
വീടുനിർമാണത്തിൽ പരമാവധി വ്യത്യസ്തത പുലർത്താൻ ശ്രമിക്കുന്നവരാണ് മിക്കയാളുകളും. വീടുനിർമാണത്തിന് മുമ്പേ ഇന്റീരിയർ, എക്സ്റ്റീരിയർ ഡിസൈനുകളെക്കുറിച്ച് വ്യക്തമായ ധാരണയുമുണ്ടാകും. അത്തരത്തിൽ ഒറ്റനോട്ടത്തിൽ തന്നെ വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന ഒരു വീടുണ്ട് കൊച്ചിയിൽ. മൂന്ന് തട്ടുകളുള്ള മേൽക്കൂരയാണ് വീടിന്റെ പ്രധാന ആകർഷണം.

പഴയ ഓടുകളും മറ്റും ഉപയോഗിച്ചതുൾപ്പെടെ ചെലവുചുരുക്കാനുള്ള ഒരു ഘടകങ്ങളിലും വിട്ടുവീഴ്ച്ച ചെയ്യാതെ നിർമിച്ച ഒരു അതിമനോഹരമായ വീട് കൂടിയാണിത്. ഒതുക്കത്തിലുള്ള ഒരു വീട് വേണമെന്നായിരുന്നു റോഷൻ എ.ആറിന്റെയും കുടുംബത്തിന്റെയും ആവശ്യം. കിടപ്പുമുറികൾക്ക് വലിപ്പമില്ലെങ്കിലും കോമൺ ഏരിയകൾ വിശാലമായിരിക്കണമെന്നും നിർബന്ധമുണ്ടായിരുന്നു. 2021-ൽ നിർമാണം ആരംഭിച്ച റോഷന്റെ ആ സ്വപ്‌നഭവനം പൂർത്തിയായത് 2023-ലാണ്.

കൊച്ചി പുത്തൻകുരിശിൽ 5.2 സെന്റ് സ്ഥലത്ത് 2,250 സ്‌ക്വയർ ഫീറ്റ് വിസ്തീർണത്തിലാണ് റോഷൻ വില്ല എന്ന് പേരിട്ടിരിക്കുന്ന വീട് സ്ഥിതി ചെയ്യുന്നത്. ഇരുനിലകളിലായിട്ടാണ് വീടിന്റെ നിർമാണം. നിർമാണത്തിനും മറ്റുമായി പഴയ ഓടുകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും പരമ്പരാഗത ശൈലിയിലുള്ളതാണ് വീടെന്ന് പറയാൻ കഴിയില്ലെന്നാണ് ടെയ്ൽസ് ഓഫ് ഡിസൈൻ സ്റ്റുഡിയോയിലെ ആർക്കിടെക്ടായ ഷമ്മി എ ഷെരീഫ് പറയുന്നത്.

സമകാലീന ശൈലിയിലാണ് വീടിന്റെ നിർമാണം. കാറ്റും വെളിച്ചവും ആവോളം ലഭിക്കുന്ന വീട്ടിൽ റൂഫിങ്ങിനും ചുറ്റുമതിലിനുമാണ് പഴയ ഓട് ഉപയോഗിച്ചിരിക്കുന്നത്. ഇത് ചെലവ് ചുരുക്കാൻ ഒരു പരിധി വരെ സഹായകരമായി. മൂന്ന് കിടപ്പുമുറികളാണ് വീടിനാകെയുള്ളത്. മൂന്നും ബാത്ത്‌റൂം അറ്റാച്ച്ഡാണ്. കിടപ്പുമുറികളിൽ വാർഡ്രോബ് സൗകര്യം, സ്റ്റഡി ഏരിയ എന്നിവ ഒരുക്കിയിട്ടുണ്ട്. രണ്ട് കിടപ്പുമുറികളിലെ സ്റ്റഡി ഏരിയയിൽ കിളിവാതിലുകളുണ്ട്. മൂന്നാമത്തെ കിടപ്പുമുറിയിൽ ഒരു ബാൽക്കണിയും സ്ഥിതി ചെയ്യുന്നു.

പേസ്റ്റൽ നിറങ്ങളാണ് വീടിന്റെ ഇന്റീരിയറിൽ ഉപയോഗിച്ചിരിക്കുന്നത്. നീല നിറമാണ് ഹൈലൈറ്റിന് വേണ്ടി വിനിയോഗിച്ചിരിക്കുന്നത്. വാം ലൈറ്റുകളാണ് വീടിന്റെ അകത്തളങ്ങളിലുള്ളത്. മുകളിൽ നിന്നുതന്നെ വെളിച്ചം ലഭിക്കത്തക്ക തരത്തിലാണ് വീടിന്റെ നിർമാണം. പകൽസമയങ്ങളിൽ എല്ലാ മുറികളിലും സൂര്യപ്രകാശം ലഭിക്കും. ഇതിലൂടെ കറന്റിന്റെ ഉപയോഗം കുറയ്ക്കാൻ സാധിക്കും.

വിട്രിഫൈഡ് ടൈലും ഗ്രാനൈറ്റുമാണ് ഫ്‌ളോറിങ്ങിന് കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്. വരാന്ത പോലുള്ള ഇടങ്ങളിലാണ് ഗ്രാനൈറ്റ് ഉപയോഗിച്ചിരിക്കുന്നത്. ഉള്ളിലാണ് ടൈലുകൾ അധികവും ഉള്ളത്. പ്ലൈവുഡ് കൊണ്ടാണ് ഫർണിച്ചർ നിർമാണം. ചുരുക്കം ചില ഫർണിച്ചർ മാത്രമാണ് റെഡിമെയ്ഡായി വാങ്ങിയത്. കിടപ്പുമുറികളിൽ ചുവരിനോട് ചേർന്നാണ് സ്റ്റഡി ഏരിയയും വാർഡ്രോബും മറ്റും ഒരുക്കിയിരിക്കുന്നത്. അതിനാൽ ബാക്കിയുള്ള സ്ഥലങ്ങൾ സർക്കുലേഷനും മറ്റുമായി വിനിയോഗിക്കാൻ സാധിക്കും.

അടുക്കളയോട് ചേർന്നുതന്നെയാണ് ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും സ്ഥിതി ചെയ്യുന്നത്. അടുക്കളയ്ക്ക് താഴെ സ്റ്റോറേജ് സൗകര്യമുണ്ട്. മറുവശത്ത് കസേര ഇടാനും മറ്റുമുള്ള സ്ഥലവുമുണ്ട്.
ചുറ്റുമതിൽ ഓടുകൊണ്ടാണ് പടുത്തിരിക്കുന്നത്. മതിൽ വെയ്ക്കാതെ ജി.ഐ നെറ്റ് ആണ് മറ്റൊരു ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത്. ഇതും ചെലവ് ചുരുങ്ങാനുള്ള കാരണമായി. അവിടെ വള്ളിച്ചെടികളും മറ്റും വന്നാൽ അത് പൂർണമായും കവറായി പോകുമെന്നും ഷമ്മി എ ഷെരീഫ് പറയുന്നു. റോഷന്റെ അമ്മ, സഹോദരി എന്നിവരാണ് വീട്ടിൽ താമസിക്കുന്നത്.
ചെലവ് കുറച്ച ഘടകങ്ങൾ-
1) ചുറ്റുമതിലിനും മേൽക്കൂരയ്ക്കുമായി പഴയ ഓടുകൾ ഉപയോഗിച്ചു.
2) ചുറ്റുമതിലിന്റെ ഒരു ഭാഗത്ത് ജി.ഐ നെറ്റ് ഉപയോഗിച്ചതിലൂടെയും ചെലവ് ചുരുക്കാൻ സാധിച്ചു.
Project Details
Owner : Roshan.A.R
Location : Puthenkurish, Kochi
Architect : Ar.Shammi A Shareef
Architectural firm : Tales of Design studio
Content Highlights: story of a home in kochi puthenkurish, which have been designed cost effectively
Published: 05 Sept 2023, 03:50 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented