പ്രതീകാത്മകചിത്രം| Photo: PTI
ന്യൂഡല്‍ഹി: ജനുവരി 16 മുതല്‍ ജൂണ്‍ ഏഴുവരെയുള്ള കാലയളവില്‍ കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചതിനെ തുടര്‍ന്ന് 26,000-ല്‍ അധികം പ്രതികൂലസംഭവങ്ങള്‍ അഥവാ അഡ്വേഴ്സ് ഇവന്റ്സ് ഫോളോവിങ് ഇമ്യുണൈസേഷന്‍(എ.ഇ.എഫ്.ഐ.) രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി സര്‍ക്കാര്‍ കണക്കുകള്‍. 2021 ജനുവരി 16 മുതലാണ് രാജ്യത്ത് കോവിഡ് വാക്സിനേഷന് ആരംഭിച്ചത്. വാക്സിന് സ്വീകരിച്ചതിനു പിന്നാലെയുണ്ടായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് 488 മരണവും ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നുവെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
ജനുവരി 16 മുതല്‍ ജൂണ്‍ ഏഴുവരെയുള്ള കാലയളവില്‍ 23.5 കോടി ഡോസ് വാക്സിനുകളാണ് വിതരണം ചെയ്തത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാകട്ടെ 26,200 എ.ഇ.എഫ്.ഐ. കേസുകള്‍. ശതമാനക്കണക്കില്‍ നോക്കിയാല്‍ 0.01% പ്രതികൂല സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, വാക്സിനേഷന് ആരംഭിച്ച 143 ദിവസത്തിനിടെ, ഓരോദിവസവും വാക്സിന് സ്വീകരിച്ച പതിനായിരത്തില്‍ ഒരാള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാക്സിന് സ്വീകരിച്ച 10 ലക്ഷത്തില്‍ രണ്ടുപേര്‍ക്ക് വീതം ജീവനും നഷ്ടമായി.
വാക്സിനേഷനു ശേഷമുള്ള എ.ഇ.എഫ്.ഐ. കേസുകള്‍ അപ്രതീക്ഷിതമായ സംഭവങ്ങളാണെന്നും വാക്സിന് സ്വീകരിച്ചതുമായി അതിന് ബന്ധമുണ്ടാകണമെന്ന് നിര്‍ബന്ധമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ആകെ വാക്സിനേഷനും എ.ഇ.എഫ്.ഇ. കേസുകളും തമ്മിലുള്ള അനുപാതം കോവിഷീല്‍ഡിനും കൊവാക്സിനും 0.01 ശതമാനമാണെന്നും രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. കോവിഷീല്‍ഡുമായി ബന്ധപ്പെട്ട് 24,703 എ.ഇ.എഫ്.ഐ. കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതേസമയം കൊവാക്സിനുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള എ.ഇ.എഫ്.ഐ. കേസുകളുടെ എണ്ണം 1,497 ആണ്. 21 കോടി ഡോസ് കോവിഷീല്‍ഡ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. കൊവാക്സിന് ആകട്ടെ 2.5 ഡോസും.
എ.ഇ.എഫ്.ഐ. കേസുകളെ മൂന്നായി തരംതിരിക്കാം.
- പനി, വേദന, കുത്തിവെപ്പ് എടുത്തിടത്ത് നീര് അല്ലെങ്കില്‍ ബുദ്ധിമുട്ട് എന്നിവ ഉള്‍പ്പെട്ട സാധാരണവും ലഘുവുമായ എ.ഇ.എഫ്.ഐ. കേസുകള്‍.
- ഗുരുതരമായ എ.ഇ.എഫ്.ഐ. കേസുകള്‍: ഇത് ദീര്‍ഘകാല പ്രശ്നങ്ങളിലേക്ക് നയിക്കില്ലെങ്കിലും അവശതയ്ക്ക് കാരണമാകും. വേദനയും നീരുവെക്കല്‍, കുത്തിവെപ്പ് എടുത്തതിന് സമീപത്തെ സന്ധിയും മറികടന്ന് വേദന വ്യാപിക്കല്‍, അതിതീവ്ര പനി എന്നിവയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.
- ആപത്കരമായ എ.ഇ.എഫ്.ഐ. കേസുകള്‍: ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വരികയോ മരണമോ അംഗവൈകല്യമോ സംഭവിച്ചേക്കാവുന്നത്.
രണ്ടുശതമാനത്തിനടുത്ത്, അതായത് 412 എ.ഇ.എഫ്.ഐ. കേസുകള്‍ ഗുരുതരവും 3.39 ശതമാനം അതായത് 887 കേസുകള്‍ ആപത്കരമായവയും ആയിരുന്നു.
2318 പേരെ, അതായത് 8.85% പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്.
എ.ഇ.എഫ്.ഐ. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 4230 പേര് മറ്റ് ഗുരുതര അസുഖങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഉള്ളവരോ ആയിരുന്നു.
ഭൂരിഭാഗം എ.ഇ.എഫ്.ഐ. കേസുകളിലും പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 45% അതായത് 11,859 പേര്‍ക്കാണ് കുത്തിവെപ്പിന് പിന്നാലെ പനി വന്നത്.
വാക്സിനേഷന് പിന്നാലെ മരണം സംഭവിച്ചത്
ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 26,200 കേസുകളില്‍ 488 പേരാണ് മരിച്ചത്. അതായത് രണ്ടുശതമാനം പേര്. മരിച്ചവരില്‍ 301 പേര് പുരുഷന്മാരും 178 പേര് സ്ത്രീകളുമാണ്. ബാക്കിയുള്ള ഒന്‍പതു പേര് ഏത് ലിംഗത്തില്പ്പെട്ടവരാണെന്ന് വ്യക്തമാക്കിയിട്ടില്ല. 457 പേര്‍ക്ക് കോവിഷീൽഡും 20 പേര്‍ക്ക് കൊവാക്സിനുമാണ് നല്‍കിയിരുന്നത്. ബാക്കിയുള്ളവരുടെ കാര്യം വ്യക്തമല്ല.
മരിച്ച 488 പേരില്‍ 207 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ 21 വയസ്സുകാരനായ ജമ്മു കശ്മീര്‍ സ്വദേശിയാണ്. ഏറ്റവും പ്രായം കൂടിയ ആള് കര്‍ണാടകയിലെ കോലാര്‍ സ്വദേശിയായ 97-കാരനും. മരിച്ചവരില്‍ ചുരുങ്ങിയത് 39 വയസ്സിനു താഴെ പ്രായമുള്ള 27 പേരുണ്ടെന്നാണ് രേഖകള്‍ പറയുന്നത്. 29 വയസ്സിനു താഴെ പ്രായമുള്ള 10 പേരെങ്കിലും ഉണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സ്ത്രീകളിലാണ് എ.ഇ.എഫ്.ഐ. കേസുകള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്- 15,909 പേരില്‍. 10,287 പുരുഷന്മാരിലും എ.ഇ.എഫ്.ഐ. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ എ.ഇ.എഫ്.ഐ. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മഹാരാഷ്ട്രയില്‍നിന്നാണ്. 4,521 എ.ഇ.എഫ്.ഐ. കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേരളമാണ് രണ്ടാംസ്ഥാനത്ത്. 4,074 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കര്‍ണാടക(2,650), പശ്ചിമ ബംഗാള്‍(1,456) തുടങ്ങിയവയാണ് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍.
കടപ്പാട്: www.news18.com
content highlights: 26,000 aifi cases and 488 death after covid vaccination in india
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..