കൊച്ചി: സാരംഗിന് ഏറെ പ്രിയപ്പെട്ട ഫുട്ബോളുമായാണ് അച്ഛൻ ബിനേഷ് അമൃത ആശുപത്രിയിലെത്തിയത്. ഷിഫിൻ പേറുന്ന തന്റെ മകന്റെ കൈകളിലേക്ക് ആ ഫുട്ബോൾ വെച്ചുനൽകി ബിനേഷ് കണ്ണീരണിഞ്ഞതോടെ കണ്ടുനിന്നവരുടെയും മനസ്സ് പിടഞ്ഞു. മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി സാരംഗിന്റെ കൈകൾ മരണാനന്തര അവയവദാനത്തിലൂടെ സ്വീകരിച്ച പറവൂർ സ്വദേശി ഷിഫിനെ ആദ്യമായി കാണാനെത്തിയതായിരുന്നു സാരംഗിന്റെ മാതാപിതാക്കളായ ബിനേഷും രജനിയും സഹോദരൻ യശ്വന്തും. സാരംഗിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് അമൃത ആശുപത്രിയിൽ സ്നേഹസംഗമം നടന്നത്.

To advertise here,

മാസങ്ങൾക്കു മുൻപ്‌ വിധിക്ക്‌ കീഴടങ്ങിയ മകന്റെ ഓർമകൾക്ക് ജീവനേകുന്ന ആ കൈകൾ കാണാനും താലോലിക്കാനുമുള്ള അവസരമായിരുന്നു അമൃത ആശുപത്രിയിൽ സ്നേഹസംഗമത്തിന്റെ രൂപത്തിൽ അവർക്കു മുൻപിലൊരുങ്ങിയത്. അവയവ ദാനത്തിന്റെ മഹത്ത്വം വെളിവാക്കുന്ന അപൂർവ സംഗമത്തിൽ സ്പീക്കർ എ.എൻ. ഷംസീർ മുഖ്യാതിഥിയായിരുന്നു.

കഴിഞ്ഞ വർഷം മേയ് 17-നാണ് ആറ്റിങ്ങൽ സ്വദേശി സാരംഗ് (16) വാഹനാപകടത്തിൽ മരിച്ചത്. മസ്തിഷ്കമരണം സ്ഥിരീകരിച്ച സാരംഗിന്റെ അവയവങ്ങൾ ആറുപേർക്കാണ് പുതുജീവൻ സമ്മാനിച്ചത്. കൊച്ചി അമൃത ആശുപത്രിയിൽ ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലുള്ള 60 അംഗ സംഘമാണ് 16 മണിക്കൂറോളം നീണ്ട സങ്കീർണമായ ശസ്ത്രക്രിയയിലൂടെ സാരംഗിന്റെ കൈകൾ പറവൂർ ഗോതുരുത്ത് സ്വദേശിയായ ഷിഫിൻ ഫ്രാൻസിസി (30) ന്റെ ശരീരത്തിലേക്ക് തുന്നിച്ചേർത്തത്. പേരാമ്പ്ര അപ്പോളോ ടയേഴ്‌സിലെ ജീവനക്കാരനായ ഷിഫിന് 2020 ഫെബ്രുവരി എട്ടിന് കമ്പനിയിൽ വെച്ചുണ്ടായ അപകടത്തിലാണ് രണ്ടു കൈകളും നഷ്ടമായത്. ശസ്ത്രകിയയ്ക്കു ശേഷമുള്ള കണ്ടുമുട്ടലിൽ ഷിഫിൻ പിറന്നാൾ കേക്ക് മുറിച്ച് സാരംഗിന്റെ മാതാപിതാക്കൾക്ക് നൽകി. സാരംഗിന്റെ ഫോട്ടോ താൻ െെകയിൽ പിടിച്ചു നിൽക്കുന്ന ചിത്രവും ഷിഫിൻ അവർക്ക് സമ്മാനിച്ചു.

അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.വി. ബീന, പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്ടീവ് സർജറി വിഭാഗം ചെയർമാൻ ഡോ. സുബ്രഹ്മണ്യ അയ്യർ എന്നിവർ സംസാരിച്ചു. ഷിഫിന്റെ കൈമാറ്റിെവക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ, ഷിഫിന്റെ അച്ഛൻ ചിന്നപ്പൻ, അമ്മ ഷീല, അപ്പോളോ ടയേഴ്‌സ് പ്രതിനിധികളായ ജി. അനിൽകുമാർ, ജോർജ് ഉമ്മൻ, വിജയകുമാർ, ട്രേഡ് യൂണിയൻ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.