ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളില്‍ സഹപാഠിയെ തല്ലാൻ കുട്ടികളോട് ആവശ്യപ്പെട്ട സംഭവത്തിൽ തനിക്ക് ലജ്ജയില്ലെന്ന് ആരോപണവിധേയയായ അധ്യാപിക തൃപ്ത ത്യാഗി. ഗ്രാമത്തിലെ എല്ലാവരും തന്റെയൊപ്പമാണെന്ന് അവര്‍ അവകാശപ്പെട്ടു. ഒരു അധ്യാപികയെന്ന നിലയിൽ താൻ ഗ്രാമത്തിലെ ജനങ്ങളെയെല്ലാം സേവിച്ചിട്ടുണ്ട്. രാജ്യത്ത് നിയമങ്ങളുണ്ട്. എന്നാൽ സ്‌കൂളുകളിലെ കുട്ടികളെ നിയന്ത്രിക്കേണ്ടതുണ്ട്. ഈ രീതിയിലാണ് അവരെ കൈകാര്യം ചെയ്യേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

To advertise here,

വിഷയത്തെ പെരുപ്പിച്ച് കാട്ടുകയാണെന്ന ആരോപണം നേരത്തെ ഇവർ ഉന്നയിച്ചിരുന്നു. പ്രചരിക്കുന്ന തരത്തിലുള്ള ഉദ്ദേശം തനിക്ക് ഇല്ലായിരുന്നു. തെറ്റ് മനസ്സിലാക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിലെ മുസാഫർനഗറിലെ കുബപ്പുർ ഗ്രാമത്തിലെ സ്‌കൂളിലായിരുന്നു വിഷയത്തിന് ആസ്പദമായ സംഭവം.  ഒരു മതവിഭാഗത്തിലെ കുട്ടിയെ തല്ലാൻ മറ്റുമതവിഭാഗത്തിലെ കുട്ടികളോട് അധ്യാപിക ആവശ്യപ്പെടുന്ന വീഡിയോ വെള്ളിയാഴ്ച പ്രചരിച്ചിരുന്നു. അടിയേറ്റ് കുട്ടി കരയുന്നതും വീഡിയോയിലുണ്ട്. 

അതേസമയം ഗൃഹപാഠം പൂർത്തിയാക്കാത്തതിനാലാണ് അധ്യാപിക ഇങ്ങനെ ചെയ്തതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം മുസ്ലീം കുട്ടികളുടെ അമ്മമാർ ശ്രദ്ധിക്കുന്നില്ലെന്ന് അധ്യാപിക ആരോപിച്ചതായി പോലീസ് പറഞ്ഞു. അവരുടെ വിദ്യാഭ്യാസം പൂർണമായും തകർക്കപ്പെട്ടിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ അധ്യാപികയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. തങ്ങൾ വിഷയം അന്വേഷിച്ചു. അവർക്കെതിരേ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.