ഊരകം(മലപ്പുറം) : വേങ്ങര മണ്ഡലത്തിലെ ഊരകം പത്താംവാര്‍ഡ് കാരാത്തോട്ടിലെ എല്ലാവര്‍ക്കും ഉല്ലാസയാത്രക്ക് സൗകര്യമൊരുക്കി വാര്‍ഡ് മെമ്പർ പാണ്ടിക്കടവത്ത് അബൂ ത്വാഹിര്‍. വാര്‍ഡിലെ മുന്നൂറിലധികം കുടുംബങ്ങളില്‍നിന്നായി 529 പേരാണ് ഉല്ലാസയാത്രയില്‍ പങ്കെടുത്തത്. എല്ലാത്തിനും പിന്തുണയുമായി ഭാര്യയും വാര്‍ഡിലെ മുന്‍ അംഗവുമായ സൗദ അബുതാഹിറും കൂടെയുണ്ടായിരുന്നു. പുരുഷന്‍മാരുടെ യാത്ര ഊട്ടിയിലേക്കും സ്ത്രീകളുടേത് വയനാട്ടിലേക്കുമായിരുന്നു. ഊട്ടിയിലേക്ക് ആറ് ബസ്സിലും വയനാട്ടിലേക്ക് മൂന്ന് ബസ്സിലുമായിരുന്നു യാത്ര.

To advertise here,

വയനാട്ടിലേക്ക് അബുതാഹിറും ഊട്ടിയിലേക്ക് ഭാര്യ സൗദ അബൂതാഹിറും സിഡിഎസ് പ്രവര്‍ത്തക കുബ്ര മൂനീര്‍, എഡിഎസ് സി.ടി. ശബ്ന എന്നിവരുമാണ് യാത്ര നയിക്കുന്നത്. യാത്രാംഗങ്ങള്‍ക്ക് വാഹനത്തിന് പുറമെ ഭക്ഷണവും ഒരുക്കിയിരുന്നു.

2015-20 കാലത്ത് സൗദ അബൂതാഹിറും 2020-25 കാലത്ത് അബൂതാഹിറുമാണ് വാര്‍ഡ് ഭരിച്ചിരുന്നത്. ഇതോടെ വാര്‍ഡിലുള്ളവര്‍ തങ്ങളുടെ കുടുംബാഗങ്ങളായെന്നും അതിനാലാണ് സ്വന്തം ചെലവില്‍ എല്ലാവരേയും കൂട്ടി ഒരു സ്നേഹയാത്ര നടത്തിയതെന്നും ഇരുവരും പറഞ്ഞു. അടുത്ത തവണ വാഡ് സംവരണവാര്‍ഡാണെന്നും മത്സരിക്കുന്നില്ലെന്നും ഇരുവരും അറിയിച്ചു. യാത്ര ശനിയാഴ്ച രാവിലെ ആറിന് പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ ഫ്‌ളാഗോഫ് ചെയ്തു.