ന്യൂഡൽഹി: വെള്ളപ്പൊക്കം മൂലം നാശനഷ്ടങ്ങൾ സംഭവിച്ച ബിഹാറിൽ ദുരിതാശ്വാസ സാമഗ്രികളുമായിയെത്തിയ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. ഹെലികോപ്റ്ററിൻ്റെ ഒരു ഭാഗം വെള്ളത്തിൽ മുങ്ങി. ചൊവ്വാഴ്ച ഉച്ചയോടെ മുസാഫർപുരിലെ ഔറായ് ഡിവിഷനിലെ നയാഗാവിലാണ് വ്യോമസേനയുടെ ഹെലികോപ്റ്റർ  അപകടത്തിൽപ്പെട്ടത്. പൈലറ്റടക്കമുള്ളവർ സുരക്ഷിതരാണെന്ന് വ്യോമസേനാ അധികൃതർ അറിയിച്ചു.

To advertise here,

ഹെലികോപ്റ്ററിൽ രണ്ട് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാല് ഐ.എ.എഫ് ജവാൻമാരുണ്ടായിരുന്നു. എഞ്ചിൻ തകരാറിലായതിനെ തുടർന്ന് അടിയന്തര ലാൻഡിങ്ങിന് നിർബന്ധിതമാകുകയായിരുന്നുവെന്നും പൈലറ്റിൻ്റെ മനസാന്നിധ്യം കാരണം വൻ അപകടം ഒഴിവായതായും ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രത്യയ അമൃത് അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടം റിപ്പോർട്ട് ചെയ്തയുടൻ സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ്ഡിആർഎഫ്) സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.