വെള്ളപ്പൊക്കം കേരളത്തിൽ പതിവായിരിക്കുകയാണ്. പ്രവചിക്കാനാകാത്ത വിധമാണ് ഇത്തവണയും മഴ. കോട്ടയം, പത്തനംതിട്ട പോലുള്ള ജില്ലകൾ വെള്ളത്തിടയിലായി. വലുപ്പച്ചെറുപ്പമില്ലാതെ വീടുകളും. അതുകൊണ്ടുതന്നെ പ്രളയത്തെക്കൂടി മുന്നിൽ കണ്ടുകൊണ്ട് വേണ്ടേ മലയാളി ഇനി വീട് വയ്ക്കാൻ എന്ന ചോദ്യം വളരെ പ്രസക്തമാണ്.

To advertise here,

പ്രളയത്തെക്കൂടി ഉൾക്കൊണ്ടുവേണം ഇനിയുള്ള വീട് നിർമ്മാണം. വെള്ളം വന്നാൽ വെള്ളത്തിനും ഉയരേ നിൽക്കണം നമ്മുടെ വീടുകൾ. വെള്ളം ഇറങ്ങിക്കഴിഞ്ഞാൽ വീടുകൾ പൂർവ സ്ഥിതിയിലാക്കുക എന്നത് ശ്രമകരമായ ജോലിയാണ്. ഫർണിച്ചറും വീട്ടുപകരണങ്ങളും നശിക്കുമെന്ന് മാത്രമല്ല വീടിന്റെ സ്ട്രക്ചറിന് പോലും കാര്യമായ കേടുപാട് സംഭവിക്കാൻ സാധ്യതയുണ്ട്.

ഉയരത്തിൽ വീടുകൾ

പുതിയതായി വീടുകൾ വയ്ക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, അത് വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് ആണെങ്കിൽ കഴിഞ്ഞ മഴക്കാലത്ത് വെള്ളം ഏത് അളവിൽ വരെ കയറി എന്ന് പരിശോധിക്കണം. ആ നിരപ്പിൽ നിന്ന് ഉയർത്തിവേണം വീട് നിർമ്മിക്കാൻ. ഇത്തരം സാഹചര്യത്തിൽ പില്ലറുകൾ നിർമ്മിച്ച് അതിന് മുകളിൽ വീട് നിർമ്മിക്കാറുണ്ട്. Stilt Housse എന്നാണ് ഇത്തരം വീടുകൾ അറിയപ്പെടുന്നത്. വിയറ്റ്‌നാമിലും മ്യാൻമറിലും അമേരിക്കയിലെ ചില ഭാഗങ്ങളിലും ഇത്തരത്തിലുള്ള സ്റ്റിൽറ്റ് ഹൗസുകൾ ഉണ്ട്. ഒരു പരിധിവരെ ഇത്തരം വീടുകൾക്ക് വെള്ളപ്പൊക്കത്തെ ചെറുക്കാൻ കഴിയും. പക്ഷേ കേരളത്തിലെ കാലാവസ്ഥയും മഴ പെയ്യുന്നതിലെ അളവും പ്രവചിക്കാനാകാത്തതുകൊണ്ടുതന്നെ ഇത്തരം വീടുകളും സുരക്ഷിതമാണോയെന്ന് പറയാനാകില്ല. 2018 ലെ പ്രളയത്തിൽ വെള്ളം കയറാത്ത പല പ്രദേശങ്ങളിലും ഇത്തവണ വെള്ളം കയറിയിട്ടുണ്ട്. അതുകൊണ്ട് പില്ലറുകൾ എത്ര ഉയർത്തണം എന്നത് മുൻകൂട്ടി പ്രവചിക്കാനാകില്ല. ഇത്തരം സാഹചര്യങ്ങളിലാണ് ആംഫിബീയൻസ് വീടുകളുടെ പ്രസക്തി.

എന്താണ് ആംഫിബീയസ് വീടുകൾ

വെള്ളത്തിലും കരയിലും ജീവിക്കാവുന്ന വീടുകൾ എന്ന് ഇത്തരം വീടുകളെ വിളിക്കാം. സാധാരണ വീട് വയ്ക്കുന്ന പോലെ തറനിരപ്പിൽ തന്നെയാണ് ഈ വിടുകൾ വയ്ക്കുന്നത്. എന്നാൽ വെള്ളപ്പൊക്കം ഉണ്ടായാൽ വീടുകൾ വെള്ളത്തിന് മീതെ പൊങ്ങിക്കിടക്കും. വെള്ളം ഇറങ്ങുമ്പോൾ വീടുകൾ പൂർവ്വ സ്ഥിതിയിലാകുകയും ചെയ്യും.

ഏതെങ്കിലും ജലാശയത്തിനടുത്താണ് ആംഫിബിയസ് വീട് സ്ഥാപിക്കുക. വെള്ളം ഉയരുന്നതിനനുസരിച്ച് പൊങ്ങാൻ സഹായിക്കുന്ന ഒരു ബോയന്റ് ഫൗണ്ടേഷൻ ഈ വീടിനുണ്ടാവും. രണ്ട് മുതൽ മൂന്ന് മീറ്റർ വരെ ഉയരമുള്ള കോൺക്രീറ്റ് ബോക്‌സാണ് ബോയന്റ് ഫൗണ്ടേഷനായി ഉപയോഗിക്കുക. ഇതിന്റെ ഉൾഭാഗം അത്രയും വലുതായതുകൊണ്ടുതന്നെ ഒരു റൂമായും ഉപയോഗപ്പെടുത്താൻ സാധിക്കും. ഈ ഫൗണ്ടേഷന്റെ 60 ശതമാനത്തിനു മുകളിൽ വെള്ളം ഉയരുമ്പോൾ ഫൗണ്ടേഷനും അതിനു മുകളിലുള്ള സൂപ്പർ സ്ട്രക്ചറുമെല്ലാം (അതായത് വീടും) പൊങ്ങാൻ തുടങ്ങും. പിന്നീട് വെള്ളം താഴുന്നതുവരെ ഇത് കപ്പൽപ്പോലെ വെള്ളത്തിനുമുകളിലൂടെ ഒഴുകിക്കിടക്കും. ആർക്കിമെഡീസ് തത്വമനുസരിച്ചാണ് ഇതിന്റെ വർക്കിങ്. ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഇത്തരം വീടുകൾക്ക് ഭൂമിയുമായി ആകെയുള്ള കണക്ഷൻ ഫൗണ്ടേഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന നാല് ഗൈഡൻസ് പോസ്റ്റുകളാണ്. വഞ്ചിയൊക്കെ കെട്ടിയിടുന്നതുപോലെ കോൺക്രീറ്റ് കൊണ്ടുള്ള നാല് പോസ്റ്റുകൾ ഫൗണ്ടേഷനും സൂപ്പർസ്ട്രക്ചറുമായി ബന്ധിപ്പിച്ചിരിക്കുന്നു. വെള്ളം താഴുമ്പോൾ വീട് ഈ പോസ്റ്റുകളിലൂടെ ആയിരുന്നിടത്തുതന്നെ തിരികെവന്ന് സ്ഥിതി ചെയ്യുകയും ചെയ്യും. മുകളിലേക്കും താഴേക്കും മാത്രമേ ചലനമുണ്ടാവുന്നുള്ളൂ. അതിനാൽ ആംഫിബിയസ് വീട് ഒരിക്കലും നിശ്ചലമല്ല,ഡൈനാമിക് ആണ്.

സുരക്ഷയിൽ പേടി വേണ്ട

വീടും വീട്ടിനകത്തുള്ളവരുമെല്ലാം വെള്ളപ്പൊക്കസമയത്ത് സുരക്ഷിതരായിക്കും. നമ്മൾ കപ്പലിൽ കയറുമ്പോൾ വെള്ളത്തിന്റെ മുകളിലൂടെ ഒഴുകിനടക്കുകയാണെന്ന് അറിയുമോ? അതുപോലെയാണ് ഇതും.  പുറമേ നിന്ന് നോക്കുന്നവർക്ക് വീട്ടിനകത്തുള്ളവർ ആടിയുലയുന്നതായി തോന്നും. എന്നാൽ, ഉള്ളിലുള്ളവർ അറിയുന്നില്ല എന്നതാണ് വാസ്തവം. ഒരു വഞ്ചിയും കപ്പലും കടലിലിറക്കുന്നതുപോലെയുള്ള വ്യത്യാസമുണ്ടിവിടെ. ആംഫിബിയസ് വീടുകളുടെ ഫൗണ്ടേഷൻ നല്ല സ്‌ട്രോങാണ്. ഏകദേശം 70 ടൺ ഭാരമുള്ള കോൺക്രീറ്റ് ബോക്‌സുകളാണ് ഫൗണ്ടേഷനായി പണിയുന്നത്. 30 ടണ്ണാണ് സൂപ്പർസ്ട്രക്ചറിന്റെ ഭാരം.

വീടിന് പരമാവധി ഭാരം കുറച്ചു പണിയാനായിരിക്കും ശ്രമിക്കുക. ഭാരം കുറഞ്ഞതും വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്നതുമായ സാമഗ്രികളായിരിക്കും ഉപയോഗിക്കുന്നത്. പക്ഷേ, ഒരോ സ്ഥലത്തിനനുസരിച്ച് വീടിന്റെ ഫൗണ്ടേഷൻ മാറും. കോൺക്രീറ്റ് ബ്ലോക്കുകളാണ് സാധാരണ ഉപയോഗിക്കുന്നത്. എന്നാൽ, എല്ലായിടത്തും ഇങ്ങനെയല്ല. അതനുസരിച്ച് ചെലവിലും വ്യത്യാസം വരും. നെതർലൻഡ്സിലാണ് ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയആംഫിബിയസ് വീട് പണികഴിപ്പിച്ചിട്ടുള്ളത്. കോൺക്രീറ്റ് ബോയന്റ് ഫൗണ്ടേഷനാണ് ഉപയോഗിച്ചിരിക്കുന്നത്. കേരളത്തിന്റെ കാലാവസ്ഥ മാറുകയാണ് നമ്മുടെ ഗൃഹനിർമ്മാണ രീതികളും മാറിയെ മതിയാകു