തൃശ്ശൂര്‍: കുട്ടികള്‍ കളിച്ചു വളരട്ടെയെന്നാണ് തൃശ്ശൂര്‍ നന്തിപുലത്തെ നാട്ടുകാര്‍ തീരുമാനിച്ചത്. ഫോണില്‍ ഒതുങ്ങരുത് ബാല്യം എന്ന് അവരാഗ്രഹിച്ചു. ലഹരിയിലേക്ക് വഴിതെറ്റരുതെന്നും. കളിക്കാന്‍ നല്ലൊരു മൈതാനമില്ല എന്ന പരിമിതി മറികടക്കാന്‍ എല്ലാവരും ഒത്തുചേര്‍ന്നപ്പോള്‍ 44 ലക്ഷം രൂപ കിട്ടി. ഈ കളിക്കളം ഉപയോഗിക്കാന്‍ കഴിയുന്ന ഇരുനൂറോളം വീട്ടുകാരാണ് പ്രധാനമായും സഹകരിച്ചത്. മൂന്നു ലക്ഷം രൂപവരെ കൊടുത്ത കുടുംബങ്ങളുണ്ട്.

To advertise here,

ട്രാക്ക്, ജിം, നടപ്പാത എന്നിവയ്ക്കുപുറമേ ഫുട്ബോളിനും വോളിബോളിനും ബാഡ്മിന്റണിനും ഉപയോഗിക്കാവുന്ന കോര്‍ട്ട് എന്നിവ അടങ്ങുന്നതാണ് ഇവരുടെ കളിക്കളസ്വപ്നം. കളിക്കളത്തിനു പുറത്തേക്കും ഇവരുടെ സ്വപ്നം ചിറകുവിരിക്കുന്നുണ്ട്. ഒറ്റപ്പെടല്‍ അനുഭവിക്കുന്ന വയോധികരുടെ കൂട്ടായ്മയ്ക്കായുള്ള സ്ഥലവും വായനശാലയുമെല്ലാമാണ് ഇങ്ങനെ ചേര്‍ത്തുവയ്ക്കുന്നത്.

കളിക്കളത്തിനായി കണ്ടെത്തിയ 53 സെന്റ് സ്ഥലത്തിന് രജിസ്ട്രേഷന്‍ചെലവ് ഉള്‍പ്പെടെ 53 ലക്ഷമാണ് വേണ്ടിവരുക. സൗകര്യങ്ങള്‍ പൂര്‍ണമായും ഒരുക്കാന്‍ അമ്പതുലക്ഷത്തോളം രൂപ വേറെയും വേണ്ടിവരും. ആകെ ഒരുകോടിരൂപ ആവശ്യമായിവരുന്ന സ്വപ്നത്തെയാണ് ഇവര്‍ ആത്മവിശ്വാസത്തോടെ ഏറ്റെടുത്തത്. ഇവിടത്തെ മിഴി സാംസ്‌കാരികവേദിയുടെ നേതൃത്വത്തിലാണ് കളിക്കളമെന്ന സ്വപ്നത്തിലേക്കുള്ള നടത്തം ആരംഭിച്ചത്. ഇതിനായി 42 പേരുള്ള സ്ഥലമെടുപ്പു സമിതി രൂപവത്കരിച്ചു. നന്തിപുലം യുപി സ്‌കൂളിനുപോലും നിലവില്‍ കളിക്കളമില്ല.