കോഴിക്കോട്: റെയിൽവേ ഭൂമിയിൽ 16 ഫ്ളോട്ടിങ് ടർഫ് മൈതാനങ്ങൾ നിർമിക്കുന്നതിനുള്ള പദ്ധതിയുമായി ദക്ഷിണ റെയിൽവേ. ഇതിൽ 14 എണ്ണം സംസ്ഥാനത്തും ഓരോന്നുവീതം കർണാടകത്തിലും തമിഴ്‌നാട്ടിലുമാണ് നിർമിക്കുന്നത്.
സംസ്ഥാനത്ത് കാസർകോട്, തൃക്കരിപ്പൂർ, കുമ്പള, കാഞ്ഞങ്ങാട്, കണ്ണൂർ, പയ്യന്നൂർ, നീലേശ്വരം, പഴയങ്ങാടി, തലശ്ശേരി, കൊയിലാണ്ടി, ഫറോക്ക്, നിലമ്പൂർ, അങ്ങാടിപ്പുറം, തിരൂർ എന്നിവിടങ്ങളിലും തമിഴ്‌നാട്ടിലെ മധുക്കര, കർണാടകത്തിലെ മംഗളൂരു, റെയിൽവേ സ്റ്റേഷനുകളുടെ സമീപത്തുള്ള ഭൂമിയിലുമാണ് ടർഫ് മൈതാനം ഒരുക്കുന്നത്. അതോടൊപ്പം കൊച്ചുകുട്ടികളുടെ കളിസ്ഥലം നിർമിക്കാനും പദ്ധതിയുണ്ട്.
റെയിൽവേക്ക് കൂടുതൽ സാമ്പത്തികസ്രോതസ്സുകൾ കണ്ടെത്തുക, പ്രാദേശികമായി കളികൾക്ക് കൂടുതൽ പ്രോത്സാഹനംനൽകുക എന്നീ ലക്ഷ്യത്തിലൂന്നിയാണ് ടർഫ് നിർമാണരംഗത്തേക്ക് റെയിൽവേ കടക്കുന്നത്. റെയിൽവേ വക ഒട്ടേറെ സ്ഥലങ്ങൾ സംസ്ഥാനത്തിന്റെ ഭാഗങ്ങളിലും വെറുതേ കിടക്കുന്നുണ്ട്. ഇവ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുകൂടിയാണ് പദ്ധതിക്ക് രൂപംനൽകിയത്. നടപടികൾ കഴിയുന്നത്ര വേഗത്തിൽ പൂർത്തിയാക്കി ഉടനടി ടെൻഡർ ഘട്ടത്തിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ അധികൃതർ.
2000 ചതുരശ്രയടി സ്ഥലത്താണ് എല്ലായിടത്തും ടർഫ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. 35 മീറ്റർ വീതിയിലും 50 മീറ്റർ നീളത്തിലുമുള്ള ടർഫുകളാകും നിർമിക്കുന്നത്. ഇതിന്റെ പരിപാലനച്ചുമതലയും റെയിൽവേക്കായിരിക്കും. ടർഫ് നിർമിക്കുന്നതിന് അനുയോജ്യമായ ഭൂമി മറ്റേതെങ്കിലും റെയിൽവേ സ്റ്റേഷന്റെ സമീപത്തുണ്ടോ എന്നതും പരിശോധിക്കണമെന്ന് പാലക്കാട് ഡിവിഷൻ സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ നിർദേശിച്ചിട്ടുണ്ട്. ഫറോക്ക് സ്റ്റേഷനു സമീപം കരുവൻതിരുത്തി റോഡിന്റെ പരിസരത്തായാണ് ടർഫ് നിർമിക്കാനുദ്ദേശിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. കൊയിലാണ്ടിയിലും സ്റ്റേഷനിൽനിന്ന് അധികം അകലെയല്ലാത്ത റെയിൽവേ ഭൂമിയിലാണ് ടർഫ് നിർമിക്കുന്നത്.
Content Highlights: Southern Railway's Ambitious Plan: 16 Floating Turf Grounds to Transform Rail Land
Published: 29 Nov 2025, 07:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented