ന്യൂഡൽഹി: ഏഴ് വർഷത്തിന് ശേഷം നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ (BRICS) പങ്കാളിയാകാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്‌ ഇന്ത്യയിലെത്തി. അതിർത്തി തർക്കങ്ങളെത്തുടർന്ന് ഉലഞ്ഞ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടാണ് ഈ സന്ദർശനം. ഷി ജിൻപിങ്ങിനൊപ്പം ചൈനയിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ നേതാവും ഷിയുടെ പ്രധാന വിശ്വസ്തനുമായ സായ് ചി (Cai Qi), വിദേശകാര്യ മന്ത്രി വാങ് യി എന്നിവരും ഉന്നതതല സംഘത്തിലുണ്ട്. രഹസ്യാത്മക ശൈലി പുലർത്തുന്ന സായ് ചിയുടെ സന്ദർശനം അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

To advertise here,

70 വയസ്സുകാരനായ സായ് ചി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിർണ്ണായക തീരുമാനങ്ങളെടുക്കുന്ന ഏഴംഗ പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമാണ്. പാർട്ടിയുടെ ഭരണപരമായ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്ന ജനറൽ ഓഫീസിന്റെ തലവനായ അദ്ദേഹം, ഷി ജിൻപിങ്ങിന്റെ ഡി ഫെക്‌റ്റോ 'ചീഫ് ഓഫ് സ്റ്റാഫ്' ആയാണ് അറിയപ്പെടുന്നത്. കൂടാതെ പുതിയ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുകയും പാർട്ടി ആശയം രൂപപ്പെടുത്തുകയും ചെയ്യുന്ന സെൻട്രൽ ഐഡിയോളജി സ്‌കൂളിന്റെ അധ്യക്ഷ പദവിയും അദ്ദേഹം വഹിക്കുന്നുണ്ട്. സൈബർ സുരക്ഷാനയങ്ങൾക്ക് നേതൃത്വം നൽകുന്ന അദ്ദേഹം നാഷണൽ സെക്യൂരിറ്റി കമ്മീഷന്റെ ഡെപ്യൂട്ടി ഹെഡ് കൂടിയാണ്.

സാംസ്‌കാരിക വിപ്ലവകാലത്ത് തൊഴിലാളി-കർഷക-സൈനിക വിദ്യാർത്ഥികളായാണ് സായ് ചിയും ഷി ജിൻപിങ്ങും യാത്ര ആരംഭിച്ചത്. ചൈനയിലെ തീരദേശ പ്രവിശ്യകളായ ഫുജിയാൻ, സെജിയാങ് എന്നിവിടങ്ങളിൽ രണ്ടു പതിറ്റാണ്ടിലേറെ ഒന്നിച്ചു പ്രവർത്തിച്ച പരിചയം ഇരുവരും തമ്മിൽ ശക്തമായ സൗഹൃദത്തിന് വഴിയൊരുക്കി. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വളരെ വേഗത്തിലായിരുന്നു സായ് ചിയുടെ വളർച്ച. ഏതാനും മാസങ്ങൾ മാത്രം ബീജിങ്‌ മേയറായിരുന്ന ശേഷം 2017-ൽ അദ്ദേഹത്തെ ബീജിങ്‌ പാർട്ടി ചീഫായും തുടർന്ന് പൊളിറ്റ് ബ്യൂറോയിലേക്കും ഉയർത്തി. സാധാരണ അഞ്ച് വർഷത്തോളം നീളുന്ന കീഴ്വഴക്കങ്ങൾ മറികടന്നായിരുന്നു ഈ പ്രൊമോഷൻ. 2022-ലാണ് അദ്ദേഹം ഉയർന്ന തീരുമാനങ്ങൾ കൈക്കൊള്ളുന്ന പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ എത്തുന്നത്.

ഔദ്യോഗിക ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിൽ 'അങ്കിൾ സായ്' എന്ന പേരിൽ അദ്ദേഹം സജീവമായിരുന്നു. ജനങ്ങളുമായി നേരിട്ട് സംവദിക്കുകയും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. എന്നാൽ, 2014-ൽ പാർട്ടിയിലെ പ്രധാന പദവിയിലെത്തിയതോടെ വെയ്ബോ അക്കൗണ്ട് ഉപേക്ഷിക്കുകയും ഭരണനിർവ്വഹണത്തിൽ കടുത്ത നിലപാടുകളിലേക്ക് മാറുകയും ചെയ്തു.

അതിർത്തി തർക്കങ്ങൾ മാറ്റിവെച്ച് ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാൻ ബീജിങ്‌ സന്നദ്ധമാണെന്ന സന്ദേശമാണ് ഷി ജിൻപിങ്ങിന്റെയും സായ് ചിയുടെയും ഇന്ത്യ സന്ദർശനം നൽകുന്നത്. കഴിഞ്ഞ വർഷം തിയാഞ്ചെനിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിക്കിടെ സായ് ചി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കൻ  പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ഷി ജിൻപിങ്ങിന്റെ കൂടിക്കാഴ്ചകളിലും സായ് ചി പ്രമുഖ സാന്നിധ്യമായിരുന്നു. ഷി ജിൻപിങ്ങിന് വേണ്ടി സംസാരിക്കാൻ ഭരണതലത്തിൽ ശേഷിയുള്ള അപൂർവ്വം നേതാക്കളിൽ ഒരാളാണ് സായ് ചി എന്ന് നയതന്ത്ര വിദഗ്ധരും വിലയിരുത്തുന്നു.