വാസ്തു ശാസ്ത്രത്തിന്റെ പ്രധാന ഭാഗമാണ് ഗൃഹവാസ്തു. പ്രപഞ്ചത്തിൽനിന്ന് പ്രസരിക്കുന്ന വിവിധ തരംഗങ്ങൾ വീട്ടിൽ ഉള്ളവരെ എങ്ങനെ സ്വാധീനിക്കും എന്ന് മനസ്സിലാക്കിയാണ് വാസ്തുവിലെ നിയമങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. എല്ലാ മുറികളും വാസ്തു ശാസ്ത്രത്തിലെ ആയാദി ഷഡ്വർഗ നിയമം അനുസരിച്ച് വേണം തയ്യാറാക്കാൻ. ആധുനിക ശാസ്ത്രത്തിൽ ഇല്ലാത്തതും വാസ്തുവിൽ ഉള്ളതുമായ ഒരേ ഒരു കാര്യം ആയാദി ഷഡ് വർഗമാണ്. പ്രധാന വാതിലിന്റെ നേരെ മുൻപിലായി മരമോ തൂണുകളോ ഒന്നും വരരുത്. അത് വേധം ആയി വരും. പ്രത്യേകിച്ച് മാവ് വരരുത്. മരണം, സന്താന നാശം, ബന്ധനം എന്നിവ ഫലം.

To advertise here,

കുളിമുറി- ശാസ്ത്രം അനുസരിച്ച് കുളിമുറി വീടിന്റെ കിഴക്ക് ഭാഗത്ത്, വടക്ക് ഭാഗത്തും ആകാം.

കിടപ്പുമുറി- യഥാർത്ഥത്തിൽ നാം നമ്മുടെ ജീവിതത്തിന്റെ മൂന്നിൽ ഒരുഭാഗം സമയം ഉറങ്ങാനായി എടുക്കുന്നു. അതുകൊണ്ട് തന്നെ കിടപ്പ് മുറിക്ക് ഉണ്ടാകുന്ന വാസ്തു ദോഷം നമ്മളെ ബാധിക്കും എന്നതിൽ തർക്കം ഇല്ല. പ്രധാന കിടപ്പ് മുറി വീടിന്റെ തെക്ക് പടിഞ്ഞാറ് ആയിരിക്കണം. ഒരിക്കലും തല വടക്ക് വച്ച് കിടക്കരുത്. തല തെക്ക് വച്ച് വേണം കിടക്കാൻ . അതുപോലെ വീടിന്റെ തെക്ക് കിഴക്ക് മുറിയിലും ദമ്പതിമാർ കിടക്കരുത്. എന്നും കലഹം ആയിരിക്കും ഫലം. കിടപ്പ് മുറിയിൽ വിലപിടിച്ച സാധനങ്ങൾ വയ്ക്കുന്ന അലമാര മുറിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് വടക്കോട്ട് തുറക്കത്തക്ക തരത്തിൽ വേണം വയ്ക്കുവാൻ.

കുട്ടികളുടെ പഠനമുറി- കുട്ടികളുടെ പഠനമുറി പടിഞ്ഞാറോ, കിഴക്കോ, വടക്കോ ആകാം. കോൺ ദിക്കിലെ മുറികൾ ഒഴിവാക്കണം. മുറിയിൽ മങ്ങിയ പച്ച വെളിച്ചം ഉണ്ടായാൽ അത് കുട്ടികളുടെ ബുദ്ധി ശക്തിയെ വളർത്തും. സരസ്വതി ദേവിയെയും, കൃഷ്ണ ഭഗവാനെയും പ്രാർത്ഥിക്കുന്നത് പഠനത്തിനു നല്ലതാണ്.

അടുക്കള- വീടിന്റെ തെക്ക് കിഴക്ക് ഭാഗം ആണ് അടുക്കളക്ക് ഉചിതം. ഏക യോനിയോ ഗജ യോനിയോ ആവാം. കിഴക്ക് ഭാഗത്ത് ജനൽ ഉണ്ടാവണം. വാതിൽ കോണുകളിൽ വരരുത്. ഫ്രിഡ്ജ് വടക്ക് കിഴക്കും തെക്ക് പടിഞ്ഞാറും ആവരുത്. പാചകം കിഴക്ക് നോക്കി ചെയ്യുവാൻ പറ്റണം. സ്ഥലം കൂടുതൽ ഉള്ളവർക്ക് അടുക്കള വേറിട്ടു പണിയാം. അങ്ങനെ ചെയ്യുമ്പോൾ വീടും അടുക്കളയും തമ്മിലുള്ള ദൂരം, ചുറ്റുമതിലും അടുക്കളയും തമ്മിലുള്ള ദൂരത്തേക്കാൾ കുറവായിരിക്കണം.

പൂജാമുറി- പൂജാമുറി വടക്ക് കിഴക്ക് ഭാഗത്തോ, കിഴക്ക് ഭാഗത്തോ ബ്രഹ്‌മ സ്ഥാനത്തോ വടക്ക് കിഴക്കിന്റെ കിഴക്കോ ആകാം. അതുകൊണ്ട് ധനവും മനസ്സമാധാനവും ലഭിക്കും. ദേവൻ പടിഞ്ഞാറ് നോക്കിയിരിക്കണം. കിഴക്കോട്ട് നോക്കി വേണം നമ്മൾ തൊഴാൻ .ദേവന്റെ വടക്ക് ദർശനവും നല്ലതാണ്. മറ്റു സ്ഥലങ്ങളിലെ പൂജാ മുറി നമുക്ക് അസ്വസ്ഥത നൽകും. മരിച്ചു പോയവരുടെ പടം പൂജാമുറിയിൽ വയ്ക്കരുത്. പൂജാ സാധങ്ങൾ അല്ലാതെ മറ്റൊന്നും അവിടെ വയ്ക്കരുത്. വിഗ്രഹങ്ങളെ മുഖാമുഖം വക്കരുത്. പൂജാമുറിയിൽ വിഗ്രഹങ്ങൾ വച്ച് പൂജിക്കരുത്. വീട്ടിൽ രണ്ടു ശിവ ലിംഗങ്ങൾ, മൂന്നു ഗണപതി, രണ്ടു ശങ്കുകൾ,മൂന്നു ദേവി പ്രതിമകൾ ,രണ്ടു സാളഗ്രാമങ്ങൾ എന്നിവ ഒരുമിച്ചു പൂജിക്കരുത്.

ചുരുക്കത്തിൽ ഗുണപരമായ ഒരു വീട് വെക്കണം എങ്കിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം. ഈശ്വരാനുഗ്രഹം കൊണ്ട് മാത്രമേ വാസ്തു അനുസരിച്ചുള്ള ഒരു വീട് നമുക്ക് ലഭിക്കു. അതുകൊണ്ട് ഈശ്വരനോട് പ്രാർത്ഥിക്കുക. വീട് പണിയും മുൻപ് ജാതകം ഒന്ന് പരിശോധിക്കണം. അനുകൂല സമയം എങ്കിൽ മാത്രമേ വീട് പണിക്കു തുടക്കം ഇടാവൂ. അതും നല്ല മുഹൂർത്തത്തിൽ മാത്രം ചെയ്യണം. വർഷങ്ങളായി പണി തീരാത്ത വീടുകൾ നമ്മൾ കാണുന്നത് ആണല്ലോ.

ധർമദേവതയെ പ്രാർത്ഥിക്കുന്നത് എല്ലാ കാര്യത്തിനും നല്ലതാണ്. ഒരു നല്ല വീട് ഉണ്ടാവാൻ ധർമദേവതകൾ എല്ലാവരെയും അനുഗ്രഹിക്കട്ടെ.