ന്യൂഡൽഹി: മെട്രോ ട്രെയിനിന്‍റെ വാതിലുകൾക്കിടയിൽ വസ്ത്രം കുടുങ്ങിയുണ്ടായ അപകടത്തിൽ യുവതി മരിച്ചു. ഡൽഹി സ്വദേശിയായ റീന (35) എന്ന യുവതിയാണ് ഇന്ദർലോക് സ്‌റ്റേഷനിൽ അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇവരെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.

To advertise here,

വ്യാഴാഴ്ചയാണ് മെട്രോ ട്രെയിനിൽ അപകടം നടന്നത്. വാതിലുകൾ അടയുന്നതിനിടെ വസ്ത്രത്തിന്റെ ഒരു ഭാഗം കുടുങ്ങുകയായിരുന്നു. ട്രെയിൻ നീങ്ങിത്തുടങ്ങഇയതോടെ യുവതി മെട്രോയുടെ അടിയിൽ പെട്ടു. ഗുരുതരമായി പരിക്കേറ്റ റീനയെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വ്യാഴാഴ്‌ച ഇൻദർലോക് മെട്രോ സ്‌റ്റേഷനിൽ  ഒരു വനിതാ യാത്രക്കാരിയുടെ വസ്ത്രങ്ങൾ ട്രെയിനിൽ കുടുങ്ങി അപകടം സംഭവിച്ചതായും പരിക്കേറ്റ യുവതി ശനിയാഴ്ച ആശുപത്രിയിൽ വെച്ച് മരണപ്പെട്ടതായും ഡൽഹി മെട്രോ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അനുജ് ദയാൽ സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണർ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പടിഞ്ഞാറൻ ഡൽഹിയിലെ നംഗ്ലോയിൽ നിന്ന് മോഹൻ നഗറിലേക്ക് പോകുമ്പോഴാണ് യുവതി അപകടത്തിൽ പെട്ടതെന്ന് ബന്ധുവായ വിക്കി പറഞ്ഞു. ഏഴു വർഷം മുൻപാണ് റീനയുടെ ഭർത്താവ് മരിച്ചത്. ഒരു മകനും ഒരു മകളുമുണ്ട്.