ഹിന്ദി സിനിമാമേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് സൽമാൻ ഖാൻ. ഈ ഡിസംബർ 27-ന് താരം അറുപതാം ജന്മദിനം ആഘോഷിച്ചു. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസത്തിൽ ആശംസകൾ പങ്കുവെച്ചവർക്ക് സമൂഹ മാധ്യമമായ എക്സിലൂടെ നന്ദി അറിയിച്ചിരിക്കുകയാണ് താരം. ആഘോഷങ്ങൾക്കിടെ സൽമാൻ ഖാന്റെ മുംബൈ ബാന്ദ്രയിലെ ഗാലക്സി അപാർട്മെന്റലുള്ള വീടും ശ്രദ്ധിക്കപ്പെട്ടിരുന്നു.

To advertise here,

വർഷങ്ങളായി മാതാപിതാക്കളായ സലീം ഖാൻ, സൽമ ഖാൻ എന്നിവരും സൽമാൻ ഖാനും ഗാലക്സി അപാർട്മെന്റിലാണ്. അപാർട്മെന്റിലെ ഒരു കിടപ്പുമുറിമാത്രമുള്ള ഫ്ലാറ്റിലാണ് സൽമാൻ ഖാൻ താമസിക്കുന്നത്.   താരത്തിന്റെ സൗകര്യങ്ങൾക്ക് മുൻഗണന നൽകി ഒരുക്കിയ ഈ ഫ്ലാറ്റിന് 100 കോടി രൂപ വിലമതിക്കുമെന്നാണ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്.

സിനിമാജീവിതം ആരംഭിച്ചത് മുതൽ സൽമാൻ ഈ ഫ്ലാറ്റിലാണ് താമസിക്കുന്നത്. രക്ഷിതാക്കളുടെ അടുത്ത് തന്നെ താമസിക്കുന്ന അദ്ദേഹം കുടുംബ ബന്ധങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നതിന്റെ തെളിവാണിത്. എല്ലാ സൗകര്യങ്ങളുമുള്ള വീട്ടിൽ ഈ അടുത്ത് സംഭവിച്ച പ്രധാന മാറ്റം എന്നത് ബാൽക്കണി ബുള്ളറ്റ് പ്രൂഫ് ആക്കിയതാണ്.

വർഷങ്ങളായി ജന്മദിനം, ഈദ് എന്നിങ്ങനെ പ്രത്യേക ദിവസങ്ങളിൽ വീടിന്റെ ബാൽക്കണിയിൽ നിന്ന് സൽമാൻ തന്റെ ആരാധകരെ അഭിവാദ്യം ചെയ്യാറുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട താരത്തിനെ ഒരു നോക്കുകാണാനുള്ള അവസരമായിട്ടാണ് ആരാധകർ ഈ ദിവസങ്ങളെ നോക്കികാണാറ്.

ലോറൻസ് ബിഷ്ണോയ് എന്ന അധോലക കുറ്റവാളിയിൽ നിന്നുണ്ടായ സുരക്ഷാഭീഷണിയെ തുടർന്നാണ് താരത്തിന്റെ ബാൽക്കണിയിൽ വലിയ മാറ്റങ്ങൾ വരുത്തിയത്. പണ്ട് തുറന്നിട്ടിരുന്ന ബാൽക്കണി ഇപ്പോൾ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഉപയോഗിച്ച് സുരക്ഷിതമാക്കിയിരിക്കുന്നു.

ബാൽക്കണി മാത്രമല്ല അപാർട്മെന്റിന്റെ ചുറ്റുമുള്ള സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. സിസിടിവി, കാവൽക്കാർ, എമർജൻസി എക്സിറ്റ് എന്നിവയെല്ലാം അതിന്റെ ഭാഗമാണ്.

ലളിതമായ രീതിയിലാണ് ഫ്ലാറ്റിന്റെ അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്. വീടിന്റെ സ്വീകരണ മുറിയാണ് കുടുംബവുമൊത്ത് സമയം ചെലവഴിക്കാൻ താരം കൂടുതലായും തിരഞ്ഞെടുക്കുന്നത്. വീടിന്റെ കൂടെയുള്ള ഹോം ജിമ്മാണ് അപാർട്മെന്റിന്റെ മറ്റൊരു പ്രധാന ആകർഷണം.