
ന്യൂഡൽഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ അറസ്റ്റിൽ കഴിയുന്ന സാമൂഹിക പ്രവര്‍ത്തക തീസ്ത സെതൽവാദിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. രണ്ട് മാസത്തിൽ അധികമായി ജയിലിൽ കഴിയുന്ന വനിത ആയതിനാലാണ് ഇടക്കാല ജാമ്യം അനുവദിക്കുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സ്ഥിരം ജാമ്യം ആവശ്യപ്പെട്ട് തീസ്ത നൽകിയ ഹർജി ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതിക്ക് തീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതുവരെ തീസ്ത തന്റെ പാസ്പോർട്ട് വിചാരണ കോടതിക്ക് കൈമാറണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
തീസ്ത ഏഴു ദിവസം പോലീസ് കസ്റ്റഡിയിൽ ആയിരുന്നു. അതിനുശേഷം ജുഡീഷ്യൽ കസ്റ്റഡിയിലും. രണ്ട് മാസത്തിലധികമായി കസ്റ്റഡിയിൽ കഴിയുന്നതിനാൽ തീസ്തയ്ക്ക് ഇടക്കാല ജാമ്യത്തിന് അർഹത ഉണ്ടെന്നും കോടതി വ്യക്തമാക്കി. കേസിന് ആധാരമായ സംഭവങ്ങൾ നടന്നത് 2002 നും 2012 നും ഇടയിൽ ആണെന്നും കോടതി ചൂണ്ടിക്കാട്ടി. നാളെ തന്നെ അഹമ്മദാബാദിലെ വിചാരണ കോടതിയിൽ തീസ്തയെ ഹാജരാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. തുടർന്ന് മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇടക്കാല ജാമ്യം അനുവദിക്കാനാണ് സുപ്രീം കോടതി നിർദേശം.
Content Highlights: Activist Teesta Setalvad Gets Bail
Published: 02 Sept 2022, 04:24 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented