ജയ്പുർ: രാജസ്ഥാനിലെ നഗൗർ ജില്ലയിലുള്ള മുണ്ട്വ നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് അപ്രതീക്ഷിത തിരിച്ചടി. ആകെയുള്ള 25 കൗൺസിലർമാരിൽ 10 പേരുടെ പിന്തുണയോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ബി.ജെ.പി.ക്ക് അധ്യക്ഷ സ്ഥാനം നേടാനായില്ലെന്ന് മാത്രമല്ല, പാർട്ടി ഔദ്യോഗിക സ്ഥാനാർഥിക്ക് ഒരു വോട്ട് പോലും ലഭിച്ചതുമില്ല.

To advertise here,

കോൺഗ്രസ് പിന്തുണയോടെ മത്സരരംഗത്തിറങ്ങിയ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി (ആർ.എൽ.പി.) സ്ഥാനാർഥി അൽക്ക ദേവി കാണ്ഡോയ് 13 വോട്ടുകൾ നേടി വിജയിച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ബിജെപി വിമതൻ ഘൻശ്യാം സദാവത് രണ്ടാമത് എത്തി. സദാവതിന് 12 വോട്ടുകളാണ് ലഭിച്ചത്. അതേസമയം ബി.ജെ.പി.യുടെ ഔദ്യോഗിക സ്ഥാനാർഥിയായ ഗീത ദേവിക്ക് പൂജ്യം വോട്ടാണ് ലഭിച്ചത്.

നേരത്തെ ബി.ജെ.പി. ടിക്കറ്റിൽ മത്സരിച്ച് കൗൺസിലറായി വിജയിച്ച വ്യക്തിയാണ് ഘൻശ്യാം സദാവത്. രാജസ്ഥാൻ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജ്യോതി മിർധയുടെ വ്യക്തിഗത ഉപദേശകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. എന്നാൽ നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് ബി.ജെ.പി. ഗീത ദേവിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ സദാവതിന് ടിക്കറ്റ് ലഭിച്ചില്ല. തുടർന്ന് അദ്ദേഹം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരരംഗത്ത് ഇറങ്ങുകയായിരുന്നു.

25 അംഗ മുനിസിപ്പാലിറ്റിയിൽ ബി.ജെ.പി 10 വാർഡുകളിലും ആർ.എൽ.പി ഏഴിലും കോൺഗ്രസ് മൂന്നിലും സ്വതന്ത്രർ അഞ്ചിലും വിജയിച്ചു. എന്നാൽ ബി.ജെ.പിയുടെ ജയിച്ച 10 കൗൺസിലർമാരിൽ ഒരാൾ പോലും പാർട്ടി ഔദ്യോഗികമായി നിർത്തിയ ചെയർമാൻ സ്ഥാനാർഥിക്ക് വോട്ട് ചെയ്തില്ല.13 വോട്ടുകൾ നേടിയ അൽക്ക ദേവി നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.