
കാടുപിടിച്ചു കിടന്നൊരു മൈതാനം, കുട്ടിക്കൂട്ടത്തിന്റെ പന്ത് കളിയില്‍ തകരുന്ന അയല്പക്കത്തെ ലൈബ്രറി ചില്ലുകള്‍. പരാതിയും പരിഭവങ്ങളും പഞ്ചായത്തിന് മുന്നിലെത്തിയപ്പോള്‍ മാസങ്ങള്‍ക്കുള്ളില്‍ പിറന്നത് ഒന്നാന്തരമൊരു ടര്‍ഫ്. അരിയും പച്ചക്കറികളും മുളകുപൊടിയും സ്വന്തം ബ്രാന്‍ഡില്‍ വിപണിയിലെത്തിച്ച അരുവാപ്പുലത്ത് നിന്നും ഇതാ വീണ്ടുമൊരു വിജയകഥ. പഞ്ചായത്തിലെ കുട്ടികളുടെ കായിക സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിക്കൊണ്ട് പണികഴിപ്പിച്ച ടര്‍ഫിന്റെ ഉദ്ഘാടനം നടത്തി പഞ്ചായത്ത് നാടിന് സമര്‍പ്പിച്ചു. കഴിഞ്ഞ ദിവസം മന്ത്രി എംബി രാജേഷ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചപ്പോള്‍ അരുവാപ്പുലത്തിന്റെ ടര്‍ഫ് കഥ ലോകവുമറിഞ്ഞു.
കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കാനായി വര്‍ഷങ്ങള്‍ക്കുമുമ്പേ അരുവാപ്പുലം പഞ്ചായത്തിന് സ്വന്തമായി കളിസ്ഥലമുണ്ട്. കാലങ്ങളായി കാടുപിടിച്ചുകിടന്ന പഞ്ചായത്ത് ഗ്രൗണ്ടിന്റെ ഒരുവശമാണ് കുട്ടികള്‍ താല്‍ക്കാലികമായി വൃത്തിയാക്കി കളിക്കാൻ ഉപയോഗിച്ചിരുന്നത്. മൈതാനത്തെ മുഴുവന്‍ ഭാഗത്തേയും കാട് വെട്ടിത്തരണമെന്നാവശ്യപ്പെട്ട നിരവധി തവണ കുട്ടികള്‍ പഞ്ചായത്തിനെ സമീപിച്ചിരുന്നു. കുട്ടികളുടെ പരാതി പരിഗണിച്ച് കാട് വെട്ടിത്തളിച്ചാലും പെട്ടന്ന് തന്നെ അത് വീണ്ടും വളര്‍ന്ന് പഴയതിലേറെ കാടുമൂടുകയും ചെയ്യും. ഇതേ കളി ഗ്രൗണ്ടിന് സമീപത്ത് തന്നെ ഒരു ലൈബ്രറിയും ആയുര്‍വേദ ആശുപത്രിയും പ്രവര്‍ത്തിച്ചിരുന്നു. ക്രിക്കറ്റ് കളിക്കിടെ ബോള്‍ അടിച്ച് ഈ കെട്ടിടങ്ങളുടെ ജനല്‍ തകരുന്നത് സ്ഥിരം തലവേദനയായി. കുട്ടികളുടെ ആവലാതിയും ലൈബ്രറി അധികൃതരുടെ പരാതികളുമെല്ലാം പതിവായതോടെ കുട്ടികള്‍ തന്നെയാണ് ടര്‍ഫ് എന്നൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. അത് നല്ലൊരു ആശയമാണെന്ന് പഞ്ചായത്തിനും തോന്നിയതോടെയാണ് കാടുപിടിച്ച ഗ്രൗണ്ടില്‍ ടര്‍ഫ് എന്ന സ്വപ്നം പൂര്‍ത്തിയായത്.

'പഞ്ചായത്തിനുള്ള ഫണ്ടില്‍ നിന്നൊരു ടര്‍ഫ് എന്ന ആശയത്തിന് തുടക്കത്തിലേ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. പഞ്ചായത്തില്‍ നിന്നുള്ള ലക്ഷക്കണക്കിന് ഫണ്ട് വെറുമൊരു ടര്ഫിന് വേണ്ടി മുടക്കാന്‍ പറ്റില്ലെന്നായിരുന്നു ആദ്യം വന്ന വിയോജിപ്പ്. എല്ലാവരേയും പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കുറേ ശ്രമിച്ചു. കൂടെ നിര്‍മാണവും ആരംഭിച്ചു. എങ്കിലും വിമർശനങ്ങള്‍ ഒരുഭാഗത്തുതന്നെയുണ്ടായിരുന്നു. പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനിടെ അഴിമതി ആരോപണവും ഞങ്ങള്‍ക്ക് കേള്‍ക്കേണ്ടി വന്നു. നിര്‍മാണം തുടങ്ങുന്നതിന് മുന്‍പേ പ്രതിപക്ഷത്തിന്റെ അഴിമതി കേള്‍ക്കേണ്ടി വന്ന അവസ്ഥയായിരുന്നു ഞങ്ങള്‍ക്കുണ്ടായിരുന്നത്. അതിന്റെ പേരില്‍ പ്രതിപക്ഷം പരാതിയുമായി മുന്നോട്ടുപോയി, ഓംബുഡ്സ്മാന് ഹിയറിങ്ങിന് വിളിപ്പിച്ചതോടെയാണ് ആരോപണത്തില്‍ കഴമ്പില്ലെന്ന് വ്യക്തമായത്. പക്ഷേ, പ്രതിപക്ഷം അതുകൊണ്ടും നിര്‍ത്തിയില്ല, അവർ ഹൈക്കോടതിയെ സമീപിച്ചു. എങ്കിലും വിധി ഞങ്ങൾക്കനുകൂലമായി. ഇങ്ങനെ ആദ്യവസാനം പ്രതിപക്ഷം ഉയര്‍ത്തിയ പ്രശ്നങ്ങള്‍ക്കിടയിലാണ് ടര്‍ഫിന്റെ പണി പൂര്‍ത്തീകരിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി വ്യക്തമാക്കി. പകല്‍ കുട്ടികള്‍ക്ക് സൗജന്യമായി നല്കി രാത്രി പുറത്തുള്ളവര്‍ക്ക് യൂസര്‍ ഫീസ് വാങ്ങി വാടകയ്ക്ക് കൊടുക്കാമെന്ന അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ അതും വേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം.

അരുവാപ്പുലം കല്ലേലിക്ക് സമീപത്ത് 70 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ടര്ഫിന് 40 മീറ്റര്‍ നീളവും 28 മീറ്റര്‍ വീതിയുമാണുള്ളത്. അരുവാപ്പുലം പഞ്ചായത്ത് കളിസ്ഥലത്താണ് ടര്‍ഫ് നിര്‍മിച്ചിരിക്കുന്നത്. ടര്‍ഫ് കോര്‍ട്ടില്‍ ക്യാമറ നിരീക്ഷണം, ഫ്ലഡ് ലൈറ്റുകള്‍, ശൗചാലയം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ടർഫ് കോർട്ടിന് ചുറ്റും പ്രഭാത സവാരിക്ക് നടപ്പാതയുമുണ്ട്. കുട്ടികൾക്കായി ചൈൽഡ് ഫ്രണ്ട് കോർണറും ഉടൻ സ്ഥാപിക്കും.കായികമന്ത്രി വി.അബ്ദുറഹ്മാന് ആണ് ടര്‍ഫ് ഉദ്ഘാടനം ചെയ്ത് നാടിന് നല്‍കിയത്. സ്വകാര്യടര്ഫുകള് പലതും പ്രമാടത്തും കോന്നിയിലുമായിട്ടുണ്ടെങ്കിലും പഞ്ചായത്ത് സ്വന്തമായി ഇത്തരം സൗകര്യം ഒരുക്കുന്നത് പത്തനംതിട്ട ജില്ലയില്‍ തന്നെ ആദ്യമായി അരുവാപ്പുലത്താണ്. നേരത്തെ തരിശ് നിലങ്ങള്‍ ഏറ്റെടുത്ത് നെല്‍കൃഷി നടത്തി. അരുവാപ്പുലം ബ്രാന്‍ഡില്‍ അരി വിപണിയില്‍ ഇറക്കിയത് ശ്രദ്ധേയമായിരുന്നു. കുത്തരിക്ക് പുറമേ അരുവാപ്പുലം മുളക് പൊടിയും പഞ്ചായത്തും കൃഷിവകുപ്പും ചേർന്ന് വിപണിയിൽ ഇറക്കി. ഇതടക്കം നിരവധി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ട് പഞ്ചായത്തിനെ നയിക്കുന്നത് 21-ാമത്തെ വയസ്സില്‍ പഞ്ചായത്ത് പ്രസിഡന്റായ രേഷ്മ മറിയം റോയി ആണ്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന പ്രത്യേകതയും രേഷ്മയ്ക്കുണ്ട്.
Content Highlights: Aruvappulam Panchayat`s abandoned land transforms into a thriving turf
Published: 01 Sept 2025, 03:15 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented