വീട് എന്നാൽ കല്ലും മണ്ണും ഉപയോഗിച്ചുള്ള വെറുമൊരു സൃഷ്ടിയല്ല, ഒരായുസ്സിന്റെ സ്വപ്നസാക്ഷാത്കാരം കൂടിയാണ്. അതുകൊണ്ട് ജീവിതത്തിൽ മറ്റേതൊരുകാര്യം ആസൂത്രണം ചെയ്യുന്നതിനേക്കാളും വ്യക്തമായ പ്ലാനിങും ദീർഘനാളത്തെ അധ്വാനവും വീടുപണിക്ക് ആവശ്യമാണ്. സ്വന്തം വീട് എങ്ങനെ വേണമെന്ന കൃത്യമായ ധാരണയുടേയും അതിനുപിന്നിലെ സമർപ്പണബോധത്തിന്റേയും മികച്ച ഉദാഹരണമാണ് ഏറ്റുമാനൂർ സ്വദേശി ശ്രീജിത്ത്. 

To advertise here,

 

വീട് എന്ന സ്വപ്‌നം ശ്രീജിത്തിന്റെ മനസ്സിൽ കയറി കൂടിയിട്ട് അഞ്ചാറു കൊല്ലമായി. കുവൈത്തിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് . കൈയ്യിൽ കാശുള്ള ആർക്കും വീടുപണിയാമല്ലോ! എന്നാൽ അങ്ങനെ എന്തെങ്കിലും ഒരു വീടായിരിക്കരുത് തങ്ങളുടേതെന്ന് ശ്രീജിത്തിനും കുടുംബത്തിനും നിർബന്ധമുണ്ടായിരുന്നു. വീടിന്റെ ഡിസൈൻ എങ്ങനെയായിരിക്കണം, ഏതൊക്കെ മെറ്റീരിയലുകളായിരിക്കണം ഉപയോഗിക്കേണ്ടത്, എന്തൊക്കെ സൗകര്യങ്ങളാണ് തങ്ങൾക്ക് ആവശ്യമുള്ളത്, എന്തൊക്കെയാണ് ആവശ്യമില്ലാത്തത് എന്നതിനെപ്പറ്റിയൊക്കെ ശ്രീജിത്തിന് കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു.

വീടുനിർമാണത്തിനായി ശ്രീജിത്തും കുടുംബവും സമീപിച്ചത് തൃശൂർ കോസ്റ്റ്‌ഫോഡിലെ ഡിസൈനറായ ശാന്തിലാലിനെയാണ്. സോഷ്യൽ മീഡിയ വഴിയാണ് തൃശ്ശൂരുള്ള ശാന്തിലാലിനെ പരിചയപ്പെടുന്നത്. അദ്ദേഹവുമായി വർഷങ്ങളുടെ പരിചയവുമുണ്ട്. നാട്ടിൽ വന്നപ്പോൾ അദ്ദേഹം ചെയ്ത വീടുകളെല്ലാം ശ്രീജിത്തും കുടുംബവും പോയിക്കണ്ടു. ആ വീടുകൾക്കെല്ലാംതന്നെ ഒരു പ്രത്യേക സൗന്ദര്യമുള്ളതായി തോന്നി. അങ്ങനെയാണ് അതുപോലൊരു വീടുമതി തങ്ങൾക്കുമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. തുടർന്ന് ശാന്തിലാൽ വഴി കോട്ടയം കോസ്റ്റ്‌ഫോഡിലെ ചീഫ് ആർക്കിടെക്റ്റായ ബിജു ജോണുമായി ബന്ധപ്പെടുകയായിരുന്നു. പിന്നീട് വീടുപണി പൂർത്തിയാകുന്നതുവരെയുള്ള കാര്യങ്ങൾക്ക് ചുക്കാൻ പിടിച്ചത് ബിജു ജോണാണ്.

സാധാരണ ഗതിയിൽ തങ്ങൾക്കൊരു വീട് വേണം എന്നുപറയുമ്പോൾ എത്ര സ്‌ക്വയർ ഫീറ്റ്, ഏത് ഡിസൈൻ എന്നൊക്കെയാണ് ആർക്കിടെക്റ്റുമാർ ചോദിക്കുക. എന്നാൽ ബിജു ജോൺ ആദ്യം ശ്രീജിത്തിനോടും കുടുംബത്തോടും ചോദിച്ചത് എന്തൊക്കെയാണ് നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ എന്നാണ്. ആ ചോദ്യം തന്നെയാണ് തങ്ങളിൽ കൗതുകമുണർത്തിയതെന്നും ശ്രീജിത്ത് പറയുന്നു. വീടിന്റെ ഡിസൈനിങിലും പണിയിലുമെല്ലാം തങ്ങളും പങ്കാളികളായിരുന്നതിനാൽ ഇവിടെ തങ്ങൾക്കിഷ്ടപ്പെടാത്തതായി ഒന്നുമില്ലെന്നും ശ്രീജിത്ത് പറയുന്നു.

കോട്ടയം ഏറ്റുമാനൂരിനടുത്ത് ഓണംതുരുത്തിലാണ് ശ്രീജിത്തിന്റെ വീട് സ്ഥിതി ചെയ്യുന്നത്. 17 സെന്റ് സ്ഥലത്ത് 1800 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഇത് പണിതത്. 

പരമാവധി ചെലവ് ചുരുക്കിയും പരിസ്ഥിതി സൗഹൃദവുമാക്കിയാണ് വീടിന്റെ നിർമാണം. രഞ്ജു രവീന്ദ്രനാണ് വീടിന്റെ പ്ലാൻ വരച്ചത്.  നിർമാണമേഖലയിൽ ജോലിയായതിനാൽ വീടിന്റെ പ്ലാൻ അയച്ചുതന്നപ്പോൾ അതിൽ ശ്രീജിത്തിന്റെ ഇഷ്ടാനുസരണം വേണ്ട മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ, കൂട്ടായ ഒരു ചർച്ചയ്ക്കുശേഷമാണ് വീട് പണിതുയർത്തിയത്. 

മഡ് പ്ലാസ്റ്ററിങാണ് വീടിനകത്ത് ചെയ്തിരിക്കുന്നത്. മണ്ണ്, കുമ്മായം, ശർക്കര, കടുക്ക എന്നിവയൊക്കെ മിക്സ് ചെയ്തായിരുന്നു പ്ലാസ്റ്ററിങ്. ഒപ്പം ചൂട് കുറയ്ക്കാനായി തെർമൽ ബബിൾ ഷീറ്റ് ഒട്ടിച്ചുള്ള പരീക്ഷണവും നടത്തിയിട്ടുണ്ട്. ഗൾഫിലൊക്കെ ചൂട് കുറയ്ക്കാൻ ഉപയോഗിക്കുന്ന ഒരു പെർഫെക്ട് ഇൻസുലേറ്ററാണിത്. അങ്കമാലിയിൽനിന്ന് ഈ തെർമൽ ബബിൾ ഷീറ്റ് ഇറക്കുമതി ചെയ്യുകയായിരുന്നു. ഇത് സീലിങിനുമുകളിൽ ഒട്ടിച്ചിട്ടുള്ളതിനാൽ വീടിനകത്ത് എപ്പോഴും നല്ല തണുപ്പായിരിക്കും.

വീടിന്റെ റഫ് ഡിസൈനിങിന് തന്നെ ഏകദേശം രണ്ടുവർഷമെടുത്തു. പിന്നീട് നാലുവർഷത്തോളമെടുത്താണ് വീടിന്റെ നിർമാണവും ആകൃതിയുമെല്ലാം തീരുമാനിച്ചത്. വെട്ടുകല്ല് ഉപയോഗിച്ചായിരുന്നു വീടുപണി. സാധാരണഗതിയിൽ വെട്ടുകല്ല് ഉപയോഗിച്ച് വീട് പണിയുമ്പോൾ പേപ്പർജോയിന്റ് ചെയ്താണ് പോളിഷിങ്. നല്ല ചെലവും അധ്വാനവുമാവശ്യമുള്ള സംഗതിയാണത്. എന്നാൽ അതിനുപകരം പണ്ടത്തെ വീടുകൾക്ക് കല്ലുകെട്ടുന്ന അതേ രീതിയാണ് ഇവിടെ ഉപയോഗിച്ചത്.  ഇങ്ങനെ ചെയ്യുന്നതിനുപിന്നിൽ ധാരാളം വെല്ലുവിളികളുമുണ്ടായിരുന്നു. വെട്ടുകല്ലിന്റെ അതേ നിറത്തിൽത്തന്നെ പോയിന്റിങ് കിട്ടാനായി സിമന്റും റെഡ് ഓക്സൈഡും കുമ്മായവും കലർത്തി പത്ത് തവണയോളം ട്രയൽ നോക്കിയിട്ടുണ്ട്. അതിനുശേഷമാണ് കളർ കോമ്പിനേഷനിൽ തൃപ്തി വന്നത്. എന്നാൽ ഒടുവിൽ അത് പെർഫെക്ടായി ഒത്തുവന്നുവെന്നും ശ്രീജിത്ത് സന്തോഷത്തോടെ പറയുന്നു.

 

വീട് ക്രീയേറ്റീവ് ആക്കുന്ന കാര്യത്തിൽ തങ്ങളുടെ ആർക്കിടെക്റ്റും ആശാരിയുമെല്ലാം ഒരേപോലെ പിന്തുണ നൽകി. തടിയിലുള്ള സ്വിച്ച് ബോർഡ് വേണമെന്ന ആഗ്രഹമറിയിച്ചപ്പോൾ ആലിലയുടേയും ചുണ്ടൻവള്ളത്തിന്റേയുമൊക്കെ ആകൃതിയിൽ വളരെ ക്രിയാത്മകമായി ആശാരി അത് പണിതുതന്നു. അതേപോലെ ഹാളിലുള്ള വെള്ള മയിലിന്റെ ഡിസൈനെല്ലാം വെറൈറ്റിയെന്നോണം പരീക്ഷിച്ചതാണ്. മദ്യക്കുപ്പികൾ ഉപയോഗിച്ചുള്ള ലളിതമായ ഇന്റീരിയർ വർക്കുകൾ മാത്രമാണ് ചെയ്തിരിക്കുന്നത്. സീസറിന്റെ കുപ്പിയിൽത്തന്നെ ചെയ്യേണ്ട ഒരു ആർട്ട് വർക്കുണ്ടായിരുന്നു. അതു കിട്ടാൻവേണ്ടി ബാറിലേക്ക് ആളെവിട്ട രസകരമായ സംഭവമൊക്കെ ശ്രീജിത്ത് ഓർത്തെടുക്കുന്നു. വീടിനുവേണ്ടി ഒരൊറ്റ ടൈലിന്റെ ഗുണനിലവാരം പരിശോധിക്കാനായി മാത്രം കുവൈത്തിൽനിന്നും നാട്ടിലേക്ക് ടിക്കറ്റെടുത്തുവന്നയാളാണ് താൻ. ഇത്തരം ചില ഭ്രാന്തൊക്കെ വീടിന്റെ പെർഫെക്ഷന് സഹായിച്ചുവെന്നും ശ്രീജിത്ത് പറയുന്നു.

വീടിന്റെ ഒരോ മുറിയും വീട്ടിലുള്ളവരുടെ അഭിരുചിയ്ക്കനുസരിച്ച് നിർമിച്ചിരിക്കുന്നവയാണ്. മോഡുലാർ മാതൃകയിലുള്ളതാണ് അടുക്കള. തടികൊണ്ടുള്ള സ്റ്റെയർകേസും ജിഐ ഫ്രെയിമിന്റെ നടകളുമാണ് ഉള്ളിലുള്ളത്. വിന്റേജ് മോഡൽ ടൈലുകളാണ് വീടിന് ഇണക്കമെന്ന് മനസ്സിലാക്കി എറണാകുളത്തുനിന്നും വിട്രിഫൈഡ് ടൈലുകൾ ഇറക്കുകയായിരുന്നു. വീടിനുവേണ്ട വെട്ടുകല്ല് കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തുനിന്നുമാണ് ഇറക്കുമതി ചെയ്തത്.

വീടിനകത്തൊരു സ്പെഷ്യൽ വിൻഡോയുണ്ട്. കുറച്ച് അകത്തോട്ടുതള്ളിനിൽക്കുന്ന ഈ ജനാലയിലൂടെ സ്വസ്ഥമായിരുന്ന് മഴയും കാഴ്ചകളുമെല്ലാം ആസ്വദിക്കാൻ കഴിയും. രണ്ട് ബെഡ്റൂമുകളും ഒരു ലിവിങ് റൂമും കിച്ചണും വർക്ക് ഏരിയയുമാണ് താഴത്തെ നിലയിലുള്ളത്. മുകളിൽ ഒരു ബെഡ്റൂമും ഒരു മൾട്ടിയൂട്ടിലിറ്റി റൂമും കുറച്ചുഭാഗം ഓപ്പൺ ടെറസുമാണുള്ളത്. വിരുന്നുകാർക്കായി ഈ വീട്ടിൽ പ്രത്യേകം ഗസ്റ്റ് റൂമില്ല. അതിനുപകരമാണ് സ്റ്റഡി റൂമായോ ലിവിങ് റൂമായോ ഗസ്റ്റ് റൂമായോ ഒക്കെ ഉപയോഗിക്കാവുന്ന മൾട്ടി യൂട്ടിലിറ്റി റൂം പണിതത്. വീടിന്റെ സ്ട്രക്ചർ മാത്രമേ പൂർത്തിയായിട്ടുള്ളൂ, ഫർണിഷിങും മതിൽ പിടിപ്പിക്കലുമൊക്കെ ചെയ്യാൻ ബാക്കിയാണ്. നാട്ടിൽ വന്നിട്ടുവേണം പണി പൂർത്തിയാക്കാനെന്നും ശ്രീജിത്ത് പറയുന്നു.

 

വീടിനുവേണ്ടി പൈസ ചെലവാക്കുകയേ ചെയ്യരുത് എന്നല്ല ശ്രീജിത്ത് പറയുന്നത്. യാതൊരു ആവശ്യവുമില്ലാതെയുള്ള പാഴ്‌ച്ചെലവിനെയാണ് അദ്ദേഹം വിമർശിക്കുന്നത്. ഇന്റീരിയറിൽ ഫാൻസി ബൾബുകൾ പിടിപ്പിക്കുന്നതിനും ഫോൾസ് സീലിങ് ഒട്ടിക്കുന്നതിനുമൊക്കെയായി പൈസ ചെലവഴിക്കുന്നതിനോടാണ് ശ്രീജിത്ത് വിയോജിക്കുന്നത്. വീടുപണിക്കാവശ്യമായ മെറ്റീരിയലുകൾ ഹൈ ക്വാളിറ്റി തന്നെയായിരിക്കണം. അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ പാടില്ല. അതുപോലെ, ഒരിക്കലും ഉപയോഗിക്കാത്ത ധാരാളം ഫർണിച്ചറുകൾ വീട്ടിൽ വാങ്ങിക്കൂട്ടിയിടുന്ന ശീലമുണ്ട് പലർക്കും. വീട് എന്നത് നമ്മളോടൊപ്പം വളർന്നുവരേണ്ട ഒന്നാണെന്നാണ് ശ്രീജിത്തിന്റെ അഭിപ്രായം. ആദ്യം തന്നെ വൻവിലകൊടുത്ത് ഫർണിച്ചറുകളെല്ലാം വാങ്ങിയിട്ട് ജീവിതത്തിലൊരിക്കലും അതുപയോഗിക്കാത്തവരുണ്ട്. നമ്മൾ താമസം തുടങ്ങിയശേഷം വീട്ടിലെന്തൊക്കെയാണ് ആവശ്യമെന്നു മനസ്സിലാക്കി അതനുസരിച്ചു വാങ്ങുന്നതാണ് നല്ലത്.

 

വീടുപണിയുന്ന സമയത്ത് സ്ഥിരം മാമൂലുകൾ പിന്തുടരാൻ പറഞ്ഞുകൊണ്ട് നാലുവശത്തുനിന്നും ആളുകളുണ്ടായിരുന്നു. എന്നാൽ വീടും അതിനുള്ളിലെ എല്ലാ സാധനങ്ങളും നമ്മുടെ ഇഷ്ടപ്രകാരം മാത്രമേ നിർമിക്കാവൂ എന്നാണ് ശ്രീജിത്ത് പറയുന്നത്. ഒരിക്കലും മറ്റു വീടുകളുമായി താരതമ്യം നടത്തുകയോ മറ്റുള്ളവരുടെ അഭിപ്രായം കേട്ടുമാത്രം തീരുമാനമെടുക്കുകയോ ചെയ്യരുത്. അതുകൊണ്ടാണ് 'തേക്കാത്ത വീടോ?' എന്ന് ആളുകൾ അമ്പരന്നപ്പോഴും വെല്ലുവിളികൾ ഏറ്റെടുത്ത് മുന്നോട്ടുപോകാൻ തീരുമാനിച്ചത്. അതിനാൽ ഒരു ചെറിയ പാളിച്ച പോലും ഉണ്ടാവാൻ അനുവദിച്ചില്ല. ഒടുവിൽ പണി പൂർത്തിയായപ്പോൾ, തങ്ങൾക്കും വേണം ഇതുപോലൊരു വീട് എന്നുപറഞ്ഞുകൊണ്ട് പലരും കോസ്റ്റ്ഫോഡുമായി ബന്ധപ്പെടുകയുണ്ടായി.

എന്നാൽ, ഇനി ഇതുപൊലൊരു വീട് പണിയണമെന്നു കരുതി ഇറങ്ങിത്തിരിച്ചാൽ ബുദ്ധിമുട്ടായിരിക്കും എന്ന് ശ്രീജിത്ത് പറയുന്നു. കാരണം വീടുപണിയിൽ ആർക്കിട്ടെക്റ്റിനോടൊപ്പം നമ്മളും ഒരേപോലെ പങ്കുചേർന്നതുകൊണ്ടാണ് ഇഷ്ടത്തിനനുസരിച്ചൊരു വീട് നമുക്ക് ലഭിച്ചത്. ടേൺകീ ബേസിൽ ഇത്തരമൊരു വീടിനായി ഇറങ്ങിപ്പുറപ്പെട്ടാൽ പണനഷ്ടമാവും ഫലലമെന്നും ശ്രീജിത്ത് മുന്നറിയിപ്പ് നൽകുന്നു.

Project Details:

Owner: Sreejith E.S.
Location: Onamthuruthu, Kottayam
Architectural Consultant: Costford Kottayam
Photography: Anil R.

 

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്കോമിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹിക്കുന്നുണ്ടോ? കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.