നീട് അഭിമാനം തോന്നിയെന്നും മൈത്രേയിയുടെ മാതാപിതാക്കളായ രുക്മിണിയും ശ്രീകൃഷ്ണയും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 'പഠനത്തിനായുള്ള ഇളയ മകളുടെ ജര്‍മന്‍ യാത്രയ്ക്കുവേണ്ട തയ്യാറെടുപ്പിലായിരുന്നു ഞങ്ങള്‍. അതുകൊണ്ടുതന്നെ വാര്‍ത്ത ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. വിമാനം തിരിച്ചിറക്കിയ ശേഷം മകളാണ് ഞങ്ങളെ വിളിച്ച് കാര്യം പറഞ്ഞത്. ഒരു നിമിഷത്തേക്ക് കാലുകള്‍ തളരുന്നതുപോലെ തോന്നി', രുക്മിണി പറയുന്നു. 

'അഞ്ചിലോ ആറിലോ പഠിക്കുമ്പോള്‍ ഡല്‍ഹിയില്‍ നിന്നും പുണെയിലേക്ക് പോയ വിമാനയാത്രയാണ് അവളുടെ മനസില്‍ പൈലറ്റാവണമെന്ന മോഹത്തിന് വിത്തിട്ടത്. അന്ന് വിമാനം പറത്തിയത് ഒരു സ്ത്രീയായിരുന്നു. അന്നവര്‍ മൈത്രേയിയെ കോക്ക്പിറ്റിലൊക്കെ കയറ്റി. അന്ന് ആ നിമിഷം അവള്‍ പറഞ്ഞു, തനിക്കും പൈലറ്റ് ആകണമെന്ന്. ജോലിക്ക് കയറുന്ന സമയത്ത് ഞങ്ങള്‍ അവളോട് പറഞ്ഞിട്ടുണ്ട്, വിമാനത്തിലുള്ള എല്ലാവരുടേയും ജീവന്‍ നിന്റെ ഉത്തരവാദിത്തമാണെന്ന്. അന്ന് ട്രിച്ചിയില്‍ അവള്‍ ആ വാക്കുകള്‍ പൂര്‍ണമായും പാലിച്ചു', രുക്മിണി കൂട്ടിച്ചേര്‍ത്തു. 

ന്യൂസിലന്‍ഡിലെ മെയിന്‍ലാന്‍ഡ് ഏവിയേഷന്‍ കോളേജില്‍ നിന്നാണ് മൈത്രേയി കൊമേഴ്ഷ്യല്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയത്. ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാറുണ്ടെന്ന തിരിച്ചറിഞ്ഞതോടെയാണ് പൈലറ്റുമാരായ ഫഹ്മി സൈനലും മൈത്രേയിയും ട്രിച്ചിയില്‍ വിമാനം തിരിച്ചിറക്കാനുള്ള തീരുമാനത്തിലെത്തിയത്. ഉടന്‍തന്നെ അധികൃതരെ വിവരം അറിയിച്ച് അടിയന്തര ലാന്‍ഡിങ്ങിനുള്ള അനുമതി തേടി. പെട്രോള്‍ ഊറ്റിക്കളഞ്ഞ് ഭാരം കുറയ്ക്കാനായാണ് വിമാനം മൂന്നുമണിക്കൂറോളം ആകാശത്ത് വട്ടമിട്ടത്. ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിച്ചിരുന്നതുകൊണ്ട് തന്നെ സാധാരണ ലാന്‍ഡിങ് തന്നെ നടത്താനായതായി അധികൃതര്‍ പിന്നീട് അറിയിച്ചു. രണ്ടുപൈലറ്റുമാര്‍ക്കും തമിഴ്‌നാട് സര്‍ക്കാര്‍ നന്ദി അറിയിച്ചിരുന്നു.