ഹൈദരാബാദ്: ശമ്പളം കൊടുക്കുന്നത് പോലും ബുദ്ധിമുട്ടിയാണെന്ന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ തുറന്ന് പറച്ചിലിന് പിന്നാലെ തെലങ്കാനയില്‍ സര്‍ക്കാരും പ്രതിപക്ഷവും നേര്‍ക്കുനേര്‍. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയാണെന്ന് പറയുന്ന സര്‍ക്കാര്‍ മിസ് വേള്‍ഡ് മത്സരത്തിനും ഫോര്‍മുല-ഇ കാറോട്ട മത്സരത്തിനും കോടികള്‍ അനുവദിച്ചതിനെ പ്രതിപക്ഷ പാര്‍ട്ടിയായ ഭാരതീയ രാഷ്ട്ര സമിതി (ബിആര്‍എസ്) രൂക്ഷമായി വിമര്‍ശിച്ചു. 

To advertise here,

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ രേവന്ത് റെഡ്ഡി സര്‍ക്കാര്‍ മിസ് വേള്‍ഡ് മത്സരത്തിനായി 200 കോടി രൂപയും ഹൈദരാബാദില്‍ നടക്കുന്ന ഫോര്‍മുല-ഇ കാറോട്ട മത്സരത്തിനായി 46 കോടി രൂപയും അനുവദിച്ചുവെന്ന് മുതിര്‍ന്ന ബിആര്‍എസ് നേതാവ് കെ.ടി.ആര്‍. ആരോപിച്ചു. 71,000 കോടി രൂപയാണ് കമ്മി. ശമ്പളം കൊടുക്കാനും അടിസ്ഥാന ചിലവുകള്‍ക്കും പാടുപെടുന്ന സമയത്താണ് മിസ് വേള്‍ഡ് മത്സരത്തിനും കാറോട്ട മത്സരത്തിനും സര്‍ക്കാര്‍ കോടികള്‍ ചിലവിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

'തെലങ്കാനയില്‍ എല്ലാം ശരിയാണെന്ന് നമ്മള്‍ വിശ്വസിക്കണമെന്നാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആഗ്രഹം. സംസ്ഥാനത്തേക്ക് ഒട്ടേറെ നിക്ഷേപങ്ങള്‍ ശരവേഗത്തില്‍ വരുന്നുവെന്നാണ് അവര്‍ അവകാശപ്പെടുന്നത്. കാര്‍ഷിക മേഖല വളരുന്നു, വന്‍തോതില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു, മുഖ്യമന്ത്രി ദിവസം 18 മണിക്കൂര്‍ ജോലി ചെയ്യുന്നു എന്നെല്ലാമാണ് അവര്‍ പറയുന്നത്.' -കെ.ടി.ആര്‍. പറഞ്ഞു. 

പൊതുജനങ്ങളുടെ പണം സൗന്ദര്യ മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന വികലമായ യുക്തി വിശദീകരിക്കാന്‍ അദ്ദേഹം രാഹുല്‍ ഗാന്ധിയോട് സാമൂഹിക മാധ്യമമായ എക്‌സിലൂടെ നേരത്തേ ആവശ്യപ്പെട്ടിരുന്നു. നിയമസഭയിലും വലിയ പ്രതിഷേധമാണ് സര്‍ക്കാരിനെതിരെ ബിആര്‍എസ് നടത്തിയത്. ഉണങ്ങിയ വിളകള്‍ കയ്യിലേന്തിയ പ്രതിപക്ഷ എംഎല്‍എമാര്‍, കോണ്‍ഗ്രസ് ഉണ്ടാക്കിയ വരള്‍ച്ചയാണ് ഇപ്പോഴുണ്ടായതെന്ന് ആരോപിച്ചു. മിസ് വേള്‍ഡ് മത്സരത്തിനായി അനുവദിച്ച തുക കര്‍ഷകരെ സഹായിക്കാനായി വകമാറ്റണമെന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രംഗത്തെത്തി. മുന്‍ മുഖ്യമന്ത്രിയായ ബിആര്‍എസ് നേതാവ് കെ. ചന്ദ്രശേഖര്‍ റാവുവാണ് തെലങ്കാനയുടെ നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. തെലങ്കാനയെ പാപ്പരാക്കിയെന്ന് രേവന്ത് റെഡ്ഡി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ വലിയ പൊതുകടമാണ് ബിആര്‍എസ് ബാക്കിവെച്ചത്. അതിന്റെ പലിശയായി മാസം 1.53 ലക്ഷം കോടിയാണ് അടയ്ക്കുന്നതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. 

'മുന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ കടത്തിന്റെ പലിശയായി മാസം 1.53 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ അടയ്ക്കുന്നത്. ഇത്ര വലിയ തുക കയ്യില്‍ വെക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സര്‍ക്കാരിന് എല്ലാവര്‍ക്കും വീട് നിര്‍മ്മിച്ച് നല്‍കുകയും കര്‍ഷകരുടെ വായ്പ്പകള്‍ എഴുതിത്തള്ളുകയും ചെയ്യാമായിരുന്നു.' -രേവന്ത് റെഡ്ഡി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.