മുംബൈ: അറബിക്കടലിൽ ലക്ഷദ്വീപ് തീരത്തിനു സമീപം തീരസംരക്ഷണ സേനയും ഗുജറാത്ത് എ.ടി.എസും ചേർന്നു നടത്തിയ നീക്കത്തിൽ ഇറാൻ ബോട്ടിൽ കടത്തുകയായിരുന്ന 3,000 കോടിയിലധികം രൂപയുടെ 526 കിലോഗ്രാം മെത്താംഫെറ്റാമിനും ഹെറോയിനും പിടിച്ചെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബോട്ട് തമിഴ്നാട്ടിലെത്തിച്ച് ലഹരി വസ്തുക്കൾ അവിടെ ഇറക്കി, പഞ്ചാബിലെത്തിക്കുകയായിരുന്നു ലക്ഷ്യമെന്ന് ദ പയനിയർ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ അഞ്ച് പാകിസ്താനികളെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ ചോദ്യംചെയ്തുവരികയാണ്.
രണ്ടാഴ്ച നീണ്ടുനിന്ന ഓപ്പറേഷനൊടുവിലാണ് സുരക്ഷാസേന വൻ ലഹരിവേട്ട നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉൾക്കടലിൽ നടത്തിയ പരിശോധനയിലാണ് ബോട്ട് പിടികൂടിയത്. ബോട്ടിന്റെ അടിത്തട്ടിലെ പ്രത്യേക അറയിൽ ചാക്കുകളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ലഹരിവസ്തുക്കൾ. ബോട്ടിലുണ്ടായിരുന്ന പാകിസ്താൻ പെഷവാർ സ്വദേശികളായ മുഹമ്മദ് യാക്കൂബ് ബലോച്ചി, ഷാക്കിറുള്ള, ഫരീദുള്ള, അഹമ്മദ് ഖാൻ, വാഹിദുള്ള ഖാൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇവരായിരുന്നു ബോട്ട് പ്രവർത്തിപ്പിച്ചിരുന്നതെന്നാണ് റിപ്പോർട്ട്.
ഗുജറാത്ത് തീരത്ത് കടുത്ത നിരീക്ഷണം നിലനിൽക്കുന്നതിനാൽ തമിഴ്‌നാട് വഴി പഞ്ചാബിലേക്ക് ലഹരി കടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ഉപകരണവും ബോട്ടിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഹവാല വഴി പണം നേരത്തെതന്നെ കൈമാറിയതയാണ് വിവരം. ഗുജറാത്ത് തീരപ്രദേശം ഒഴിവാക്കിയായിരുന്നു ഇവരുടെ യാത്ര. ബോട്ടുകൾ മാറി മാറിക്കയറി യാത്രചെയ്യുകയായിരുന്നു സംഘത്തിന്റെ രീതി.
25-ന് വൈകുന്നേരമാണ് 'ആസാദ്' എന്ന ബോട്ട് ഇന്ത്യൻ ഏജൻസികൾ ലക്ഷദ്വീപിന് വടക്കുപടിഞ്ഞാറ് 160 നോട്ടിക്കൽ മൈൽ അകലെവെച്ച് തടഞ്ഞത്. പിടിച്ചെടുത്ത ബോട്ടും മയക്കുമരുന്നു ശേഖരവും പ്രതികളെയും മുംബൈ തുറമുഖത്തെത്തിച്ചു. ഇറാനിൽനിന്ന് കടൽമാർഗം ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷനെന്ന് ഗുജറാത്ത് ആന്റി-ടെററിസ്റ്റ് സ്ക്വാഡ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് സുനിൽ ജോഷി പറഞ്ഞു.
ഇറാനിലെ കൊണാർക് തുറമുഖത്തിന് സമീപത്തുനിന്നാണ് ബോട്ട് യാത്ര തിരിച്ചത്. പാകിസ്താനിലെ ഗ്വാദറിന് സമീപത്തുകൂടി കടന്നുപോകുമ്പോൾ മറ്റൊരു ബോട്ടിലെത്തിയ കടത്തുകാർ ലഹരിവസ്തുക്കൾ ഇറാനിയൻ ബോട്ടിലേക്കു മാറ്റിയെന്നും കണ്ടെത്തി.
തമിഴ്‌നാട്ടിൽനിന്നുള്ള മറ്റൊരു ബോട്ടിലേക്ക് നടുക്കടലിൽവെച്ച് ചരക്ക് കൈമാറാനായിരുന്നു നീക്കം. തമിഴ്‌നാട്ടിൽനിന്ന് ഇത് പഞ്ചാബിലെത്തിച്ച് നൈജീരിയൻ ഇടനിലക്കാരന് കൈമാറാനായിരുന്നു പദ്ധതി. ഹാജി സലിം നടത്തുന്ന അന്താരാഷ്ട്ര കടത്തു ശൃംഖലയുമായി സംഘത്തിന് ബന്ധമുണ്ടെന്നു സംശയിക്കുന്നു. വിവിധ എജൻസികളുടെ ഏകോപനത്തിന്റെയും സഹകരണത്തിന്റെയും വിജയമാണ് ഈ ലഹരിവേട്ടയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
Content Highlights: Over 526 kg of methamphetamine and heroin worth Rs 3,000+ crore seized., Joint operation by Indian Coast Guard and Gujarat ATS near Lakshadweep., Five Pakistani nationals arrested from the 'Azad' boat., Drugs were destined for Punjab via Tamil Nadu, connected to international smuggler Haji Salim.
Published: 01 Oct 2026, 09:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented