യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഇന്ന് ഏറ്റവും വലിയ തലവേദന കുതിച്ചുയരുന്ന ഹോട്ടൽ വാടകയും താമസച്ചെലവുമാണ്. എന്നാൽ, ഒരു രൂപപോലും വാടക നൽകാതെ ലണ്ടനിലെയും പാരീസിലെയും മുംബൈയിലെയും വീടുകളിൽ താമസിച്ച് യാത്രകൾ ആസ്വദിക്കാൻ കഴിഞ്ഞാലോ? കേൾക്കുമ്പോൾ അതിശയം തോന്നാമെങ്കിലും ലോകമെമ്പാടുമുള്ള സഞ്ചാരികൾക്കിടയിൽ ഇന്ന് അതിവേഗം പ്രചാരം നേടുന്ന 'ഹൗസ് ആൻഡ് പെറ്റ് സിറ്റിങ്' എന്ന രീതി ഇതാണ്.

To advertise here,

വീട്ടുടമസ്ഥർ അവധിക്കാല യാത്രകൾക്കോ മറ്റ് ആവശ്യങ്ങൾക്കോ പോകുമ്പോൾ അവരുടെ വീടും വളർത്തുമൃഗങ്ങളെയും സുരക്ഷിതമായി നോക്കിനടത്തുക എന്നതാണ് ഇതിന്റെ രീതി. ഇതിനു പകരമായി സഞ്ചാരികൾക്ക് ആ വീട്ടിൽ സൗജന്യമായി താമസിക്കാം. പണമിടപാടുകളില്ലാതെ ഇരുവിഭാഗത്തിനും ഒരുപോലെ പ്രയോജനം ചെയ്യുന്ന ഒരു പരസ്പരധാരണയാണിത്.

വളർത്തുമൃഗങ്ങളെ ഹോസ്റ്റലുകളിലോ കെന്നലുകളിലോ ആക്കി പോകാൻ മടിയുള്ളവർക്ക് വലിയ ആശ്വാസമാണ് ഈ സംവിധാനം. സ്വന്തം വീട്ടിലെ പരിചിതമായ അന്തരീക്ഷത്തിൽത്തന്നെ നായ്ക്കൾക്കും പൂച്ചകൾക്കും കഴിയാനാകും എന്നതാണ് ഉടമകൾ ഇതിനെ ഇഷ്ടപ്പെടാൻ പ്രധാന കാരണം. അതേസമയം, ഡിജിറ്റൽ നൊമാഡുകൾക്കും ദീർഘകാല യാത്രകൾ നടത്തുന്നവർക്കും താമസച്ചെലവ് പൂർണമായും ലാഭിക്കാൻ ഇതിലൂടെ സാധിക്കുന്നു.

ഓസ്‌ട്രേലിയക്കാരായ ഷാരിൻ നിൽസണും ഭർത്താവ് ടിമ്മും ഈ രീതിയിലൂടെ 140-ലധികം രാജ്യങ്ങളാണ് സന്ദർശിച്ചത്. കഴിഞ്ഞ ഏഴുവർഷത്തിനിടെ 770 രാത്രികൾ അവർ മറ്റുള്ളവരുടെ വീടുകളിൽ വളർത്തുമൃഗങ്ങളെ നോക്കി താമസിച്ചു. മുംബൈ, ലണ്ടൻ, പാരീസ്, സൂറിച്ച് തുടങ്ങിയ നഗരങ്ങളെല്ലാം ഈ പട്ടികയിലുണ്ട്. 'ട്രസ്റ്റഡ് ഹൗസ്‌സിറ്റേഴ്സ്' പോലുള്ള രാജ്യാന്തര പ്ലാറ്റ്‌ഫോമുകളിൽ മാത്രം 2.4 ലക്ഷത്തോളം അംഗങ്ങളുണ്ട്. ബ്രിട്ടനിൽ 55 ശതമാനവും അമേരിക്കയിൽ 69 ശതമാനവും വളർച്ചയാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയത്.

വിദേശരാജ്യങ്ങളിൽ സൗജന്യ താമസത്തിനു പകരമുള്ള 'എക്സ്ചേഞ്ച്' രീതിയാണ് കൂടുതൽ പ്രചാരത്തിലുള്ളതെങ്കിൽ ഇന്ത്യയിൽ പ്രൊഫഷണൽ പെറ്റ് സിറ്റിങ് സേവനങ്ങളാണ് വൻതോതിൽ വളരുന്നത്. അണുകുടുംബങ്ങളുടെ വർധനയും നഗരങ്ങളിലെ തിരക്കേറിയ ജോലിസമയവും യാത്രകൾ കൂടിയതുമാണ് ഇന്ത്യയിൽ ഈ മേഖലയ്ക്ക് കരുത്താകുന്നത്.

2025-ൽ 880 കോടി രൂപയായിരുന്ന ഇന്ത്യയിലെ പെറ്റ് സിറ്റിങ് വിപണി 2026-ൽ 1000 കോടി രൂപയിലേക്ക് വളർന്നു. 2025-ലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏകദേശം 3.90 കോടി വളർത്തുമൃഗങ്ങളുണ്ട്. വിപണിയുടെ 65 ശതമാനവും നായ്ക്കളുടെ പരിപാലനവുമായി ബന്ധപ്പെട്ടതാണ്. എന്നാൽ, ഫ്ലാറ്റുകളിലും അപ്പാർട്ട്മെന്റുകളിലും പൂച്ചകളെ വളർത്തുന്നവരുടെ എണ്ണം കൂടിയതോടെ പൂച്ചകളുടെ പരിപാലനമേഖലയാണ് ഏറ്റവും വേഗത്തിൽ വളരുന്നത്.

വീട്ടിൽ താമസിച്ച് പരിപാലിക്കുന്ന 'കെയർ വിസിറ്റുകൾക്കാണ്' കൂടുതൽ ആവശ്യക്കാരുള്ളത്. ജോലിക്കു പോകുന്നവർക്കായി പകൽസമയങ്ങളിൽ വന്ന് ഭക്ഷണം നൽകുകയും നടക്കാൻ കൊണ്ടുപോവുകയും ചെയ്യുന്ന 'ഡ്രോപ്പ്-ഇൻ വിസിറ്റുകൾക്കും' പ്രിയമേറിവരികയാണ്.

ദി പെറ്റ് നെസ്റ്റ്' (ThePetNest), 'സോഫി' (Zauffy), 'വാഗ് ആൻഡ് ബുഷ്' (wagNbush), 'പാവ്‌സ്പേസ്' (PawSpace), 'പെറ്റ്ബാക്കർ' (PetBacker), പൂച്ചകൾക്ക് മാത്രമായുള്ള 'ജസ്റ്റ് ക്യാറ്റ്' (JustCat) തുടങ്ങിയ നിരവധി ആപ്പുകളും പ്ലാറ്റ്‌ഫോമുകളും ഇന്ന് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ സജീവമാണ്.

യാത്രകൾക്കൊപ്പം പെറ്റ് സിറ്റിങ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ട്രസ്റ്റഡ് ഹൗസ്‌സിറ്റേഴ്സ്, മൈൻഡ് മൈ ഹൗസ്, ഹൗസ് കെയറേഴ്സ് തുടങ്ങിയ വെബ്‌സൈറ്റുകളിൽ വാർഷിക അംഗത്വം എടുക്കാം. 29 ഡോളർ മുതൽ 259 ഡോളർ വരെയാണ് വിവിധ പ്ലാറ്റ്‌ഫോമുകളിലെ വാർഷികനിരക്ക്.

എന്നാൽ, ഇത് വലിയ ഉത്തരവാദിത്തമാണെന്ന് ഈ രംഗത്തുള്ളവർ ഓർമിപ്പിക്കുന്നു. മൃഗങ്ങൾക്ക് കൃത്യസമയത്ത് ഭക്ഷണം നൽകുക, മരുന്നുകൾ കൊടുക്കുക, നടക്കാൻ കൊണ്ടുപോവുക എന്നിവയിൽ വിട്ടുവീഴ്ച പാടില്ല. അതിനാൽ പകൽ മുഴുവൻ കറങ്ങിനടക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് എപ്പോഴും അനുയോജ്യമാകണമെന്നില്ല.

സുരക്ഷയ്ക്കായി ഐഡി വെരിഫിക്കേഷൻ, മുൻകാല റിവ്യൂകൾ, ഉടമസ്ഥരുമായുള്ള വിഡിയോ കോൾ എന്നിവ ഈ പ്ലാറ്റ്‌ഫോമുകളിൽ നിർബന്ധമാണ്. വിദേശരാജ്യങ്ങളിൽ ടൂറിസ്റ്റ് വിസയിൽ പോയി പെറ്റ് സിറ്റിങ് ചെയ്യുമ്പോൾ അത് 'ജോലി'യാണെന്ന് തെറ്റിദ്ധരിച്ച് ഇമിഗ്രേഷൻ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ അതത് രാജ്യങ്ങളിലെ നിയമങ്ങൾ മുൻകൂട്ടി പരിശോധിക്കേണ്ടതുണ്ട്.