
ബംഗളൂരു: സർക്കാർ ഉദ്യോഗസ്ഥർ ജോലി കൃത്യസമയത്ത് ചെയ്തുനൽകിയാൽ അവർക്ക് സ്വന്തം ഇഷ്ടപ്രകാരം 'ടിപ്പോ' 'പാരിതോഷികമോ' നൽകുന്നതിൽ തെറ്റില്ലെന്ന കർണാടക മന്ത്രി കെ.എം. ശിവലിംഗ ഗൗഡയുടെ പ്രസ്താവന വിവാദത്തിൽ. ഉദ്യോഗസ്ഥർ ജോലി ചെയ്യുകയാണെങ്കിൽ കൈക്കൂലി നൽകുന്നത് ന്യായമാണെന്ന് കോൺഗ്രസ് നേതാവായ മന്ത്രി പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
ഹാസൻ ജില്ലയിൽ നടന്ന ജനസമ്പർക്ക പരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ ഈ പരാമർശം. ജനങ്ങൾ എന്തിനാണ് ഉദ്യോഗസ്ഥർക്ക് 'ടിപ്പ്' നൽകുന്നതെന്നും, ഇത് കൈക്കൂലിയെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമല്ലേ എന്നും സദസ്സിലുണ്ടായിരുന്ന ഒരാൾ ചോദ്യമുന്നയിച്ചു. മന്ത്രിയുടെ വാദത്തെ ചോദ്യം ചെയ്ത് ചടങ്ങിലുണ്ടായിരുന്നവർ രംഗത്തെത്തിയതോടെ അവിടെ വലിയ തർക്കമുണ്ടായി.
കൂടുതൽ ആളുകൾ എതിർപ്പുമായി രംഗത്തെത്തുകയും അന്തരീക്ഷം സംഘർഷഭരിതമാവുകയും ചെയ്തതോടെ മന്ത്രി താൻ പറഞ്ഞതിനെ ന്യായീകരിക്കാനും വിശദീകരിക്കാനും ശ്രമിച്ചു. ഉദ്യോഗസ്ഥർ നിർബന്ധപൂർവം പണം പിരിക്കരുതെന്നും സത്യസന്ധമായി ജോലി ചെയ്യുന്നവരെ ആദരിക്കണമെന്നുമാണ് താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. താൻ കൈക്കൂലിയെ പ്രോത്സാഹിപ്പിക്കുകയല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
മന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷമായ ബി.ജെ.പി രംഗത്തെത്തിയതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. ഗൗഡയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട്, കൈക്കൂലി വാങ്ങുന്ന കോൺഗ്രസ് സർക്കാരിന്റെ യഥാർത്ഥ സ്വഭാവമാണ് ശിവലിംഗ ഗൗഡയുടെ വാക്കുകളിലൂടെ പുറത്തുവന്നതെന്ന് ബി.ജെ.പി ആരോപിച്ചു. വിവാദം കനത്തതോടെ പ്രസ്താവനയിൽ കൂടുതൽ വിശദീകരണവുമായി ശിവലിംഗ ഗൗഡ രംഗത്തെത്തി.
Content Highlights: Karnataka minister K.M. Sivalingegowda has sparked a major political controversy after publicly stating that giving tips or rewards to government officials for completing work on time is acceptable.
Published: 21 Sept 2026, 02:04 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented