എ.സി.യും ഫ്രിഡ്ജുമില്ല, ആയുസ്സ് 100 വര്‍ഷം; മണ്ണിൽ ഔഷധക്കൂട്ട് ചേര്‍ത്ത് 2666 ചതുരശ്രയടിയിലൊരു വീട്


ജെസ്ന ജിന്റോ/jesnageorge@mpp.co.in

2666 ചതുരശ്ര അടിയില്‍ തീര്‍ത്ത ഈ ഇരുനില മണ്‍വീടിന് ചെലവായതാകട്ടെ 29 ലക്ഷം രൂപയാണ്.

തൃശ്ശൂർ കൊടകരയ്ക്ക് സമീപം മണ്ണിൽ ഔഷധക്കൂട്ട് ചേർത്തുണ്ടാക്കിയ വീട്

എ.സിയും ഫ്രിഡ്ജുമില്ലാത്ത ഒരുവീട്. മഴക്കാലത്ത് അകം നിറയ്ക്കുന്ന ചൂടും വേനല്‍ക്കാലത്ത് തണുപ്പ് നല്‍കുന്ന അന്തരീക്ഷവുമുള്ളൊരു വീട്. മണ്ണിനൊപ്പം ഔഷധക്കൂട്ടും ചേര്‍ത്ത് പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുകയാണ് തൃശ്ശൂര്‍ ജില്ലയിലെ കൊടകരയ്ക്ക് സമീപം ബി.എസ്.എഫ് ഇന്‍സ്‌പെക്ടര്‍ അനൂപ് പി.കെ.യുടെയും ഭാര്യ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ലക്ചറർ രശ്മിയുടെയും പുത്തന്‍വീട്. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും ഏറെ സംസാരിക്കുന്ന ഈ കാലത്ത് ഇത്തരമൊരു വീടിന്റെ പ്രസക്തി കേരളത്തില്‍ ഏറെയാണ്. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ രീതിയിലാണ് ഈ വീടിന്റെ നിര്‍മാണം. 2666 ചതുരശ്ര അടിയില്‍ തീര്‍ത്ത ഈ ഇരുനില മണ്‍വീടിന് ചെലവായതാകട്ടെ 29 ലക്ഷം രൂപയാണ്. വീടിന്റെ നിര്‍മാണത്തില്‍ ഒരു ശതമാനം മാത്രമാണ് സിമന്റ് ഉപയോഗിച്ചിട്ടുണ്ട്. ഒന്‍പത് മാസങ്ങള്‍ കൊണ്ടാണ് വീടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.

കടുക്ക, ഉലുവ, കുമ്മായം, ശര്‍ക്കര, ആര്യവേപ്പ്, മഞ്ഞള്‍ എന്നിവയുടെ ലായനി ഉപയോഗിച്ച് മണ്ണ് ചവിട്ടിക്കുഴച്ച് അതില്‍ വൈക്കോലിട്ട് ബോള്‍ പരുവത്തില്‍ ഉരുട്ടിയെടുത്താണ് വീടിന്റെ ഭിത്തിയുടെ നിര്‍മാണം. ഇത് കോബ് സിസ്റ്റം എന്നാണ് അറിയപ്പെടുന്നത്.കടുക്കലായിനി(5000 ലിറ്റര്‍), ഉലുവാ ലായിനി(5000 ലിറ്റര്‍), ശര്‍ക്കര(6000 ലിറ്റര്‍), മഞ്ഞള്‍ ലായനി(5000 ലിറ്റര്‍), ആര്യവേപ്പ് ലായനി(5000 ലിറ്റര്‍) എന്നിവ ചേര്‍ത്താണ് മണ്ണ് കുഴയ്ക്കുന്നത്. ഈ ഔഷധങ്ങള്‍ ഇടിച്ചെടുത്ത് ഒരാഴ്ചയോളം വെള്ളത്തില്‍ ഇട്ടുവെച്ചാണ് ലായനികള്‍ തയ്യാറാക്കുന്നത്. ഇങ്ങനെ മിക്‌സ് ചെയ്‌തെടുക്കുന്ന മണ്ണ് പഴുപ്പിച്ച് പുളിപ്പിക്കും. ശേഷം ഇതിലേക്ക് വൈക്കോലും ചകിരി നാരും ചേര്‍ത്ത് ചവിട്ടി കുഴച്ച് ഉരുളകളാക്കി എടുക്കുകയാണ് ചെയ്യുന്നത്. ഭിത്തിനിര്‍മാണം കഴിഞ്ഞതിനുശേഷം മണ്ണുകൊണ്ട് ഹെര്‍ബല്‍ ലായനികള്‍ ഉപയോഗിച്ച് പ്ലാസ്റ്ററിങ് നടത്തി. 99 ശതമാനവും പ്രകൃതിദത്ത ഉത്പന്നങ്ങളാണ് വീട് നിര്‍മിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്നതെന്ന് നിര്‍മാണത്തിന് നേതൃത്വം നല്‍കിയ മോഹന്‍ജി പറഞ്ഞു. ഈ ഔഷധക്കൂട്ടുകളെല്ലാം ചേര്‍ക്കുന്നുണ്ടെങ്കിലും അവയുടെ മണമൊന്നും വീടിനുള്ളിലില്ല എന്നത് മറ്റൊരു പ്രത്യേകതയാണ്. സിമന്റ് ഉപയോഗിച്ച് പ്ലാസ്റ്ററിങ് ചെയ്യാത്തതിനാല്‍ ഭിത്തിക്കുള്ളിലൂടെ എപ്പോഴും വായുസഞ്ചാരമുണ്ടാകും. ഇതാണ് വീടിനുള്ളിലെ അന്തരീക്ഷം പുറത്തെ കാലാവസ്ഥയ്ക്ക് അനുസൃതമായി നിയന്ത്രിക്കുന്നത്.

തമിഴ്‌നാട്ടിലെ ഇത്തരത്തിലുള്ള ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത് ഒരുക്കിയ വീടുകള്‍ സന്ദര്‍ശിച്ച്, സമഗ്രമായി പഠിച്ചാണ് മോഹന്‍ജിയുടെ നേതൃത്വത്തില്‍ മണ്‍വീടുകള്‍ നിര്‍മിക്കുന്നത്. കഴിഞ്ഞ ആറുവര്‍ഷക്കാലമായി മണ്‍വീടുകളുടെ നിര്‍മാണത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് അദ്ദേഹം. മണ്‍വീടുകളുടെ നിര്‍മാണത്തില്‍ പ്രത്യേകം പരിശീലനം നേടിയ 13 പേരാണ് പണികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇതില്‍ 9 പേര്‍ സ്ത്രീകളും നാല് പേര്‍ പുരുഷന്മാരുമാണ്.

ചിതലുകള്‍, മറ്റ് ക്ഷുദ്രജീവികള്‍ എന്നിവയുടെ ഉപദ്രവം ഉണ്ടാകാതിരിക്കാന്‍ ഉലുവയും ആര്യവേപ്പും സഹായിക്കുന്നു. അതേസമയം കടുക്കയും കുമ്മായവും ശര്‍ക്കരയും വീടിന് ബലം നല്‍കുന്നു. ഇവയെല്ലാം വീടിനുള്ളില്‍ ഓക്‌സിജന്റെ അളവ് ക്രമീകരിക്കാനും ഈ ഔഷധക്കൂട്ട് സഹായിക്കുന്നുണ്ട്.

ഈ വീടിന്റെ കട്ടിലകള്‍, ജനലുകള്‍ എന്നിവയെല്ലാം മരങ്ങളുപയോഗിച്ച് നിര്‍മിച്ചവയാണ്. 17 തൂണുകളാണ് ഈ വീട്ടില്‍ ആകെയുള്ളത്. അവയെല്ലാം ചെങ്കല്ലുപയോഗിച്ചാണ് നിര്‍മിച്ചത്. ഫസ്റ്റ് ഫ്‌ളോറിന്റെ റൂഫിങ് ഓട് ആണ് നല്‍കിയിരിക്കുന്നത്. 70 വര്‍ഷം പഴക്കമുള്ള ഓട് ആണ് റൂഫിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്.

വീട്ടില്‍ തടി ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന എല്ലാം കശുവണ്ടി ഓയില്‍ ഉപയോഗിച്ച് പോളിഷ് ചെയ്തിട്ടുണ്ട്. ഫ്രിഡ്ജ്, എസി തുടങ്ങി കാര്‍ബണ്‍ പുറപ്പെടുവിക്കുന്ന ഒരു വസ്തുക്കളും ഈ വീട്ടില്‍ ഉപയോഗിക്കുന്നില്ല എന്നതും പ്രത്യേകതയാണ്. ബാത്ത് റൂമിന്റെ തറയില്‍ റെഡ് ഓക്‌സൈഡാണ് പൂശിയിരിക്കുന്നത്. ഭിത്തിയിലും റെഡ് ഓക്‌സൈഡ് കൊടുത്തു.

സാധാരണ മണ്‍വീടുകളില്‍ കണ്ടുവരുന്നതില്‍ നിന്ന് വ്യത്യസ്തമായി ഈ വീടിന്റെ സണ്‍സൈഡ് ബാംബൂ ഷീറ്റ് കൊണ്ടാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കേരളത്തില്‍ അധികമാരും സ്വീകരിക്കാത്ത ഈ രീതി പരീക്ഷണാടിസ്ഥാനത്തിലാണ് ഇവിടെ ചെയ്തിരിക്കുന്നത്. വീടിന്റെ പടിപ്പുരയും ബാംബൂ ഷീറ്റിലാണ് നിർമിച്ചിരിക്കുന്നത്. വളരെക്കാലം ഈട് നില്‍ക്കുമെന്നതിന് പുറമെ ചെലവും കുറവാണെന്നതാണ് ഇതിന്റെ നേട്ടം.

മണ്ണില്‍തന്നെയാണ് ഈ വീട്ടിലെ ഇരിപ്പിടങ്ങളെല്ലാം നിര്‍മിച്ചിരിക്കുന്നത്. അതിന് മുകളില്‍ ഓക്‌സൈഡ് നല്‍കുകയാണ് ചെയ്തിരിക്കുന്നത്.

ഗ്രൗണ്ട് ഫ്‌ളോറില്‍ സിറ്റൗട്ട്, ഓപ്പണ്‍ കിച്ചണ്‍, അറ്റാച്ചഡ് ബാത്ത്‌റൂമുകളോട് കൂടിയ രണ്ട് കിടപ്പുമുറികള്‍, ഹാള്‍, ലിവിങ് ഏരിയ സ്റ്റഡി റൂം അടുക്കള, സ്‌റ്റോര്‍ റൂം, വര്‍ക്ക് ഏരിയ എന്നിവയാണ് പ്രധാന സൗകര്യങ്ങള്‍. ഹാള്‍, അടുക്കള, വര്‍ക്ക് ഏരിയ എന്നിവയെല്ലാം ഓപ്പണ്‍ സ്റ്റൈലിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഫസ്റ്റ് ഫ്‌ളോറിലാകട്ടെ മെഡിറ്റേഷന്‍ ഹാള്‍, ഒരു ബാത്ത് റൂം, ഒരു ബാല്‍ക്കണി എന്നിവയാണ് സൗകര്യങ്ങള്‍.

കിടപ്പുമുറികളില്‍ ഓക്‌സൈഡും ഹാളില്‍ കോട്ട സ്‌റ്റോണും ഉപയോഗിച്ചാണ് ഫ്‌ളോറിങ്. കുമ്മായം, ഓക്‌സൈഡ്, മാര്‍ബിള്‍ പൗഡര്‍, ടാല്‍ക്കം പൗഡര്‍ എന്നിവയാണ് കിടപ്പുമുറികളില്‍ ഫ്‌ളോറിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്. മാര്‍ബിള്‍ പൗഡര്‍ ഉറപ്പ് കിട്ടുന്നതിനും തറയിലെ പൊട്ടലുകള്‍ കുറയ്ക്കുന്നതിനും വേണ്ടിയുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനൊപ്പം മെറ്റല്‍ ചിപ്‌സും ചേര്‍ത്തിട്ടുണ്ട്.

Project Details

Owner : Anoop P.K.& Reshmi

Location : Kodakara, Thrissur

Architect : Mohanji

Ph : 8281422792

Designing : Er. Mohammed Yasir, Earthen Habitats, Calicut

Ph : 9895043270

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Content Highlights: home built in mud and ayurveda medicines, myhome, homeplans, veedu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


spain vs japan

2 min

വമ്പന്‍ അട്ടിമറിയിലൂടെ ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍, തോറ്റിട്ടും സ്‌പെയിന്‍ അവസാന 16-ല്‍

Dec 2, 2022

Most Commented