ന്യൂഡൽഹി: കേരളത്തിൽ നിലവിൽ 20,000 കോടി രൂപയിലധികം വിലമതിക്കുന്ന പദ്ധതികൾ നടപ്പിലാക്കിവരികയാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മംഗളൂരുവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിനായി കേരളത്തിലെ എംപിമാരെ കണ്ട ശേഷമായിരുന്നു റെയിൽവേ മന്ത്രിയുടെ പ്രതികരണം.

To advertise here,

പാലക്കാട് ഡിവിഷനിൽനിന്ന് വേർപ്പെടുത്തി മംഗളൂരുവിനെ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ഭാഗമാക്കാനുള്ള തീരുമാനം പിൻവലിക്കില്ലെന്ന സൂചനയും മന്ത്രി നൽകി. മംഗളൂരു റെയിൽവേ മേഖലയെ മൂന്ന് വ്യത്യസ്ത സോണുകളായി തിരിച്ചിരുന്നത് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ഭാഗമാക്കിയത് ഈ പ്രശ്നം പരിഹരിക്കുമെന്നും എംപിമാരുമായി നടത്തിയ ചർച്ചയ്ക്കുശേഷം റെയിൽവേ മന്ത്രി എക്സിൽ കുറിച്ചു.

കേരളത്തിന്റെ റെയിൽവേ വികസനത്തെക്കുറിച്ച് എം.പിമാരുമായും മുഖ്യമന്ത്രി വി.ഡി. സതീശനുമായും പ്രത്യേകമായും ചർച്ച നടത്തിയതായി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. സംസ്ഥാനത്തുടനീളം റെയിൽവേ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും സുഗമവുമാക്കുന്നതിനായി ഒമ്പത് മൾട്ടി-ട്രാക്കിങ്, പുതിയ പാതകൾ, 145 മേൽപ്പാലങ്ങളും അടിപ്പാതകളും, 19 സ്റ്റേഷൻ നവീകരണ പദ്ധതികൾ എന്നിവ നടപ്പിലാക്കിവരികയാണെന്ന് റെയിൽവേ മന്ത്രി അറിയിച്ചു.

കേരളത്തിൽ ഭൂമി ഏറ്റെടുക്കൽ ഇപ്പോഴും ഒരു പ്രധാന തടസ്സമായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ ആകെ 618 ഹെക്ടറിൽ 78 ഹെക്ടർ (13 ശതമാനം) മാത്രമാണ് ഇതുവരെ ഏറ്റെടുത്തിട്ടുള്ളത്. ബാക്കി 540 ഹെക്ടർ (87 ശതമാനം) ഭൂമി കൂടി ഏറ്റെടുക്കാനുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിനായി റെയിൽവേ ഇതിനോടകം 1,976 കോടി രൂപ കേരള സർക്കാരിന് കൈമാറിയിട്ടുണ്ട്. 111 കിലോമീറ്റർ അങ്കമാലി-ശബരിമല പുതിയ ലൈൻ, എറണാകുളം-കുമ്പളം പാത ഇരട്ടിപ്പിക്കൽ, കുമ്പളം-തുറവൂർ പാത ഇരട്ടിപ്പിക്കൽ, ഷൊർണൂർ-വള്ളത്തോൾ ഇരട്ടിപ്പിക്കൽ തുടങ്ങിയ പദ്ധതികൾ ഭൂമിയേറ്റെടുക്കൽ പ്രശ്നങ്ങൾ കാരണം വൈകുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ യാത്രാശേഷി വർധിപ്പിക്കുന്നതിനായി, ആറ് സെക്ഷനുകളിലായി 800 കിലോമീറ്ററിലധികം ദൂരത്തിൽ മൂന്നും നാലും പാതകൾ ഒരുക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ടുകൾ തയ്യാറാക്കുന്നതും ഭാവി വികസന പദ്ധതികളിൽ ഉൾപ്പെടുന്നു. ഷൊർണൂർ-കോയമ്പത്തൂർ (99 കി.മീ), മംഗളൂരു-ഷൊർണൂർ (307 കി.മീ), ഷൊർണൂർ-എറണാകുളം (106 കി.മീ), എറണാകുളം-കായംകുളം (115 കി.മീ), കായംകുളം-തിരുവനന്തപുരം (105 കി.മീ), തിരുവനന്തപുരം-നാഗർകോവിൽ (71 കി.മീ) എന്നിവയാണ് ഈ സെക്ഷനുകൾ.

ഇതിനുപുറമെ, 144 കോടി രൂപയുടെ 38 കിലോമീറ്റർ തിരുനാവായ-ഗുരുവായൂർ പുതിയ ലൈൻ, 4,509 കോടി രൂപയുടെ 87 കിലോമീറ്റർ തിരുവനന്തപുരം-കന്യാകുമാരി ഇരട്ടിപ്പിക്കൽ, 434 കോടി രൂപയുടെ 21 കിലോമീറ്റർ തുറവൂർ-മാരാരിക്കുളം ഇരട്ടിപ്പിക്കൽ, 313 കോടി രൂപയുടെ 12 കിലോമീറ്റർ ആലപ്പുഴ-അമ്പലപ്പുഴ ഇരട്ടിപ്പിക്കൽ, 221 കോടി രൂപയുടെ 11 കിലോമീറ്റർ മാരാരിക്കുളം-ആലപ്പുഴ പാത ഇരട്ടിപ്പിക്കൽ എന്നിവയും ഈ പട്ടികയിലുണ്ടെന്നും റെയിൽവേ മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ റെയിൽവേ ശൃംഖല ഇതിനോടകം തന്നെ ഗണ്യമായ വിപുലീകരണത്തിന് വിധേയമായിട്ടുണ്ടെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. കഴിഞ്ഞ 12 വർഷത്തിനിടയിൽ സംസ്ഥാനം 100 ശതമാനം റെയിൽവേ വൈദ്യുതീകരണം കൈവരിക്കുകയും, ഇരട്ടിപ്പിക്കലും ഗേജ് മാറ്റ പദ്ധതികളും പൂർത്തീകരിക്കുകയും ചെയ്തു. 131 ഫ്‌ളൈഓവറുകളും അണ്ടർപാസുകളും നിർമിക്കുകയും, അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ കീഴിൽ 16 സ്റ്റേഷനുകൾ പുനർവികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

145 റോഡ് മേൽപ്പാലങ്ങളുടെയും അടിപ്പാതകളുടെയും നിർമാണം 4,786 കോടി രൂപ ചെലവിൽ പുരോഗമിക്കുന്നുണ്ട്. ഇതിൽ 52 പദ്ധതികൾ വൈകുന്നു. 34 എണ്ണം ഭൂമി ഏറ്റെടുക്കലിലെ കാലതാമസം മൂലവും, 13 എണ്ണം അലൈൻമെന്റ് അന്തിമമാക്കാത്തത് മൂലവും, 5 എണ്ണം ഏജൻസിയെ ചുമതലപ്പെടുത്താത്തത് മൂലവുമാണ് വൈകുന്നതെന്നും മന്ത്രി അറിയിച്ചു.

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി 3,111 കോടി രൂപ ചെലവിൽ സംസ്ഥാനത്തെ 35 സ്റ്റേഷനുകളുടെ പുനർവികസനം നടക്കുകയാണ്. ഇതിൽ കാലടി (അങ്കമാലി), ചാലക്കുടി, ചങ്ങനാശ്ശേരി, ചിറയിൻകീഴ്, ഫറോക്ക്, ഗുരുവായൂർ, കുറ്റിപ്പുറം, മാവേലിക്കര, നിലമ്പൂർ റോഡ്, പരപ്പനങ്ങാടി, ഷൊർണൂർ, തലശ്ശേരി, തിരൂർ, തൃപ്പൂണിത്തുറ, വടകര, വടക്കാഞ്ചേരി തുടങ്ങിയ 16 സ്റ്റേഷനുകളുടെ നിർമാണം പൂർത്തിയായെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു.