ന്യൂഡൽഹി: ലോകാരോഗ്യസംഘടനാ അധ്യക്ഷൻ ടെഡ്രോസ് അഥാനോം ഗെബ്രിയേസസിനെ 'തുളസി ഭായി' എന്ന് അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകാരോഗ്യസംഘടനയുടെ ജി-20 ആ​ഗോള ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയപ്പോഴായിരുന്നു സംഭവം. ​ആ​ഗസ്റ്റ് 17, 18 തീയതികളിൽ ​ഗുജറാത്തിൽ നടക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തിയത്.

To advertise here,

'എന്റെ സുഹൃത്ത് തുളസി ഭായി നവരാത്രി ആഘോഷങ്ങള്‍ക്ക് തയ്യാറായി എത്തിയിരിക്കുന്നു, അദ്ദേഹത്തിന് ഇന്ത്യയിലേക്ക് സ്വാഗതം', എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. തന്നെ സ്വാഗതംചെയ്തുകൊണ്ടുള്ള പരിപാടിയിൽ ചുവടുകൾ വെക്കുന്ന ടെഡ്രോസ് അഥാനോമിന്‍റെ ദൃശ്യം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ കുറിപ്പ്.

ലോകാരോഗ്യസംഘടനാ മേധാവിക്ക് ഒരു വർഷം മുൻപ് മോദി നൽകിയ പേരാണ് 'തുളസി ഭായി'. കഴിഞ്ഞ വർഷം നടന്ന ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ ഉച്ചകോടിയിൽ വെച്ചാണ് സംഭവം. തെദ്രോസ് തന്റെ നല്ല സുഹൃത്താണെന്ന് അന്ന് മോദി തന്‍റെ പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. 'ഇന്ത്യൻ അധ്യാപകർ നൽകിയ വിദ്യാഭ്യാസത്തിന്റെ ഫലമാണ് താൻ ഇന്നീ നിലയിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. താനൊരു പക്കാ ​ഗുജറാത്തിയാണെന്നും തനിക്കൊരു ഗുജറാത്തി പേര് വേണമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. അതുകൊണ്ട് ഞാൻ അദ്ദേഹത്തെ ​ഗുജറാത്തി നാമമായ തുളസി ഭായി എന്ന് വിളിക്കുന്നു', മോദി അന്ന് പറഞ്ഞു.

ജി-20 രാജ്യങ്ങളുടെ ആ​ഗോള ഉച്ചകോടിയിൽ കേന്ദ്രമന്ത്രിമാരായ മൻസുഖ് മാണ്ഡവ്യയുടെയും സർബാനന്ദ സോനോവാളും പങ്കെടുക്കുന്നുണ്ട്. ജി 20-യിലെ ആരോ​ഗ്യമന്ത്രിമാർ, ലോകാരോഗ്യ സംഘടനയുടെ റീജിയണൽ ഡയറക്ടർമാർ, ശാസ്ത്രജ്ഞർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരടക്കം നിരവധി പേർ പങ്കെടുക്കും.