കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങിലുണ്ടായ കനത്തമഴയിലും മണ്ണിടിച്ചിലിലും മരണസംഖ്യ 23 ആയി ഉയര്‍ന്നു. കഴിഞ്ഞദിവസങ്ങളില്‍ പെയ്ത മഴയില്‍ മിരിക്, സുഖിയ പോഖ്‌റി എന്നീവിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. പോലീസും പ്രാദേശിക ഭരണകൂടവും രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് ഡാര്‍ജിലിങ് സന്ദര്‍ശിച്ചേക്കുമെന്നാണ് സൂചന.

To advertise here,

ഡാര്‍ജിലിങ്ങിലെ മണ്ണിടിച്ചിലില്‍ അനേകമാളുകളുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ താന്‍ അങ്ങേയറ്റം ദുഖിതനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ബാധിക്കപ്പെട്ടവര്‍ക്ക് വേണ്ട എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

മണ്ണിടിച്ചിലിനെത്തുടര്‍ന്ന് പലയിടങ്ങളിലേക്കുമുള്ള റോഡ് ഗതാഗതവും തടസ്സം നേരിട്ടു. ബംഗാള്‍, സിക്കിം എന്നിവയെ ബന്ധിപ്പിക്കുന്ന റോഡുകളും ഡാര്‍ജിലിങ്, സിലിഗുഡി എന്നിവയെ ബന്ധിപ്പിക്കുന്ന റോഡുകളുമാണ് നാശം നേരിട്ടത്. മണ്ണിടിച്ചിലില്‍ പല പ്രദേശങ്ങളിലും വിനോദസഞ്ചാരികള്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

കൂടുതല്‍ വിപത്തുകള്‍ തടയുന്നതിനായി ഡാര്‍ജിലിങ്ങിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ടൈഗര്‍ ഹില്‍, റോക്ക് ഗാര്‍ഡന്‍ എന്നിവയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടതിനൊപ്പം ടോയ് ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തലാക്കിയിട്ടുണ്ട്. വടക്കന്‍ ബംഗാളിന്റെ മറ്റ് പലപ്രദേശങ്ങളെയും കനത്തമഴ ബാധിച്ചു. പലയിടങ്ങളിലും കനത്തമഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.

വരുംദിവസങ്ങളില്‍ പെയ്യുന്ന കനത്തമഴയില്‍ വടക്കന്‍ ബംഗാളില്‍ മിന്നല്‍പ്രളയസാധ്യതയ്ക്കുള്ള മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. പ്രദേശവാസികളോടും വിനോദസഞ്ചാരികളോടും ജാഗ്രത പാലിക്കാന്‍ അധികൃതര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്തമഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ ഡാര്‍ജിലിങ് എംപി രാജു ബിസ്ത ആശങ്ക പ്രകടിപ്പിച്ചു. താന്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ബന്ധപ്പെട്ട അധികൃതരുമായി ബന്ധപ്പെട്ട് വരികയും ചെയ്യുകയാണ് അദ്ദേഹം അറിയിച്ചു.