പനമറ്റം: പൊട്ടിപ്പോയതും കുപ്പയിലേക്ക് വലിച്ചെറിഞ്ഞതുമായ കളിപ്പാട്ടങ്ങളുടെ ശേഷിപ്പുകളും തുണിക്കഷണങ്ങളും പാഴ് വസ്തുക്കളുമൊക്കെ പുതുപുത്തന്‍ കളിപ്പാട്ടമായി മാറി. പനമറ്റം ദേശീയവായനശാല പ്രീപ്രൈമറി കുട്ടികള്‍ക്കായി നടത്തിയ കളിക്കൂട്ടം ക്യാമ്പില്‍ അവര്‍ സ്വയം കളിപ്പാട്ടങ്ങള്‍ നിര്‍മിച്ചു.

To advertise here,

പഴയ കളിപ്പാട്ടങ്ങളുടെ ഭാഗങ്ങള്‍, കുപ്പികള്‍, പാത്രങ്ങള്‍, കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍, പഴയ മാല, വള, മുത്തുകള്‍, മഷി തീര്‍ന്ന പേനകള്‍, പഴയ കുഞ്ഞുടുപ്പുകള്‍, തുണിക്കഷണങ്ങള്‍, സ്പ്രിങ്ങുകള്‍ അങ്ങനെ മിക്കവീടുകളിലും ഉപയോഗമില്ലാതെ മാറ്റിയിട്ടിരുന്ന വസ്തുക്കള്‍ കൂട്ടിപ്പിടിപ്പിച്ചും ഒട്ടിച്ചുചേര്‍ത്തുമാണ് കളിക്കോപ്പുകള്‍ ഉണ്ടാക്കിയത്.

വായനശാലാഹാളില്‍ നടന്ന ക്യാമ്പില്‍ ഓരോരുത്തരും കൊണ്ടുവന്ന ഇനങ്ങളില്‍നിന്ന് മുറിവുകള്‍ക്കോ അപകടങ്ങള്‍ക്കോ ഇടയായേക്കാവുന്ന അവശിഷ്ടങ്ങള്‍ തിരഞ്ഞുനീക്കിയതിന് ശേഷമാണ് കളിപ്പാട്ടനിര്‍മാണം തുടങ്ങിയത്. പൊന്‍കുന്നം ജനകീയ വായനശാലയുടെ പ്രവര്‍ത്തകരായ അവനിയും ഗോപികയുമാണ് കുട്ടികളെ പഠിപ്പിച്ചത്. 

രക്ഷിതാക്കളും ദേശീയവായനശാല പ്രവര്‍ത്തകരും പങ്കെടുത്ത ക്യാമ്പില്‍ നേരത്തേതന്നെ നിര്‍ദേശം നല്‍കിയിരുന്നു, ഉപയോഗക്ഷമമായ ഒന്നും കൊണ്ടുവരേണ്ടതില്ലെന്ന്. നിലവില്‍ യാതൊരു ഉപയോഗവുമില്ലാതെ ഉപേക്ഷിക്കപ്പെട്ടുകിടക്കുന്നവ വീട്ടിലെ മുതിര്‍ന്നവരുടെ സഹായത്തോടെ പെറുക്കിയെടുക്കാനാണ് നിര്‍ദേശിച്ചിരുന്നത്.

കൊണ്ടുവന്നതില്‍ ഒന്നും മിച്ചംവെയ്ക്കാതെ ഓരോ കളിപ്പാട്ടത്തിന്റെയും ഭാഗമായി പുനരുപയോഗിച്ചു എന്നതാണ് വിജയം. കുറെ കഷണങ്ങളുമായി എത്തിയ ഓരോരുത്തര്‍ക്കും പുത്തനെന്ന് തോന്നിക്കുന്ന കളിക്കോപ്പുകളാണ് വീട്ടിലേക്ക് തിരികെ കൊണ്ടുപോകാനുണ്ടായിരുന്നത്.