
വിപണിയില്‍ തകര്‍ച്ച തുടരുന്ന സാഹചര്യത്തില്‍ സുരക്ഷിത നീക്കവുമായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍. മ്യൂച്വല്‍ ഫണ്ടുകള്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയപ്പോള്‍ ഓഹരി നിക്ഷേപം വന്‍തോതില്‍ കുറയ്ക്കുകയാണ് എല്‍ഐസി ചെയ്തത്.
സെപ്റ്റംബര്‍ പാദത്തില്‍ 100 ലേറെ കമ്പനികളുടെ ഓഹരികള്‍ വിറ്റ് എല്‍ഐസി സുരക്ഷിത അകലം പാലിച്ചു. ഇതോടെ എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ എല്‍ഐസിയുടെ മൊത്തം നിക്ഷേപ വിഹിതം സെപ്റ്റംബര്‍ അവസാനത്തെ 3.64 ശതമാനത്തില്‍നിന്ന് എക്കാലത്തെയും താഴ്ന്ന നിലവാരമായ 3.59 ശതമാനത്തിലെത്തി.
കൂടുതല്‍ തകര്‍ച്ച മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള ലാഭമെടുപ്പാണ് എല്‍ഐസി നടത്തിയത്. 103 കമ്പനികളില്‍ ഓഹരി വിഹിതം കുറച്ചപ്പോള്‍ 78 കമ്പനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടുകയും ചെയ്തു. പ്രൊമോട്ടര്‍ ഇതര നിക്ഷേപത്തില്‍ എല്‍ഐസിയുടെ ഓഹരി മൂല്യം രണ്ടാം പാദത്തിലെ 7.51 ശതമാനത്തില്‍നിന്ന് 7.34 ശതമാനമായി കുറഞ്ഞു.
പ്രൊക്ടര്‍ ആന്‍ഡ് ഗാംബിള്‍, വോള്‍ട്ടാസ്, എച്ച്ഡിഎഫ്‌സി എഎംസി, ലുപിന്‍, ഹീറോ മോട്ടോര്‍ കോര്‍പ്, എച്ച്പിസിഎല്‍, ഫൈസര്‍, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ടാറ്റ പവര്‍ തുടങ്ങിയ കമ്പനികളിലെ ഓഹരി വിഹിതമാണ് കുറച്ചത്.
എച്ച്ഡിഎഫ്‌സി എഎംസിയുടെ ഓഹരികളാണ് കൂടുതല്‍ വിറ്റൊഴിഞ്ഞത്. 2,076 കോടി രൂപ മൂല്യമുള്ള ഓഹരികള്‍ വിറ്റു. ലുപിന്‍ (2,069 കോടി), എന്‍പിടിപിസി(1,947 കോടി) ഹീറോ (1,926 കോടി) എന്നിങ്ങനെ ഓഹരികള്‍ വിറ്റതായാണ് കണക്ക്.
സെപ്റ്റംബര്‍ അവസാനത്തെ കണക്ക് പ്രകാരം 283 കമ്പനികളുടെ ഓഹരികളാണ് എല്‍ഐസിയുടെ കൈവശം ഉണ്ടായിരുന്നത്. 16.76 ലക്ഷം കോടി രൂപയായിരുന്നു അതിന്റെ മൂല്യം.
ഇതൊരു സൂചനയാണോ?
ഒക്ടോബറിലും നവംബര്‍ മാസത്തില്‍ ഇതുവരെയും വിദേശ നിക്ഷേപകര്‍ 1.17 ലക്ഷം കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിറ്റൊഴിഞ്ഞത്. ഇതേ തുടര്‍ന്നുണ്ടായ തിരുത്തലില്‍ നിഫ്റ്റിക്ക് നഷ്ടമായതാകട്ടെ ഏഴ് ശതമാനവും.
തുടര്‍ച്ചയായി നാല് വര്‍ഷത്തെ ഇരട്ടയക്ക വളര്‍ച്ചക്ക് ശേഷം കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങള്‍ ദുര്‍ബലമായിരിക്കുന്നു. ഉപഭോഗത്തിലെ കുറവും ഉത്പന്ന വിലകളിലെ വര്‍ധനവും ബാങ്കിങ് ഉള്‍പ്പടെയുള്ള ധനകാര്യ മേഖലയിലെ പരിഷ്‌കാരങ്ങളും അതിന് കാരണമായിട്ടുണ്ട്.
ചൈനയിലെ ഉത്തേജന പാക്കേജിന് പിന്നാലെ വിദേശികള്‍ കൂട്ടത്തോടെ കളംവിട്ടതും വിപണിയെ ബാധിച്ചു. എങ്കിലും രാജ്യത്തെ വിപണി ഇപ്പോഴും ഉയര്‍ന്ന മൂല്യത്തില്‍തന്നെ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് എല്‍ഐസിയുടെ ലാഭമെടുപ്പ് ശ്രദ്ധേയമാകുന്നത്. ജാഗ്രതയോടെ മാത്രം വിപണിയെ സമീപിക്കുക. ദീര്‍ഘകാല ലക്ഷ്യത്തെടെ മികച്ച ഓഹരികളില്‍ ഘട്ടംഘട്ടമായി നിക്ഷേപം നടത്തുക.
Content Highlights: LIC Cuts Equity Holdings Amid Market Slump, Signals Caution
Published: 12 Nov 2024, 02:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented