ന്യൂഡല്‍ഹി: വ്യാഴാഴ്ചയാണ് 26 / 11 മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതികളിലൊരാളായ തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചത്. റാണയെ ഡല്‍ഹിയിലെത്തിക്കുന്നതിനുമുമ്പ് തന്നെ ദേശീയ അന്വേഷണ ഏജന്‍സി (നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി-എന്‍ഐഎ)യുടെ ആസ്ഥാനത്ത് കൊടുംകുറ്റവാളിയെ ചോദ്യം ചെയ്യലിനായി പാര്‍പ്പിക്കാനുള്ള 'തടവറ' തയ്യാറായിക്കഴിഞ്ഞിരുന്നു. അതീവസുരക്ഷാസംവിധാനങ്ങളോടെയാണ് റാണയ്ക്കായുള്ള മുറി ഒരുങ്ങിയിരിക്കുന്നത്. 

To advertise here,

14 X 14 അടി വിസ്തൃതിയുള്ള, റാണയുടെ ഓരോ ചലനവും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി ഓരോ കോണിലും സിസിടിവി ക്യാമറകള്‍ സജ്ജമാക്കിയ, 24 മണിക്കൂറും സുരക്ഷാഭടന്‍മാര്‍ കാവലുള്ള മുറിയിലാണ് റാണയെ പാര്‍പ്പിച്ചിരിക്കുന്നത്. സിജിഒ കെട്ടിടസമുച്ചയത്തിലെ എന്‍ഐഎ ഓഫീസിന്റെ താഴത്തെ നിലയിലാണ് ഈ മുറി. നിലത്ത് വിരിച്ച ഒരു കിടക്കയും കുളിമുറിയും സെല്ലിനുള്ളിലുണ്ട്. ഭക്ഷണം, കുടിവെള്ളം, മെഡിക്കല്‍സഹായം എന്നിവയെല്ലാം മുറിക്കുള്ളില്‍ തന്നെ ലഭ്യമാക്കും. 

ഡല്‍ഹി പോലീസിന്റെ അധികസേനയേയും അര്‍ധസൈനികവിഭാഗത്തിലെ ഉദ്യോഗസ്ഥരേയും പുറത്ത് വിന്യസിച്ചിട്ടുണ്ട്. കൃത്യമായ പരിശോധന നടത്താതെ ഒരാളെപ്പോലും അകത്തേക്ക് കടത്തിവിടുന്നില്ല. മാധ്യമപ്രവര്‍ത്തര്‍ക്കുപോലും പ്രവേശനം അനുവദിച്ചിട്ടില്ല. റാണയെ എത്തിക്കുന്നതിനുമുമ്പ് തന്നെ മാധ്യമപ്രവര്‍ത്തരെ അവിടെനിന്ന് നീക്കിയിരുന്നു. 

പാകിസ്താന്‍ വംശജനായ റാണയ്ക്ക് ഇപ്പോള്‍ 64 വയസ്സാണ് പ്രായം. കനേഡിയന്‍ പൗരത്വം സ്വീകരിച്ച റാണ യുഎസ് തടങ്കലിലായിരുന്നു. കൃത്യമായ നയതന്ത്ര ഇടപെടലിലൂടെയാണ് റാണയെ ഇന്ത്യയ്ക്ക് കൈമാറിയത്. പട്യാല ഹൗസിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ ശേഷം 18 ദിവസത്തെ എന്‍ഐഎ കസ്റ്റഡി സ്‌പെഷ്യല്‍ ബെഞ്ച് അനുവദിച്ചു.  ഡല്‍ഹി ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിയമസഹായം റാണയ്ക്ക് ലഭിക്കുമെന്ന് ജഡ്ജി അറിയിച്ചു. അഭിഭാഷകനായ പിയൂഷ് സച്‌ദേവയെ റാണയുടെ സഹായത്തിനായി നിയോഗിക്കുകയും ചെയ്തു. 

വെള്ളിയാഴ്ച മുതല്‍ റാണയെ ചോദ്യം ചെയ്യും. രണ്ട് ക്യാമറകള്‍ സജ്ജമാക്കിയാണ് റാണയുടെ ചോദ്യം ചെയ്യല്‍. എട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ റാണയെ ചോദ്യം ചെയ്യാനുള്ള അനുമതി തേടിയിട്ടുണ്ടെന്നാണ് വിവരം.