ന്യൂഡല്‍ഹി: ജൂണ്‍ 12-ന് നടന്ന അഹമ്മദാബാദ് വിമാനദുരന്തമുണ്ടായത് പൈലറ്റിന്റെ പിഴവ് മൂലമാണെന്ന് റിപ്പോര്‍ട്ട് ചെയ്ത യുഎസ് മാധ്യമം 'വാള്‍ സ്ട്രീറ്റ് ജേണലി'നും വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനുമെതിരേ നിയമനടപടിയുമായി പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്സ് (എഫ്‌ഐപി). എയര്‍ ഇന്ത്യ അപകടത്തിന് കാരണം പൈലറ്റിന്റെ പിഴവോ കോക്ക്പിറ്റ് ആശയക്കുഴപ്പമോ ആണെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചതിനെതിരെയാണ് നടപടി. ഈ റിപ്പോര്‍ട്ടുകളില്‍ പൈലറ്റിന്റെ പിഴവാണ് അപകടത്തിന് കാരണമെന്ന് തെളിയിക്കുന്ന തെളിവുകളൊന്നുമില്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി.
പ്രത്യേക ഉദ്ദേശംവെച്ചുള്ളതും സ്ഥിരീകരണമില്ലാത്തതുമായ വാര്‍ത്ത പ്രസിദ്ധീകരിച്ച ഈ മാധ്യമ സ്ഥാപനങ്ങള്‍ ഔദ്യോഗികമായി മാപ്പുപറയണമെന്നും എഫ്‌ഐപി ആവശ്യപ്പെട്ടു. പ്രത്യേകിച്ചും സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ നിരുത്തരവാദപരമാണെന്ന് എഫ്‌ഐപിയുടെ പ്രസ്താവനയില്‍ പറയുന്നു.
മാധ്യമങ്ങള്‍ സത്യസന്ധത ഉയര്‍ത്തിപ്പിടിക്കണമെന്നും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു. ഇത്തരം അനുമാനങ്ങള്‍ അടങ്ങിയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നത് നിരുത്തരവാദപരമാണെന്നും സ്വയം പ്രതിരോധിക്കാന്‍ കഴിയാത്ത, മരിച്ച പൈലറ്റുമാരുടെ പ്രശസ്തിക്ക് ഗുരുതരവും പരിഹരിക്കാനാകാത്തതുമായ ദോഷമാണ് വരുത്തിയിരിക്കുന്നതെന്നും സംഘടന ആരോപിച്ചു. ഇങ്ങനെ ചെയ്തതിലൂടെ റോയിറ്റേഴ്‌സ് പൈലറ്റുമാരുടെ കുടുംബത്തിന് അനാവശ്യ ദുരിതം വരുത്തിവെച്ചു. വലിയ ഉത്തരവാദിത്വം പേരുന്നവരും സമ്മര്‍ദ്ദമനുഭവിക്കുന്നവരുമായി പൈലറ്റുമാരുടെ മനോവീര്യത്തെ ഇത് ബാധിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ എഫ്ഐപി മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു.
നേരത്തേ ദി വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് ഇന്ത്യയിലെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും (എഎഐബി) രംഗത്തെത്തിയിരുന്നു. അപകടത്തേക്കുറിച്ച് എഎഐബി പുറത്തുവിട്ട പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത് അപകടത്തെക്കുറിച്ചുള്ള പ്രാഥമിക കണ്ടെത്തലുകളാണെന്നും ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്നും എഎഐബി പ്രസ്താവനയില്‍ വ്യക്തമാക്കി.
അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ഫ്യുവല്‍സ്വിച്ച് ഓഫ് ചെയ്യപ്പെട്ടതാണെന്നും അത് ചെയ്തത് ക്യാപ്റ്റനാണെന്നുമായിരുന്നു യുഎസ് മാധ്യമം 'വാള്‍സ്ട്രീറ്റ് ജേണല്‍' കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട്. വിമാനാപകടവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ ലഭ്യമായ തെളിവുകള്‍ പരിശോധിച്ച യുഎസ് അധികൃതരെ ഉദ്ധരിച്ചാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് നല്‍കിയത്.
എയര്‍ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം അഹമ്മദാബാദില്‍ തകര്‍ന്നുവീഴുന്നതിന് തൊട്ടുമുന്‍പ് കോക്പിറ്റില്‍ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖ ബ്ലാക്‌ബോക്‌സ് പരിശോധനയിലൂടെ നേരത്തേ ലഭ്യമായിരുന്നു. എന്‍ജിനിലേക്കുള്ള ഇന്ധന സ്വിച്ച് ഓഫായത് സംബന്ധിച്ച് പൈലറ്റുമാര്‍ തമ്മില്‍ നടത്തിയ സംഭാഷണമാണ് ശബ്ദരേഖയിലുണ്ടായിരുന്നത്. എന്തിനാണ് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്നതും താന്‍ ചെയ്തിട്ടില്ലെന്ന് മറ്റേയാള്‍ മറുപടി നല്‍കുന്നതുമാണ് ശബ്ദരേഖയിലുണ്ടായിരുന്നത്.
ഇത് ആര് ആരോട് പറഞ്ഞു എന്നതുസംബന്ധിച്ച് നേരത്തേ പുറത്തുവന്ന പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍, വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദര്‍ ക്യാപ്റ്റനായ സുമീത് സഭര്‍വാളിനോടാണ് 'എന്തിനാണ് ഫ്യുവല്‍സ്വിച്ചുകള്‍ കട്ട് ഓഫ് ചെയ്തതെ'ന്ന ചോദ്യം ചോദിച്ചതെന്നാണ് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിലുള്ളത്.
15,638 മണിക്കൂര്‍ വിമാനം പറത്തി പ്രവൃത്തിപരിചയമുള്ള പൈലറ്റായിരുന്നു ക്യാപ്റ്റന്‍ സുമീത് സഭര്‍വാള്‍. വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദറിന് 3,403 മണിക്കൂര്‍ വിമാനം പറത്തിയ പരിചയവുമുണ്ട്. വിമാനം റണ്‍വേയില്‍നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ കൂടുതല്‍ പ്രവൃത്തിപരിചയമുള്ള വിമാനത്തിലെ ക്യാപ്റ്റനോട് ഫസ്റ്റ് ഓഫീസറാണ് എന്തുകൊണ്ടാണ് താങ്കള്‍ ഫ്യുവല്‍ സ്വിച്ച് കട്ട് ഓഫ് ചെയ്തതെന്ന ചോദ്യം ചോദിച്ചതെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Content Highlights: FIP criticizes WSJ and Reuters for blaming pilots in the Ahmedabad plane crash, demands apology
Published: 19 Jul 2025, 02:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented