
എടത്വ (ആലപ്പുഴ): അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ.) ബാധിച്ച് ചികിത്സയ്ക്കായി കാത്തിരിക്കുന്ന മൂന്ന് കുരുന്നുകൾക്ക് കൈത്താങ്ങുമായി ശിവഗിരി തീർഥാടന പദയാത്രികരും. എസ്.എൻ.ഡി.പി. യോഗം കുട്ടനാട് സൗത്ത് യൂണിയൻ ശാഖാ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ശിവഗിരി തീർഥാടന പദയാത്രയിലൂടെ ലഭിക്കുന്ന കാണിക്കത്തുകയും തീർഥാടകരുടെ രജിസ്ട്രേഷൻ തുകയും കുട്ടികളുടെ ചികിത്സയ്ക്കായി നൽകും. ഇതിനുള്ള തീരുമാനം കമ്മിറ്റി എക്സിക്യുട്ടീവ് യോഗത്തിലാണ് കൈക്കൊണ്ടത്.
കോഴിക്കോട് പൂവത്തിരിച്ചാലിൽ അരുൺ–ഷാൽമി ദമ്പതിമാരുടെ മക്കളായ ഡേവിഡ് മാഗ്നസ്, ഈഥൻ മോസസ്, ഒലിവർ ജോനോ എന്നീ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കാണ് സഹായംനൽകുന്നത്. ഒറ്റപ്രസവത്തിൽ ജനിച്ച കുട്ടികൾക്ക് ഇപ്പോൾ ഒന്നേമുക്കാൽ വയസ്സാണ്. മൂന്നുപേർക്കും ചികിത്സ ലഭ്യമാക്കാൻ ഏകദേശം 50 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഒരു കുട്ടിക്ക് 16.5 കോടി രൂപയോളം ചികിത്സാച്ചെലവുണ്ട്.
രണ്ടുവയസ്സിനുള്ളിൽ ജീൻ തെറാപ്പി ചികിത്സ ലഭ്യമാക്കിയാൽ കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. ഡിസംബർ മൂന്നിനകം ചികിത്സയ്ക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ ധനസമാഹരണം ഊർജിതമായി തുടരുകയാണ്.
പാട്ടുവണ്ടി, ബക്കറ്റ് പിരിവ്, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ധനസമാഹരണം, ആക്രി ശേഖരണം, ബിരിയാണി ചലഞ്ച് തുടങ്ങിയ വിവിധ മാർഗങ്ങളിലൂടെ നാടിന്റെ നാനാഭാഗത്തുനിന്നും സഹായമെത്തുന്നുണ്ട്. കുട്ടികളുടെ ചികിത്സാവിവരം ശ്രദ്ധയിൽപ്പെട്ടതുമുതൽ ശാഖാ കോർഡിനേഷൻ കമ്മിറ്റിയും സഹായപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് പദയാത്രയിലൂടെ ലഭിക്കുന്ന മുഴുവൻ കാണിക്കത്തുകയും രജിസ്ട്രേഷൻ തുകയും ചികിത്സാ സഹായ സമിതിക്ക് കൈമാറാൻ തീരുമാനിച്ചത്.
എസ്.എൻ.ഡി.പി. യോഗം കുട്ടനാട് സൗത്ത് യൂണിയനു കീഴിലുള്ള വിവിധ ശാഖകളുടെ കൂട്ടായ്മയായ ശാഖാ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പദയാത്ര ഡിസംബർ 26മുതൽ 31വരെയാണ്. പദയാത്രയ്ക്ക് മുന്നോടിയായുള്ള പീതാംബര ദീക്ഷ ഡിസംബർ 16-ന് ഉച്ചകഴിഞ്ഞ് 2.30-ന് കഞ്ഞിപ്പാടം ചെറുവള്ളിത്തറ ഗുരുദേവ ക്ഷേത്രത്തിൽ ശിവസരൂപാനന്ദ സ്വാമികളുടെ നേതൃത്വത്തിൽ നടക്കും.
കൈകോർക്കാം നമുക്ക്
പേര്: അരുൺ പി.ഡി.
അക്കൗണ്ട് നമ്പർ: 21360100162505
ബാങ്ക്: ഫെഡറൽ ബാങ്ക് ഓമശ്ശേരി ശാഖ
ഐ.എഫ്.എസ്.സി:FDRL0002136
Published: 28 Nov 2026, 03:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented