തിരുവനന്തപുരം: ഇവിടെ ഒരാള്‍ക്ക് പത്ത് അച്ഛനുമമ്മയും ഉണ്ട്. പത്തുതരത്തിലുള്ള വാത്സല്യം, ഉമ്മകള്‍, തീന്‍മേശയില്‍ സ്‌നേഹത്തിന്റെ പത്തുതരം സ്വാദുകള്‍... പിന്നെ ഒമ്പത് സഹോദരങ്ങളും. കൂട്ടായ്മയുടെ നൂലിഴകളില്‍ തുന്നിച്ചേര്‍ത്ത ഈ ഒറ്റക്കുടുംബത്തിന് 'ഏഞ്ജല്‍സ് വേള്‍ഡ്' എന്നാണ് പേര്. ഓട്ടിസം ബാധിച്ച മക്കളെ ചേര്‍ത്തുപിടിച്ച് പത്ത് കുടുംബങ്ങളാണ് ഒരിടത്ത് പാര്‍ക്കുന്നത്. 

To advertise here,

പൊതു അടുക്കളയില്‍ പാകംചെയ്ത ഭക്ഷണം ഒന്നിച്ച് രുചിച്ച് സ്വന്തം കുട്ടികള്‍ക്കൊപ്പം മറ്റ് കുട്ടികളെയും സ്‌നേഹിച്ച് സംരക്ഷിച്ച് മണ്ണന്തലയിലെ ഏഞ്ജല്‍സ് വേള്‍ഡ് കമ്യൂണിറ്റി ലിവിങ്ങില്‍ അവര്‍ മാറ്റത്തിന്റെ പുതിയ അധ്യായത്തിന് തുടക്കമിട്ടു. കോവിഡ് സമയത്ത് മക്കള്‍ അനുഭവിച്ച മാനസിക സമ്മര്‍ദം, വീര്‍പ്പുമുട്ടല്‍ എന്നിവ നേരിട്ടറിഞ്ഞവരാണ് ഈ രക്ഷിതാക്കള്‍.

മക്കളെ വീടിനുള്ളില്‍ ഒറ്റയ്ക്കാക്കി ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥ. അങ്ങനെ ഏഴു രക്ഷിതാക്കള്‍ ചേര്‍ന്ന് ആശയത്തിന് തുടക്കമിട്ടു. 2021 ഏപ്രില്‍ 14-ന് പാറ്റൂരിലെ വാടകക്കെട്ടിടത്തില്‍ ഡേ കെയര്‍ മാതൃകയില്‍ പ്രവര്‍ത്തനം തുടങ്ങി. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നാല് രക്ഷിതാക്കള്‍ കുട്ടികള്‍ക്കൊപ്പം ഉണ്ടാകും. കേട്ടറിഞ്ഞ് മറ്റ് മൂന്ന് രക്ഷിതാക്കളുംകൂടി എത്തി. ഒന്നരവര്‍ഷം മുന്‍പ് മണ്ണന്തലയില്‍ സ്ഥലം കണ്ടെത്തി ഫ്‌ളാറ്റ് മാതൃകയില്‍ കെട്ടിട നിര്‍മാണം ആരംഭിച്ചു. 

ചെലവെല്ലൊം രക്ഷിതാക്കള്‍ തുല്യമായി നോക്കി. കഴിഞ്ഞ 14-നായിരുന്നു ഉദ്ഘാടനം. പത്ത് കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള മുറികള്‍, സ്‌കൂള്‍, പൊതു അടുക്കള, ഹോം തിയേറ്റര്‍, ജിം, സ്വിമ്മിങ് പൂള്‍, ഇന്‍ഡോര്‍ ഔട്ട് ഡോര്‍ കളിയിടങ്ങള്‍ എന്നിവയെല്ലാം ഇവിടെ സജ്ജമാണ്. കുടുംബമായി താമസിക്കുന്നവര്‍ക്ക് പുറമേ പുറത്തുനിന്നുള്ള മുപ്പതോളം കുട്ടികളുമുണ്ട് ഡേ കെയറില്‍.