ന്യൂഡല്‍ഹി: ധനികരില്‍ ഇന്ത്യയിലെ രണ്ടാമനും ലോകത്തെ ശതകോടീശ്വരന്മാരില്‍ 20-ാം സ്ഥാനക്കാരനുമായ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ വാര്‍ഷിക ശമ്പളം 10.41 കോടി രൂപ മാത്രമെന്ന് റിപ്പോർട്ട്. 2025 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ കണക്കാണിത്. രാജ്യത്തെതന്നെ പ്രമുഖ വ്യവസായികളേക്കാളും സ്വന്തം കമ്പനിയിലെ പ്രധാന എക്‌സിക്യുട്ടീവ് സ്റ്റാഫിനേക്കാളും കുറവാണ് അദാനിക്ക് ലഭിച്ച വാര്‍ഷിക ശമ്പളമെന്നാണ് റിപ്പോര്‍ട്ട്.
അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് സ്ഥാപനങ്ങളുടെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 62-കാരനായ അദാനി തന്റെ തുറമുഖ-ഊര്‍ജ്ജ കമ്പനിയിലെ ഒമ്പത് ലിസ്റ്റഡ് കമ്പനികളില്‍ രണ്ട് കമ്പനികളില്‍നിന്നാണ് ശമ്പളം കൈപ്പറ്റിയിരിക്കുന്നത്. വൈദ്യുതി, തുറമുഖം, അടിസ്ഥാനസൗകര്യം, വിമാനത്താവളം, പ്രതിരോധം, കല്‍ക്കരി, എഫ്എംസിജി തുടങ്ങിയ വിവിധ മേഖലകളില്‍ അദാനി ഗ്രൂപ്പിന്റെ സാന്നിധ്യമുണ്ട്. 2023-24 സാമ്പത്തിക വര്‍ഷം 9.26 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം. അതില്‍ നിന്ന് 12 ശതമാനം മാത്രം അധിക തുകയാണ് ഇത്തവണ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.
ഗ്രൂപ്പിന്റെ മുന്‍നിര സ്ഥാപനമായ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ (എഇഎല്‍) നിന്ന് 2.26 കോടി രൂപ അടിസ്ഥാന ശമ്പളവും പെക്വിസിറ്റുകളും മറ്റ് ആനുകൂല്യങ്ങളുമടക്കം 28 ലക്ഷവുമാണ് അദ്ദേഹത്തിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ചത്. അതായത് ആകെ 2.54 കോടി രൂപ. മുന്‍ സാമ്പത്തിക വര്‍ഷം അദ്ദേഹത്തിന് എഇഎല്ലില്‍നിന്ന് ഇത്തരത്തില്‍ ലഭിച്ചത് 2.46 കോടി രൂപയായിരുന്നു.
അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണില്‍ നിന്ന് 7.87 കോടി രൂപയും അദ്ദേഹത്തിന് ലഭിച്ചു. ഇതില്‍ 1.8 കോടി രൂപ ശമ്പളവും 6.07 കോടി രൂപ കമ്മീഷനുമാണ്.
ഇന്ത്യയിലെ മിക്കവാറും എല്ലാ വലിയ കുടുംബ ഉടമസ്ഥതയിലുള്ള കമ്പനികളുടെയും തലവന്മാരേക്കാള്‍ കുറവാണ് അദാനിയുടെ ശമ്പളം. കോവിഡ് 19 മഹാമാരിയുടെ സമയത്ത് ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി തന്റെ മുഴുവന്‍ ശമ്പളവും ഉപേക്ഷിച്ചിരുന്നു. അതിനുമുമ്പ് അദ്ദേഹത്തിന്റെ പ്രതിഫലം 15 കോടിയായി പരിമിതപ്പെടുത്തിയിരുന്നു.
അതേസമയം, ഭാരതി എയര്‍ടെല്‍ മേധാവി സുനില്‍ ഭാരതി മിത്തലിന് 2023-24 വർഷത്തെ കണക്ക് പ്രകാരം 32.27 കോടി രൂപയും ബജാജ് ഓട്ടോ മേധാവി രാജീവ് ബജാജിന് 53.75 കോടി രൂപയും ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാന്‍ പവന്‍ മുഞ്ജലിന് 109 കോടി രൂപയും വേതനമുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ എസ്.എന്‍. സുബ്രഹ്‌മണ്യന്‍ കൈപ്പറ്റിയത് 76.25 കോടി രൂപയാണ്. ഇന്‍ഫോസിസ് സിഇഒ സലില്‍ പരേഖ് നേടിയത് 80.62 കോടി രൂപയും.
അദാനിയുടെ ശമ്പളം അദ്ദേഹത്തിന്റെ കമ്പനികളിലെ രണ്ട് ചീഫ് എക്‌സിക്യുട്ടീവുകളേക്കാള്‍ കുറവാണ്. എഇഎല്‍ സിഇഒ വിനയ് പ്രകാശിന് 69.34 കോടി രൂപയാണ് വാര്‍ഷിക ശമ്പളമായി കഴിഞ്ഞ വര്‍ഷം ലഭിച്ചത്. പ്രകാശിന്റെ പ്രതിഫലത്തില്‍ നാലു കോടി രൂപ അടിസ്ഥാന ശമ്പളവും 65.34 കോടി രൂപ പെക്വിസിറ്റുകളും മറ്റ് ആനുകൂല്യങ്ങളുമടക്കമുള്ളതാണ്. പുനരുപയോഗ ഊര്‍ജ സ്ഥാപനമായ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ വിനീത് എസ്. ജെയ്ന് 11.23 കോടി രൂപയും ഗ്രൂപ്പ് സിഎഫ്ഒ ജുഗഷീന്ദര്‍ സിങ് 10.4 കോടി രൂപയും നേടി.
ഗൗതം അദാനിയുടെ മകന്‍ കരണ്‍ അദാനിയുടെ വേതനം 7.09 കോടി രൂപ മാത്രമാണ്. എന്നാല്‍, സിഇഒ അശ്വനി ഗുപ്ത നേടിയത് 10.34 കോടി രൂപയും. ഗൗതം അദാനിയുടെ ഇളയ സഹോദരന്‍ രാജേഷ്, അദാനി എന്റര്‍പ്രൈസസില്‍നിന്ന് 7.45 കോടി രൂപ ശമ്പളം കൈപ്പറ്റി.
Content Highlights: Gautam Adani`s annual salary is ₹10.41 crore, less than many executives in his own company
Published: 08 Jun 2025, 04:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented