കോട്ടയം: എങ്ങും മാതൃദിനാഘോഷത്തിന്റെ വാർത്തകൾ വരുന്നതിനിടയിൽ ഈ അമ്മമാർക്ക് പറയാനുള്ളത്, ആദ്യമായി കടൽ കണ്ടതിന്റെ സന്തോഷത്തെക്കുറിച്ചാണ്.

To advertise here,

പുത്തനങ്ങാടി മാർ തെയോഫിലോസ് സ്നേഹഭവനിലെ അമ്മമാർക്ക് കടൽ കാണാനും ആത്മീയകേന്ദ്രങ്ങൾ സന്ദർശിക്കാനും ഇഷ്ടഭക്ഷണം കഴിക്കാനും അവസരമുണ്ടാക്കിയത് മലങ്കര കാത്തലിക് അസോസിയേഷൻ (എം.സി.എ.) തിരുവല്ല അതിഭദ്രാസനസമിതിയാണ്.

സ്നേഹയാത്രയിൽ പങ്കെടുത്ത 36 അമ്മമാരിൽ 96 വയസ്സുള്ള ഭവാനിയമ്മവരെയുണ്ട്. ഇവരിൽ പലർക്കും ജീവിതത്തിൽ ഇതേവരെ കടൽ കാണാനുള്ള ഭാഗ്യംപോലും കിട്ടാത്തവരാണ്. മൂന്നും നാലും മക്കളുള്ളവരൊക്കെ ഇക്കൂട്ടത്തിലുണ്ട്.

ആരും തിരിഞ്ഞുപോലും നോക്കാത്ത ഇവരെ സ്നേഹഭവൻ സംരക്ഷിച്ചുവരുകയാണ്. കടൽത്തീരവും തിരമാലയും കടൽപ്പാലവുമൊക്കെ നേരിൽക്കണ്ട അമ്മമാരെല്ലാം സന്തോഷത്തിലായിരുന്നു.

കോട്ടയത്തുനിന്ന് യാത്രയാരംഭിച്ച് കുമരകംവഴി തണ്ണീർമുക്കം ബണ്ടും ആലപ്പുഴയിൽ കടലും പുതുപ്പള്ളി പള്ളിയും ദീപാലങ്കാരങ്ങളും കണ്ട്, ഇഷ്ടപ്പെട്ട ഭക്ഷണവും ഐസ്‌ക്രീമും കഴിച്ചാണ് ഇവർ തിരികെയെത്തിയത്. തിരുവല്ല അതിഭദ്രാസന ജനറൽ സെക്രട്ടറി ജസ്റ്റിൻ ജോണിന്റെ നേതൃത്വത്തിലായിരുന്നു യാത്ര.