വത്തിക്കാനിൽനിന്ന് വെറും മൂന്ന് കിലോമീറ്റർ അകലെയാണ് 'ഇരുണ്ട കടകളുടെ തെരുവ്' എന്നർഥം വരുന്ന വിയ ദെല്ലെ ബോത്തേഗെ ഓസ്കുറെ. പുരാതന റോമൻ കാലഘട്ടംമുതൽ ആധുനിക ഇറ്റാലിയൻ രാഷ്ട്രീയംവരെ നീളുന്ന വലിയൊരു ചരിത്രപശ്ചാത്തലം ഈ തെരുവിനുണ്ട്. 1991 വരെ ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആസ്ഥാനം ഈ തെരുവിലെ നാലാം നമ്പർ കെട്ടിടത്തിലായിരുന്നു.

To advertise here,

ഈ പഴയ കെട്ടിടത്തിന്റെ പ്രവേശനകവാടത്തിൽ എത്തിയാൽ ആദ്യം നിങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നത് ഇടത്തെ ചുവരിൽ പതിച്ച ചുറ്റികയും അരിവാളുമാണ്. പടിക്കെട്ടുകൾക്കുതാഴെ ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളും ചിന്തകനുമായ അന്റോണിയോ ഗ്രാംഷിയുടെ പ്രൗഢമായ അർധകായപ്രതിമയുമുണ്ട്. ഇത് അതേപടി നിലനിർത്തണമെന്ന് സർക്കാരിന്റെ നിബന്ധനയുണ്ട്. അല്ലെങ്കിൽ, കെട്ടിടം ഹോട്ടലായി മാറിയപ്പോൾത്തന്നെ ഈ കമ്യൂണിസ്റ്റ് ചിഹ്നങ്ങളൊക്കെ ഒഴിവാക്കപ്പെട്ടേനെ. പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാർട്ടിയായിരുന്ന ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആസ്ഥാനത്താണ് അടുത്തിടെ ‘തോംസൺ റോം’ എന്ന പഞ്ചനക്ഷത്ര ഹോട്ടൽ പ്രവർത്തനം തുടങ്ങിയത്.

‘ചുവപ്പൻ വത്തിക്കാൻ’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഈ കെട്ടിടത്തിലെ മുറികളിൽ അന്ന് മർദകരെ നേരിടേണ്ടതിനെക്കുറിച്ചുള്ള ചർച്ചകളാണ് നടന്നിരുന്നതെങ്കിൽ, ഇന്നവ ആഡംബരത്തിന്റെയും സുഖലോലുപതയുടെയും ഇടങ്ങളാണ്. ഒരുകാലത്ത് തൊഴിലാളിവർഗത്തിന്റെ ശബ്ദമായിരുന്ന ഈ വിലാസം ഇന്ന് ലോകമെമ്പാടുമുള്ള സമ്പന്നരായ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. മുൻപ് ഇവിടെ പതിവായി വന്നിരുന്നവർക്ക് കെട്ടിടം തിരിച്ചറിയാൻപോലുമാകാത്തവിധം മാറിയിരിക്കുന്നു.

ഈ മാറ്റം ഒറ്റരാത്രികൊണ്ടുണ്ടായതല്ല. 1991-ൽ പാർട്ടി പിരിച്ചുവിട്ടതോടെയായിരുന്നു മാറ്റങ്ങളുടെ തുടക്കം. 2000 വരെ ഡെമോക്രാറ്റ്സ് ഓഫ് ദ ലെഫ്റ്റിന്റെ ആസ്ഥാനമായിരുന്നു ഇവിടം. പിന്നീടത് ഇറ്റാലിയൻ ബാങ്കിങ് അസോസിയേഷന്റെ ഓഫീസായി. കുറച്ചുനാൾ ‘റിനാഷിറ്റ’ എന്ന ഇടതുപക്ഷ പുസ്തകശാല താഴത്തെ നിലയിൽ പ്രവർത്തിച്ചു. എന്നാൽ, പ്രതിമാസം 15,000 യൂറോ വാടക നൽകാൻ കഴിയാതെ വന്നതോടെ 2009-ൽ ആ കട അടച്ചുപൂട്ടി. പിന്നീട് ഈ കെട്ടിടം സ്വന്തമാക്കിയത് ഇറ്റലിയിലെ തീവ്ര വലതുപക്ഷ പാർട്ടിയായ ലെഗായുടെ നേതാവും കോടീശ്വരനുമായ ആന്റോണിയോ ആഞ്ചെലൂച്ചിയാണ്. തുടർന്നാണ് കെട്ടിടം ഹയാത്ത് ഗ്രൂപ്പിന്റെ ഹോട്ടലായി മാറിയത്.

പഴയ പാർട്ടി സെക്രട്ടറിയുടെ ഓഫീസ് ഇന്ന് 65,000 രൂപ വാടകയുള്ള ആഡംബര മുറിയാണ്. ആകെ 69 മുറികളാണ് ഹോട്ടലിനുള്ളത്. ബാൽക്കണിയിലേക്കു തുറക്കുന്ന പൊക്കമുള്ള ജനാലകളിലൂടെ പഴയ റോമൻ ചരിത്രസ്മാരകങ്ങൾ കാണാം. കേന്ദ്രകമ്മിറ്റിക്ക് രാജ്യമെമ്പാടുനിന്നും എത്തിയിരുന്ന സഖാക്കൾ പ്രത്യയശാസ്ത്രചർച്ചകളിൽ ഏർപ്പെട്ടിരുന്ന ടെറസിൽനിന്നുകൊണ്ട് ഇന്ന് നിങ്ങൾക്ക് നെഗ്രോണി കോക്ക്ടെയിൽ നുണയാം. പാർട്ടി പിരിച്ചുവിട്ടിട്ട് മൂന്നരപ്പതിറ്റാണ്ടിലേറെയായെങ്കിലും, ഈ ചുവരുകൾ ഇന്നും ഓർമിപ്പിക്കുന്നത് ഒരു കാലഘട്ടത്തെയും അതിന്റെ സ്വപ്നങ്ങളെയുമാണ്.