ന്യൂഡല്‍ഹി: നാഷണല്‍ സ്റ്റോക്ക്  എക്‌സേഞ്ച് (എന്‍എസ്ഇ) ക്രമക്കേടുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച്ച അറസ്റ്റിലായ മുന്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ആനന്ദ് സുബ്രഹ്‌മണ്യനാണ് കേസിലെ 'ഹിമാലയന്‍ സന്യാസി' എന്ന് സിബിഐ. 

To advertise here,

ഹിമാലയത്തിലെ ഒരു 'സന്യാസി'യുടെ താത്പര്യപ്രകാരമാണ് എന്‍എസ്ഇ മുന്‍ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ചിത്ര രാമകൃഷ്ണന്‍ ക്രമക്കേട് നടത്തിയതെന്നു സിബിഐ കണ്ടെത്തിയിരുന്നു. ആനന്ദ് സുബ്രഹ്‌മണ്യനാണ് ചിത്രയുമായി ഇ-മെയില്‍ വഴി ആശയവിനിമയം നടത്തിയ സന്യാസിയെന്ന് സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വ്യാഴാഴ്ച്ച രാത്രി 11ന് ചെന്നൈയില്‍ നിന്നാണ് ആനന്ദിനെ സിബിഐ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലുമായി ആനന്ദ് സഹകരിച്ചില്ലെന്നും ഒഴിഞ്ഞുമാറുന്ന മറുപടിയാണ് നല്‍കിയതെന്നും സിബിഐ വ്യക്തമാക്കി. 

എന്‍എസ്ഇയെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഹിമാലയന്‍ സന്യാസിക്ക് ചിത്ര കൈമാറിയെന്ന് നേരത്തെ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) കണ്ടെത്തിയിരുന്നു. എന്‍എസ്ഇയുടെ സാമ്പത്തിക രൂപരേഖ, ലാഭവിഹിത സാധ്യത, പ്രവര്‍ത്തന ഫലം ഉള്‍പ്പടെയുള്ള കമ്പനിയുടെ രഹസ്യ തീരുമാനങ്ങള്‍ തുടങ്ങിയവ സന്യാസിക്ക് കൈമാറിയതായും ജീവനക്കാരുടെ തൊഴില്‍ പ്രകടനത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതായും സെബിയുടെ കുറ്റപത്രത്തില്‍ പറയുന്നു.  

നികുതി വെട്ടിപ്പ് കേസില്‍  നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചി(എന്‍എസ്ഇ)ന്റെ എംഡിയും സിഇഒയുമായിരുന്ന ചിത്ര രാമകൃഷ്ണന്റെയും ഗ്രൂപ്പ് ഓഫീസര്‍ ആനന്ദ് സുബ്രഹ്‌മണ്യന്റെയും ഓഫീസുകളിലും  വീടുകളിലും ആദായ നികുതി വകുപ്പ് പുലര്‍ച്ചെ റെയ്ഡ് നടത്തിയിരുന്നു. 

ആനന്ദിനെ ചീഫ് സ്ട്രാറ്റജിക് അഡൈ്വസറായി നിയമിച്ചതിലും ചീഫ് ഓപ്പറേറ്റിങ് ഓഫീസറായും എംഡിയുടെ ഉപദേശകനായും നിയമിച്ചതിലും വീഴ്ചയുണ്ടെന്ന് ആരോപിച്ച് ചിത്ര ഉള്‍പ്പടെയുള്ളവര്‍ക്ക് സെബി മുമ്പ് പിഴ ചുമത്തുകയും ചെയ്തിരുന്നു.