യുവാക്കളെയടക്കം നിരവധിപേരെ ഒരുകാലത്ത് ഹരംകൊള്ളിച്ച സുന്ദരിയാണ് അമേരിക്കൻ നടിയും മോഡലുമായ മെര്‍ലിന്‍ മണ്‍റോ. താരത്തിന്റെ ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്. മെര്‍ലിന്‍ മണ്‍റോയുടെ ലോസ് ഏഞ്ചല്‍സിലെ വീട് പൊളിക്കുമെന്നാണ് ഏറ്റവും ഒടുവിലായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 

To advertise here,

വീടിന്റെ പുതിയ ഉടമസ്ഥന്‍ വീടുപൊളിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തുവെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രെന്റ് വുഡിലാണ് മെര്‍ലിന്റെ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. 1962-ല്‍ താരം ആത്മഹത്യ ചെയ്യുന്നതും ഇവിടെയാണ്. മെര്‍ലിന് സ്വന്തമായുളള ഏക വസതി കൂടിയാണിത്. 

ആറുദശാബ്ദത്തോളം ലോസ് ഏഞ്ചല്‍സ് പട്ടണത്തിലെ അതിപ്രധാനപ്പെട്ട ലാന്‍ഡ്മാര്‍ക്കുകളിലൊന്നായി മാറാനും ഈ വീടിന് സാധിച്ചു. ലാറ്റിന്‍ ഭാഷയില്‍ 'എന്റെ യാത്ര ഇവിടെ അവസാനിക്കുന്നു', എന്ന് അര്‍ത്ഥം വരുന്ന ഒരു ബോര്‍ഡും വീടിന്റെ മുന്‍വശത്തായി മെര്‍ലിന്‍ സ്ഥാപിച്ചിരുന്നു. 

1962-ല്‍ വീട് നിലനിന്ന അതേപടി തന്നെയാണ് അതിന്റെ പുറം ഭാഗങ്ങള്‍ ഇപ്പോഴുമുള്ളത്. അകത്തളങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വലിയൊരു നീന്തല്‍കുളം, അതിമനോഹരമായ പൂന്തോട്ടം എന്നിവയെല്ലാം വീടിന്റെ പ്രത്യേകതകളാണ്. രണ്ട് കാറുകള്‍ ഇടാവുന്ന തരത്തിലുള്ള ഗ്യാരേജും വീട്ടിലുണ്ട്. 

2014-ൽ എമറാള്‍ഡ് ലേക്ക് ഫണ്ട് മാനേജര്‍ ഡാന്‍ ലൂക്കാസും ഭാര്യ ആനിയും 73 ലക്ഷത്തിനാണ് വസതി സ്വന്തമാക്കിയത്. ആറുവര്‍ഷത്തോളം ഈ വീട്ടിലാണ് ദമ്പതിമാര്‍ താമസിച്ചിരുന്നത്. ആറുമാസങ്ങള്‍ക്ക് മുമ്പ് 1.3 കോടി രൂപയ്ക്ക് സമീപത്തുള്ള ഒരു വീടുകൂടി ഇരുവരും സ്വന്തമാക്കിയിരുന്നു. 

കഴിഞ്ഞ മാസം പേര് വെളിപ്പെടുത്താത്ത ഒരു വ്യക്തിക്ക് 84 ലക്ഷത്തിന് ഇവര്‍ വീട് വിറ്റു. ഔദ്യോഗിക പെര്‍മിറ്റ് ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.