
കോട്ടയം: തൃക്കരിപ്പൂര്‍ തലിച്ചാലത്ത് 400 വര്‍ഷം പഴക്കമുള്ള എട്ടുകെട്ട് പുനര്‍ജനിക്കുന്നു. കോട്ടയം അയ്മനത്തെ പ്രശസ്തമായ മനയാണ് തൃക്കരിപ്പൂര്‍ ഫോക് ലാന്‍ഡിന്റെ നേതൃത്വത്തില്‍ പുനര്‍ജനിക്കുന്നത്. മരം കൊണ്ടുള്ള ചുമരുകളും ഓടുകളും പത്തായപ്പുരയുമുള്ളതാണ് എട്ടുകെട്ട്. അയ്മനത്തുനിന്ന് പൊളിച്ചെടുത്ത എട്ടുകെട്ടിന്റെ ഓട് അടക്കമുള്ള എല്ലാ ഉരുപ്പടികളും വാഹനത്തില്‍ തൃക്കരിപ്പൂരിലെത്തിച്ച് പരമ്പരാഗത രീതിയിലാണ് പുനര്‍നിര്‍മാണം. നശിച്ച മര ഭാഗങ്ങള്‍ അതേ ഇനത്തില്‍പ്പെട്ട മരം കൊണ്ട് പുതുക്കിപ്പണിതാണ് ഒരുക്കിയെടുക്കുന്നത്. കേരളത്തിന്റെ പരമ്പരാഗത തനത് ഭവന നിര്‍മാണശൈലി ആര്‍ക്കിടെക്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള അവസരം കൂടിയാവുകയാണ് ഇത്.
പഴയകാലത്തെ മരവീടുകളുടെ സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താനാണ് ഫോക്ലാന്ഡ് ഈ ദൗത്യം ഏറ്റെടുത്തതെന്ന് ഫോക്ലാ ന്‍ഡ് ചെയര്മാന് ഡോ. വി.ജയരാജന് പറഞ്ഞു.
ഉത്തരകേരളത്തില്‍ ഏറെ പരിചിതമല്ലാത്ത അറയും നിറയുമുള്ള ഭവനമാണിത്. ഏതു കാലാവസ്ഥയിലും ധാന്യങ്ങളും നാണ്യവിളകളും കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്നതാണ് അറകള്‍. നിറ എന്നത് ചുവരുകളാണ്. മരച്ചുമരില്‍ ഒന്നരയടി താഴ്ചയില്‍ അരഞ്ഞാണവും നിര്‍മിക്കുന്നു. ചുവരുകള്‍ക്ക് ബലവും സൗന്ദര്യവും നല്‍കുന്നതിനാണ് ഇത്. ആഞ്ഞിലി, പ്ലാവ്, തേക്ക്, തേന്മാവ്, ഇരൂള്‍, തമ്പകം, ഈട്ടി തുടങ്ങിയ മരങ്ങളാണ് നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നത്. ഭൂമി കുഴിച്ചാണ് അറയില്‍ പത്തായം ഉണ്ടാക്കുന്നത്.
ശില്പശാലയോടെ തുടക്കം
ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ്, കോളേജ് ഓഫ് എന്‍ജിനീയറിങ് പയ്യന്നൂര്‍, ഡോര്‍ഫ് കെറ്റല്‍ എന്നിവയുടെ സഹകരണത്തോടെ ഫോക് ലാന്‍ഡ് നടത്തിയ ഏഴുദിവസത്തെ ശില്പശാലയോടെയാണ് കെട്ടിടനിര്‍മാണം തുടങ്ങിയത്. ഒരാഴ്ച നീണ്ടുനിന്ന ശില്പശാലയില് പ്രശസ്തരായ ആര്‍ക്കിടെക്ടുകളും മരപ്പണിക്കാരും കല്പണിക്കാരും നൂറോളം ആര്‍ക്കിടെക്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികളും പങ്കെടുത്തു.
നാലുകെട്ടും എട്ടുകെട്ടും 16 കെട്ടും 32 കെട്ടും മറ്റും കൂട്ടുകുടുംബവും മരുമക്കത്തായ സമ്പ്രദായവും ശില്പശാലയില് വിഷയങ്ങളായി.
കേരളത്തിലെ പ്രമുഖ കണ്‍സര്‍വേഷന്‍ ആര്‍ക്കിടെക്ടുമാരായ യൂജിന്‍ പണ്ടാലെ, ബിനുമോള്‍ ടോം, പ്രവീണ്‍ ചന്ദ്ര, ദേവകുമാര്‍, ശ്യാം എന്നിവര്‍ പരമ്പരാഗത മരവീടുകളെയും ഭവനങ്ങളുടെ സംരക്ഷണത്തിന്റെ ആവശ്യകതയെയും കുറിച്ച് ശില്പശാലയില് ചര്‍ച്ച ചെയ്തു. കൊത്തുപണിയോടുകൂടിയ കട്ടിള, മയില്പ്പൂട്ട്, നിരപ്പലക, മഞ്ചാടി ജനല്‍, പത്തായം, പൂമച്ച്, കൊടിഞ്ഞ, ചരുവ് മച്ച്, കഴുക്കോല്, കോടിക്കഴുക്കോല്‍, നേര്കണ, ചേതരി കഴുക്കോല്, വള, വളബന്ധം, തൂളിമാനം, പട്ടത്തൂണ്, പിണ്ടിത്തൂണ് എന്നിവ അതുപോലെ മിനുക്കി ഉറപ്പിക്കുകയാണ്. ഇവയുടെ പ്രദര്‍ശനവും നടന്നു.
കൊച്ചുണ്ണി താമസിച്ച വീട്
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരം കൊണ്ടുള്ള നിരവധി റിസോര്‍ട്ടുകളും വീടുകളും നിര്‍മിച്ച ആലപ്പുഴയിലെ ജി.ഉത്തമനാണ് തലിച്ചാലത്തെ വീട് പുനര്‍നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്.
അയ്മനം പഞ്ചായത്തിലെ എം.കെ.നീലകണ്ഠന് അയ്യരുടെ 'വാധ്യാന്മന' എന്ന ഭവനം വിലയ്ക്കെടുത്താണ് പുനര്‍നിര്‍മിക്കുന്നത്. പൊളിച്ചുമാറ്റുകയായിരുന്ന കെട്ടിടത്തിനകെത്ത ചരിത്രവസ്തുക്കളും ഏടാകൂടങ്ങളും ഇവിടത്തേക്ക് കൊ ണ്ടുവന്നിട്ടുണ്ട്.
പാരമ്പര്യത്തിന്റെ തനിമ പേറുന്ന ഈ വീടിന് ഒരു ചരിത്രകഥ കൂടിപറയാനുണ്ട്. കായംകുളം കൊച്ചുണ്ണി ഒരുദിവസം ഈ ഭവനത്തില്‍ അന്തിയുറങ്ങുകയും വാധ്യാന്മനയിലെ മൂസാനമ്പൂതിരിയോടുള്ള ബഹുമാനത്താല്‍ നമ്പൂതിരിക്ക് കൊച്ചുണ്ണി തന്റെ വജ്രമോതിരം സമ്മാനിച്ചുവെന്നും പറയുന്നു. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ ഇക്കാര്യം പറയുന്നുണ്ട്.
ഭവനത്തെ പൊതു ഇടമാക്കി മാറ്റാനുള്ള ശ്രമം
ഇന്ന് വീടുകള്‍ അടച്ചിട്ട സ്വകാര്യ കേന്ദ്രങ്ങളാണ്. പഴയകാലത്ത് ഭവനങ്ങള്‍ പൊതു ഇടങ്ങളായിരുന്നു. നൃത്തമണ്ഡപവും വിശാലമായ നാടകവേദിയും ഇവിടങ്ങളിലുണ്ടായിരുന്നു. പല കലാരൂപങ്ങളും വീടുകളില്‍ അവതരിപ്പിച്ചിരുന്നു. ഈ രീതി അവലംബിക്കാനാണ് ഫോക്ലാന്‍ഡിന്റെ ശ്രമം.
Content Highlights: 400 years old ettukettu renovating
Published: 17 Mar 2020, 02:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented