നടിയും മോഡലുമായ മെര്‍ലിന്‍ മണ്‍റോയുടെ വീട് പൊളിക്കുന്നത് സംബന്ധിച്ച് വിവരങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വീട് പൊളിക്കുമെന്ന വാര്‍ത്തകള്‍ പരന്നതിനെ തുടര്‍ന്ന് നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ലോസ് ഏഞ്ചല്‍സിലാണ് മെർലിന്റെ വീട് സ്ഥിതി ചെയ്യുന്നത്. ആറുദശാബ്ദത്തോളം ലോസ് ഏഞ്ചല്‍സ് പട്ടണത്തിലെ അതിപ്രധാനപ്പെട്ട ലാന്‍ഡ്മാര്‍ക്കുകളിലൊന്നായി മാറാനും ഈ വീടിന് സാധിച്ചിരുന്നു. ഇപ്പോഴിതാ വീടിന്റെ പുതിയ ഉടമയെക്കുറിച്ചുളള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 

To advertise here,

അര ഏക്കറോളം പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന മെര്‍ലിന്റെ വീട് പുതിയ ഉടമ ഇടിച്ചുപൊളിക്കുമെന്നാണ് പലരും കരുതിയത്. സമ്പന്നയായ ബ്രിണ മില്‍സ്റ്റീനാണ് മെര്‍ലിന്റെ വീട് സ്വന്തമാക്കിയിരിക്കുന്നത്. മെര്‍ലിന്റെ വീടിന് തൊട്ടടുത്തായി സ്ഥിതി ചെയ്തിരുന്ന വീടിന്റെ മതിലും മറ്റും ഒഴിവാക്കിയിരിക്കുകയാണിപ്പോൾ. ബ്രിണ മില്‍സ്റ്റീന്‍ തന്നെയാണ് തൊട്ടടുത്ത വീടിന്റെയും ഉടമസ്ഥ.  

2016-ലാണ് 8.2 മില്ല്യണ്‍ ഡോളര്‍ (68 കോടി) മുടക്കി മെര്‍ലിന്റെ വസതിക്ക് സമീപമുള്ള വീട് ബ്രിണ സ്വന്തമാക്കുന്നത്. 2006-ല്‍ പണിക്കഴിപ്പിച്ച വീട് 6,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ളതാണ്. മെര്‍ലിന്റെയും ബ്രിണയുടെയും വീടുകള്‍ ഒറ്റൊരു കോംപൗണ്ട് ആക്കാനുള്ള ശ്രമങ്ങളാണ് നിലവില്‍ നടക്കുന്നതെന്നാണ് സൂചന. ക്ലീവ്‌ലന്‍ഡിലെ റിയല്‍ എസ്റ്റേറ്റ് ഭീമനായ കാള്‍ മില്‍സ്റ്റീന്റെ പുത്രിയാണ് ബ്രിണ. 

ഫിലാഡല്‍ഫിയ സ്വദേശിയും ടി.വി പ്രൊഡ്യൂസറുമായ റോയ് ബാങ്ക് ആണ് ബ്രിണയുടെ ഭര്‍ത്താവ്. ബ്രെന്റവുഡിലെ പുതിയ വസതികൾക്ക് പുറമേ കാലിഫോര്‍ണിയയിലെ ന്യൂപോര്‍ട്ട് ബീച്ചിലും പുതിയൊരു പ്രോപ്പര്‍ട്ടി ബ്രിണ സ്വന്തമാക്കി. 8.2 മില്ല്യണ്‍ ഡോളര്‍ (68 കോടി) മുടക്കിയാണ് കടലിന് അഭിമുഖമായുള്ള വീട് സ്വന്തമാക്കിയത്. 

മെര്‍ലിന്റെ വീടിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് വീടിന് സംരക്ഷണം നല്‍കുന്നത് പോലുള്ള കാര്യങ്ങള്‍ ലോസ് ഏഞ്ചല്‍സ് സിറ്റി കൗണ്‍സില്‍ അതിവേഗത്തില്‍ നീക്കി കൊണ്ടിരിക്കുകയാണ്. വീട് പൊളിക്കുമെന്ന വാര്‍ത്തകള്‍ പരന്നതോടെ വിമര്‍ശന സ്വരങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് അധികൃതര്‍ എത്തിയത്. 

ബ്രിണ മില്‍സ്റ്റീനോട് പരിസരവാസികള്‍ സംസാരിച്ചപ്പോള്‍ മെർലിന്റെ വീട് പൊളിക്കാന്‍ പദ്ധതികള്‍ നിലവില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1962-ല്‍ മെര്‍ലിന്റെ വീട് നിലനിന്ന അതേപടി തന്നെയാണ് അതിന്റെ പുറം ഭാഗങ്ങള്‍ ഇപ്പോഴുമുള്ളത്. അകത്തളങ്ങളില്‍ മാത്രം കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

വലിയൊരു നീന്തല്‍കുളം, അതിമനോഹരമായ പൂന്തോട്ടം എന്നിവയെല്ലാം വീടിന്റെ പ്രത്യേകതകളാണ്. രണ്ട് കാറുകള്‍ ഇടാവുന്ന തരത്തിലുള്ള ഗ്യാരേജും വീട്ടിലുണ്ട്. 1929-ല്‍ പണിത 2,900 ചതുരശ്ര അടിയുള്ള വീട് കൂടിയാണിത്. ആര്‍തര്‍ മില്ലറുമായി വേര്‍പിരിഞ്ഞ ശേഷമാണ് താരം ഈ വീട് സ്വന്തമാക്കുന്നത്. മെര്‍ലിന് സ്വന്തമായുളള ഏക വസതി കൂടിയാണിത്. 1962-ല്‍ താരം ആത്മഹത്യ ചെയ്യുന്നതും ഈ വീട്ടിലാണ്. വീടിന് ചരിത്രപരമായ സംരക്ഷണം നല്‍കുന്നത് സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണ്.