പൂച്ചാക്കല്‍ (ആലപ്പുഴ): ഉരുള്‍പൊട്ടലുണ്ടായ വയനാട് വെള്ളാര്‍മല വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പഴയ ചിത്രം തന്റെ വീട്ടില്‍ സ്ഥാപിച്ച് വെള്ളാര്‍മല സ്‌കൂളിലെ മുന്‍ അധ്യാപിക. പാണാവള്ളി പത്മാലയം വീട്ടില്‍ എസ്. രശ്മിയാണ് വെള്ളാര്‍മല വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ചിത്രം വീട്ടില്‍ സ്ഥാപിച്ചത്. 

To advertise here,

ബുധനാഴ്ചയാണ് രശ്മിയുടെയും ഭര്‍ത്താവ് ആലപ്പുഴ നര്‍ക്കോട്ടിക് സെല്ലിലെ സിവില്‍ പോലീസ് ഓഫീസറുമായ ബി. അനൂപിന്റെയും പുതിയവീടിന്റെ ഗൃഹപ്രവേശനം നടന്നത്. രശ്മി ഇപ്പോള്‍ ചെങ്ങന്നൂര്‍ ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയാണ്. 2022 ജനുവരി മുതല്‍ 2023 ഓഗസ്റ്റ് വരെയാണ് രശ്മി വെള്ളാര്‍മലയില്‍ എല്‍.പി. വിഭാഗത്തില്‍ അധ്യാപികയായി ജോലി ചെയ്തിരുന്നത്. 

പിന്നീട് ചെങ്ങന്നൂര്‍ ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മാറി. വെള്ളാര്‍മലയില്‍ രശ്മി പഠിപ്പിച്ചിരുന്ന പതിനഞ്ചോളം വിദ്യാര്‍ഥികള്‍ ഉരുള്‍പൊട്ടലില്‍ മരിച്ചിരുന്നു. അവിടെ പരിചയമുള്ള മറ്റു വിദ്യാര്‍ഥികളും നാട്ടുകാരും മരിച്ചു. 2024 ജൂലായിലായിരുന്നു വയനാട് ഉരുള്‍പൊട്ടല്‍. ദുരന്തത്തിനുശേഷവും പലതവണ വെള്ളാര്‍മലയില്‍ പോയി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും ശവകുടീരങ്ങളും സന്ദര്‍ശിച്ചു.

വെള്ളാര്‍മല സ്‌കൂളിനു മൂന്നു കിലോമീറ്ററോളം മാറിയുള്ള വീട്ടിലാണ് രശ്മി അതിഥിയായി താമസിച്ചിരുന്നത്. വെള്ളാര്‍മല സ്‌കൂളില്‍ നടന്ന യാത്രയപ്പുചടങ്ങില്‍ സ്‌കൂളിന്റെ ചിത്രം പതിച്ച മെമന്റോ നല്‍കിയിരുന്നു. ആര്‍ട്ടിസ്റ്റ് ഗോവിന്ദ്സണ്‍ പൂച്ചാക്കലിനെ കൊണ്ടു വരപ്പിച്ച് നാലടി അടി ഉയരത്തിലും എട്ടടി വീതിയിലുമുള്ള ചിത്രമാണ് വീട്ടില്‍ സ്ഥാപിച്ചിരിക്കുന്നത്.