
സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ചൊരു സുന്ദരവീട്, ഏവരുടേയും സ്വപ്‌നമാണ്. അത്തരമൊരു വീടുനിര്‍മാണത്തിന്റെ കഥയാണ് പത്തനംതിട്ട സ്വദേശിയും എന്‍ജിനീയറുമായ അനൂപ് ഫിലിപ്‌സിനും കുടുംബത്തിനും പറയാനുള്ളത്.
പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരില്‍ പ്രക്കാനം റോഡിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. മൊത്തം 4950 ചതുരശ്ര അടിയില്‍, ഇരുനിലകളിലായാണ് വീട് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍, സ്ലാബ് വാര്‍ത്ത് ട്രസ് വര്‍ക്ക് ചെയ്തിട്ടുള്ളതുകൊണ്ട്, മൂന്ന് നിലകളുണ്ടെന്ന് ഒറ്റനോട്ടത്തില്‍ ചിലപ്പോള്‍ തോന്നിയേക്കാം. കൊളോണിയല്‍ മാതൃകയിലുള്ള വീടിന്റെ എക്‌സ്റ്റീരിയറിന് ഇത് ആവശ്യമാണ്.

സിറ്റ് ഔട്ട്, ഗസ്റ്റ് ലിവിങ് റൂം, ഫാമിലി ലിവിങ് കം പ്രെയര്‍ റൂം, ഡൈനിങ് റൂം, നാല് കിടപ്പുമുറികള്‍, ഹോം തീയേറ്റര്‍, പ്രധാന അടുക്കള, വര്‍ക്ക് ഏരിയ, ഫയര്‍ കിച്ചണ്‍, കോര്‍ട്ട്‌യാര്‍ഡ്, പാറ്റിയോ, സ്റ്റഡി ഏരിയ എന്നിവയാണ് ഇരുനിലകളിലുമായുള്ളത്. അബുദാബിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായി ജോലിചെയ്യുന്ന അനൂപ് തന്നെയാണ് വീടിന്റെ ബേസിക് കോണ്‍സെപ്റ്റ് പ്ലാന്‍ ചെയ്തത്. ആര്‍ക്കിടെക്‌റ്റോ സിവില്‍ എന്‍ജിനീയറോ ഇല്ലാതെയാണ് ഈ വീടിന്റെ സ്ട്രക്ചര്‍ പണി പൂര്‍ത്തിയാക്കിയത് എന്നത് അതിശയിപ്പിക്കുന്ന വസ്തുതയാണ്. പിന്നീടുള്ള പ്ലാനും എലിവേഷനുമെല്ലാം സുഹൃത്തായ അരുണ്‍ദാസുമായും ചേര്‍ന്നുനടത്തുകയായിരുന്നു. അതിനുശേഷമുള്ള പണികളൊക്കെ പ്രൊഫഷണല്‍ ടീമുകളെ ഏല്‍പ്പിച്ചു.

സിറ്റ് ഔട്ട് കടന്ന്, ഫോര്‍മല്‍ ലിവിങ് റൂമിലേയ്ക്ക് വരുന്ന ഒരു അതിഥിയ്ക്ക് വീടിന്റെ മറ്റുഭാഗങ്ങളിലേക്ക് നോട്ടം എത്താത്ത രീതിയിലാണ് ഈ വീടിന്റെ നിര്‍മിതി. ഇവിടെനിന്നും മുന്നോട്ടുപോകുമ്പോള്‍ 'T' ആകൃതിയിലുള്ള ഇടനാഴിയാണ്. ഇടനാഴിയുടെ മധ്യഭാഗത്തായി പ്രധാനവാതിലിന് അഭിമുഖമായി പടിഞ്ഞാറുദിശയിലേക്കാണ് നടുമുറ്റത്തേക്കുള്ളവാതില്‍. ഇടനാഴിയ്ക്ക് ഇടതുവശത്തായി ഫാമിലി ലിവിങ് റൂമും മാസ്റ്റര്‍ ബെഡ്‌റൂമും കിഡ്‌സ് ബെഡ്‌റൂമും ക്രമീകരിച്ചിരിക്കുന്നു. വലതുഭാഗത്തേയ്ക്ക് ഡൈനിങ്, പേരന്റ്‌സ് ബെഡ്‌റൂം, പൗഡര്‍ റൂം, മോഡേണ്‍ കിച്ചണ്‍, വര്‍ക്ക് ഏരിയ, ഫയര്‍ കിച്ചണ്‍ എന്നിവയുമാണുള്ളത്.

ഡൈനിങ് ടേബിളിലെ ഫര്‍ണിച്ചറെല്ലാം കസ്റ്റമൈസ് ചെയ്തവയാണ്. വീട്ടില്‍ ഏറ്റവുമധികം വിശാലതയുള്ള ഭാഗം ഡൈനിങ് റൂമാണ്. മോഡേണ്‍ കിച്ചണും ഫയര്‍ കിച്ചണും വര്‍ക് ഏരിയ വഴി വേര്‍തിരിക്കപ്പെട്ടിരിക്കുകയും അതേസമയം പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കയുമാണ്. പൂര്‍ണമായും മോഡുലാര്‍ കോണ്‍സെപ്റ്റിലാണ് അടുക്കളയടക്കം വീട്ടിന്റെ എല്ലാ ഭാഗങ്ങളും നിര്‍മിച്ചിരിക്കുന്നത്. ഫസ്റ്റ് ഫ്‌ളോറില്‍ മാസ്റ്റര്‍ ബെഡ്‌റൂമിനു മുകളില്‍ സമാനമായമറ്റൊരു ബെഡ്‌റൂമും ലിവിങ് സ്‌പേസും നല്‍കിയിരിക്കുന്നതായി കാണാം. കിഡ്‌സ് ബെഡ്‌റൂമിനു മുകളിലായി ഹോം തീയേറ്ററും ബാര്‍ കൗണ്ടറുമാണുള്ളത്. ഓപ്പണ്‍ കണ്‍സപ്റ്റില്‍ ബാല്‍ക്കണിയും നല്‍കിയിട്ടുണ്ട്.

ഈ വീടിന്റെ ഹൈലൈറ്റ് എന്താണെന്നുചോദിച്ചാല്‍, അത് ലൈറ്റിങാണെന്നുതന്നെ പറയേണ്ടിവരും. ഫുള്ളി ഓട്ടോമേറ്റഡ് ലൈറ്റിങ് സംവിധാനമാണ് വീടിനായി ഉപയോഗിച്ചിരിക്കുന്നത്. ഡിജിറ്റല്‍ അഡ്രസിബിള്‍ ലൈറ്റിങ് ഇന്റര്‍ഫേസ് (DALI) അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന LED ലൈറ്റുകള്‍ക്ക് അതിനനുസൃതമായ ഡ്രൈവുകളും നല്‍കിയിട്ടുണ്ട്.
ലോകത്തെവിടെനിന്നും ഇന്റര്‍നെറ്റുവഴി ആവശ്യാനുസരണം ഈ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുകയും അവയെ ഡിം ആക്കുകയും ബ്രൈറ്റ് ആക്കുകയുമൊക്കെ ചെയ്യാവുന്നതാണ്. കൂടാതെ, രാത്രിയും രാവിലെയും കൃത്യസമയത്ത് വെളിച്ചം ഓണാക്കാനും ഓഫാക്കാനും സാധിക്കും (സ്മാര്‍ട്ട് സ്‌കെഡ്യൂളിങ് വഴി) എന്നതാണ് മറ്റൊരു സവിശേഷത. ലൈറ്റുകള്‍ മാത്രമല്ല, മള്‍ട്ടി റൂം മ്യൂസിക് സിസ്റ്റം, ഹോം തിയേറ്റര്‍, ഗേറ്റുകള്‍, ഷട്ടറുകള്‍, സിസിടിവി സംവിധാനം എന്നിവയും ഇന്റര്‍നെറ്റിന്റെ സഹായത്തോടെ എവിടെനിന്നു വേണമെങ്കിലും പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

വീടിനുമുകളില്‍ വീഴുന്ന മഴവെള്ളം ഒരു തുള്ളി പോലും പാഴാവാതിരിക്കാനുഅളള സംവിധാനവും ഇവിടെയുണ്ട്. പ്ലോട്ടിനുള്ള അന്‍പതിനായിരം ലിറ്റര്‍ കപ്പാസിറ്റിയുള്ള അണ്ടര്‍ഗ്രൗണ്ട് ടാങ്കില്‍ ഇത് ശേഖരിക്കപ്പെടും. ഇവിടുത്തെ വാട്ടര്‍ സപ്ലൈയും പ്രത്യേക തരത്തിലാണ്. രണ്ട് സിസ്റ്റം ആയാണ് ഇത് ചെയ്തിരിക്കുന്നത്. കിണറ്റിലെ വെള്ളവും മഴവെള്ളവും അടുക്കള, വാഷ് ബോസിന്‍, ഷവര്‍ എന്നിവിടങ്ങളിലേക്കും കുഴല്‍കിണറിലേയും മുന്‍സിപ്പാലിറ്റിയിലേയും വെള്ളം പ്രത്യേകമായി ഫ്‌ളഷ് ടാങ്കിലേക്കും ജലസേചനത്തിനായും വേര്‍തിരിച്ചാണ് നല്‍കുന്നത്. രണ്ട് സിസ്റ്റത്തിലേക്കും പൂര്‍ണമായ ഫില്‍ട്രേഷന് ശേഷമാണ് വെള്ളം ചാര്‍ജ് ചെയ്യുന്നത്. ആവശ്യമുള്ളപ്പോള്‍ ഈ രണ്ട് സിസ്റ്റത്തേയും ഇന്റര്‍ലിങ്ക് ചെയ്യാനുള്ള സംവിധാനവും ചെയ്തിട്ടുണ്ട്. വിദേശത്തേതുപോലെ, വെള്ളത്തിനും വൈദ്യുതിയ്ക്കും വീട്ടില്‍ ഒരു കുറവുമുണ്ടാകരുതെന്നുള്ള നിര്‍ബന്ധപ്രകാരമായിരുന്നു ഇത്.

ചൂടുകാലത്തും വീടിനകത്ത് തണുപ്പനുഭവപ്പെടും എന്നതും ശ്രദ്ധേയമാണ്. രണ്ടാം നിലയില്‍ ട്രസ് വര്‍ക്ക് ചെയ്തിരിക്കുന്നതിന്റെ മേലെയായി ഇംപോര്‍ട്ടഡ് ക്ലേ ഓട് വിരിച്ചിരിക്കുന്നതിനാല്‍ത്തന്നെ, വീടിന്റെ അകത്തളങ്ങളിലെ ചൂട് സ്വാഭാവികമായും കുറയും. പടിഞ്ഞാറന്‍ ദിശയെ അഭിമുഖീകരിച്ചു പണിത ഓപ്പണ്‍ കോര്‍ട്ട്‌യാര്‍ഡും വാട്ടര്‍ബോഡിയും വീടിനകത്തേക്കുള്ള വായുസഞ്ചാരത്തെ സുഗമമാക്കുന്നുണ്ട്. അതുകൂടാതെ, ഹൈ ലെവലില്‍ കൊടുത്തിരിക്കുന്ന എക്‌സ്‌ഹോസ്റ്റ് ഫാന്‍, ഓട്ടോമേഷന്‍ വഴി പകല്‍സമയത്ത് സ്വയം പ്രവര്‍ത്തിക്കുകയും ആവശ്യം കഴിയുമ്പോള്‍ സ്വയം ഓഫ് ആവുകയും ചെയ്യും. ഇത് ചൂടുവായുവിനെ പുറന്തള്ളാന്‍ സഹായിക്കുന്നു.

വീടിന്റെ ലാന്‍ഡ്‌സ്‌കേപ്പിങ് ഡിസൈനാണ് മറ്റൊരു പ്രധാന കാര്യം. ലാന്‍ഡ്‌സ്‌കേപ്പ് ഡിസൈനിങിനായി തിരൂരുള്ള ആര്‍ആര്‍ ആര്‍ക്കിടെക്റ്റ് സാരഥി രോഹിത് ആണ് നിര്‍വഹിച്ചത്. ലാന്‍ഡ്‌സ്‌കേപ്പിങിനായി വീടിന്റെ മുന്‍വശങ്ങളില്‍ ബാംഗ്ലൂര്‍ സ്റ്റോണും ബാക്ക്‌യാര്‍ഡില്‍ തണ്ടൂര്‍ സ്റ്റോണും നല്‍കി. ലോണിനായി പേള്‍ ഗ്രാസ് ആണ് ഉപയോഗിച്ചത്. പേള്‍ ഗ്രാസിന് വളരെ കുറച്ച് പരിചരണമേ ആവശ്യമുള്ളൂ എന്നത് ഇവയുടെ പരിപാലനം എളുപ്പമാക്കുന്നു.

2019 ആഗസ്റ്റില്‍ ആരംഭിച്ച വീടുപണിയുടെ ആദ്യഘട്ടങ്ങളിലെ നിരീക്ഷണം മുഴുവന്‍ വീഡിയോ കോളിലൂടെയായിരുന്നു. അവസാനത്ത ഒരുവര്‍ഷം മാത്രമാണ് നേരിട്ട് വീടുപണിക്ക് മേല്‍നോട്ടം വഹിച്ചത്. പത്തനംതിട്ടയിലുള്ള ARK കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനമാണ് കണ്‍സ്ട്രക്ഷന്‍ ഏറ്റെടുത്തത്.















Content Highlights: home with colonial exterior built without architect or civil engineer in pathanamthitta
Published: 27 Jul 2023, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented