
തൃശ്ശൂർ: തൃശ്ശൂരിൽ വെള്ളിയാഴ്ച രാഷ്ട്രപതിയെത്തുന്നതിന്റെ സുരക്ഷാത്തിരക്കിലാണ് തൃശ്ശൂർ സിറ്റി വെസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറായ എസ്. അൻഷാദ്. ഈ പിരിമുറുക്കത്തിനിടയിലും അൻഷാദ് സന്തോഷത്തിലാണ്. 2017 ജനുവരി 21-ന് പകൽ 11-ന് അന്വേഷണം തുടങ്ങി 58 ദിവസംകൊണ്ട് ചുരുളഴിച്ച രണ്ടു കൊലപാതകക്കേസുകളിൽ വിധിവന്നിരിക്കുന്നു. പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.
സബ് ഇൻസ്‌പെക്ടർ ട്രെയിനിയായതിന്റെ രണ്ടാം മാസം നടത്തിയ അന്വേഷണം രണ്ടു കൊലപാതകങ്ങൾ െതളിയിക്കുകയും അതിലൊന്നിൽ പ്രതിക്ക് ശിക്ഷ ഉറപ്പാവുകയും ചെയ്തത് മാത്രമല്ല അൻഷാദിനെ സന്തോഷിപ്പിക്കുന്നത്. യുവാവിനെയും അയാളുടെ ഭാര്യയെയും കൊലപ്പെടുത്തിയ പ്രതി മുംബൈയിലേക്ക് തീവണ്ടിയിൽ കയറ്റിവിട്ട രണ്ടു കുരുന്നുകളെ അവിടെനിന്ന് തിരികെയെത്തിച്ച് പുതുജീവിതം നൽകിയതും അൻഷാദാണ്.
ആറും നാലും വയസ്സുണ്ടായിരുന്ന ആ ചേട്ടനും അനിയത്തിയും ഇപ്പോൾ ഹൈസ്‌കൂൾ വിദ്യാർഥികളാണ്, അൻഷാദിന്റെ 'സ്വന്തം മക്കളായി' മിടുക്കരായി അവർ വളരുന്നു. ഈ സംഭവമാണ് 'ഉയിർ' എന്ന ചലച്ചിത്രത്തിന് ആധാരം.
സോഷ്യൽവർക്കിൽ മാസ്റ്റർ ഡിഗ്രിയെടുത്ത്, വനംവകുപ്പിലെയും സെയിൽടാക്‌സിലെയും ജോലിയുപേക്ഷിച്ച് കണ്ണൂരിലെ ഇരിട്ടി പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടർ ട്രെയിനിയായെത്തിയ പാലക്കാട്ടുകാരൻ അൻഷാദിനെത്തേടി ഫോൺ വിളിയെത്തിയത് 2017 ജനുവരി 21-ന് രാവിലെ 11-ന്. ഇരിട്ടിയിലെ പൊട്ടക്കിണറ്റിൽ ഒരു സ്ത്രീയുടെ മൃതദേഹമുണ്ടെന്നായിരുന്നു ഫോൺ.
ഏഴുദിവസം പഴക്കമുണ്ടായിരുന്നു മൃതദേഹത്തിന്. കൈത്തണ്ടയിൽ കന്നഡയിൽ ആർ. രാജു എന്നെഴുതിയിടത്തു മാത്രം തൊലിയുരിഞ്ഞിരുന്നില്ല. അന്വേഷണത്തിൽ ചക്കരക്കല്ലിൽ റോഡരികിൽ താമസിക്കുന്ന ഒരു നാടോടിപ്പെൺകുട്ടിയിൽനിന്ന് മരിച്ചയാളുടെ പേര് ശോഭയാണെന്ന തുമ്പുകിട്ടി. ഒരു ഫോൺനമ്പറും കിട്ടി. നമ്പർ കർണാടകയിലെ തുംകൂരിലെ മഞ്ജുനാഥ് എന്നയാളുടേതാണെന്നു മനസ്സിലായി.
ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ ശോഭയെ കൊന്ന് കിണറ്റിലിട്ടതാണെന്ന് തെളിഞ്ഞു. ശോഭയുടെ ഭർത്താവ് രാജുവിനെ ഒന്നരവർഷംമുൻപ് കാണാതായതിനെപ്പറ്റിയും അന്വേഷിച്ചു. ശോഭയും താനും തമ്മിലുള്ള ബന്ധത്തിന് തടസ്സമാണെന്നുതോന്നിയ രാജുവിനെ കഴുത്തുഞെരിച്ച് കൊന്ന് കാട്ടിനുള്ളിലിട്ട് കത്തിച്ചതായും ഇയാൾ സമ്മതിച്ചു.
കൊലപാതകശേഷം ശോഭയുടെയും രാജുവിന്റെയും രണ്ടു കുട്ടികളെ കാണാതായിരുന്നു. അവരെ ബെംഗളൂരുവിൽനിന്ന് മുംബൈക്കുള്ള തീവണ്ടിയിൽ കയറ്റിവിട്ടെന്ന് മഞ്ജുനാഥ് മൊഴിനൽകി. മാർച്ച് 11-ന് കാലടി പോലീസ് സ്റ്റേഷനിലെ ബിനു എന്ന സിവിൽ പോലീസ് ഓഫീസർ അൻഷാദിനെ വിളിച്ചു. മുംബൈ ചിൽഡ്രൻസ് ഹോമിൽ മലയാളം കുറച്ചു സംസാരിക്കുന്ന രണ്ടു കുട്ടികളുണ്ടെന്ന വിവരം പറഞ്ഞു.
കുട്ടികളുടെ ഫോട്ടോ അയച്ചുകൊടുത്തു. ഇവരാണ് മുംബൈയിലുള്ളതെന്ന് ഉറപ്പിച്ചു. മാർച്ച് 19-ന് രാജുവിന്റെ സഹോദരി കാവ്യയെയും കൂട്ടി മുംബൈയിലേക്കുപോയി. കുട്ടികളെ കണ്ടെത്തി. ബന്ധുക്കളുടെ സമ്മതത്തോടെ അവരെ പാലക്കാട്ടെ സ്‌കൂളിൽ ചേർത്തു - അൻഷാദ് രക്ഷാകർത്താവായി. അവരെ 'സ്വന്തം മക്കളാക്കി'.
Content Highlights: Inspector S. Anshad of Thrissur City West Police Station successfully solved two murder cases within 58 days, leading to a conviction. Anshad not only solved the cases but also rescued two children, whose parents were murdered, from Mumbai and provided them a new life. The children, now high school students, are thriving under Anshad's guardianship, and their story inspired the film "Uyir."
Published: 27 Nov 2026, 09:43 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented