ഭോപാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയ ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്ക് പിന്നാലെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ 200 ലധികം ആളുകള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതായി റിപ്പോര്‍ട്ട്‌. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഗ്വാളിയാര്‍, ചമ്പല്‍ മേഖലയിലെ 200 ലധികം പ്രവര്‍ത്തകര്‍ രാജിവെച്ചത്.

ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്ക് പിന്നാലെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്. നിലവില്‍ 88 എംഎല്‍എമാര്‍ മാത്രമാണ് കോണ്‍ഗ്രസിലുള്ളത്. ഇവരെ ഇവരെ ജയ്പുരിലേക്ക് മാറ്റി. എന്നാല്‍, നിലവില്‍ 95 പേരുടെ പിന്തുണയുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

ചൊവ്വാഴ്ച ജ്യോതിരാദിത്യ രാജിവെച്ചതോടെ 22 എംഎല്‍എമാര്‍ നേരത്തെ രാജി സമര്‍പ്പിച്ചിരുന്നു. അവരെ ബെംഗളൂരുവിലേക്കും മാറ്റിയിരിക്കുയയാണ്. രാജിവെച്ച കോണ്‍ഗ്രസ് അംഗങ്ങളെ തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഇതിനായി രണ്ട് മുതിര്‍ന്ന നേതാക്കളെ ബെംഗളൂരുവിലേക്ക് അയക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. വിമത എംഎല്‍എമാരുമായി ചര്‍ച്ച നടത്തി തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ്.

അതേസമയം, ബിജെപിയുടെ 107 എഎല്‍എമാരെ ചൊവ്വാഴ്ച രാത്രിയില്‍ ഗുരുഗ്രാമിലേക്ക് മാറ്റി. അവിടെ ശിവരാജ് സിങ്ങ് ചൗഹാന്‍, കൈലാഷ് അടക്കമുള്ള നേതാക്കള്‍ എംഎല്‍എമാര്‍ക്കൊപ്പമുണ്ട്.

കമല്‍നാഥ് സര്‍ക്കാറിന് ഭൂരിപക്ഷമില്ലെന്ന കാണിച്ച് ഗവര്‍ണര്‍ക്ക് കത്ത് കൈമാറാനിരിക്കുകയാണ് ബിജെപി. എന്നാല്‍ ഗവര്‍ണറുടെ അഭാവത്തില്‍ ബിജെപിയുടെ ലക്ഷ്യം സാധിച്ചിട്ടില്ല. ജ്യോതി രാദിത്യ ബിജെപിയിലേക്ക് ചേരുന്നതോടെ മറ്റുള്ളവരും ബിജെപിയില്‍ ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Content Highlights: 200 congress leaders resigned over the  jyothirathiya's resignation