മൂട്ടകടി പലരുടെയും പേടി സ്വപ്‌നമാണ്. ഉറക്കം പോകുമെന്നുമാത്രമല്ല. കടുത്ത ആരോഗ്യപ്രശ്‌നങ്ങൾക്കും മൂട്ടകടി കാരണമാകുന്നു. വൃത്തിരഹിതമായ സാഹചര്യമാണ് മൂട്ടയുണ്ടാകുന്നതിന് ഒരു പ്രധാന കാരണം. മൂട്ടയുടെ കടികൊള്ളുമ്പോൾ മാത്രമെ മൂട്ട കട്ടിലിൽ കയറിയെന്നു മനസിലാകു. നോക്കിയാൽ മൂട്ടയെ കാണില്ലെന്നതും വെല്ലുവിളിയാണ്.

To advertise here,

കട്ടിലിൽ മൂട്ടകയറിയോ എന്ന് എങ്ങനെ അറിയാം

  • രാവിലെ എഴുന്നേൽക്കുമ്പോൾ ശരീരത്തിൽ ചുവന്ന തടിച്ച പാടുകൾ
  • ഉറക്കമുണർന്നാൽ ശരീരത്തിൽ അകാരണമായ ചൊറിച്ചിൽ
  • ബെഡ്ഡിനും തലയിണക്കും മുഷിഞ്ഞ നാറ്റവും ദുർഗന്ധവും
  • ബെഡിലും തലയിണയിലും കറുത്തപാടിന്റെയും കാഷ്ഠത്തിന്റെയും സാന്നിധ്യം
  • ബെഡ് ഷീറ്റിൽ ചോരയുടെ പാടുകൾ
    placeholder
    മൂട്ട | Canva

ഇത്രയും ഉണ്ടെങ്കിൽ ഉറപ്പിച്ചോളു നിങ്ങളുടെ കട്ടിലിൽ മൂട്ടയുണ്ട്.

വിപണിയിൽ മൂട്ടയെ കൊല്ലാൻ പല രാസവസ്തുക്കളും ലഭ്യമാണ്. പക്ഷേ ഇവയുടെ ഉപയോഗം മൂട്ടയുടെ ആയുസിനൊപ്പം നിങ്ങളുടെ ആയുസിനും വെല്ലുവിളി സൃഷ്ടിക്കുന്നു. പ്രകൃതിദത്തമായ മാർഗത്തിലൂടെ തന്നെ നമുക്ക് മൂട്ടയെ തുരത്താം.

1.പുതിന
പുതിനയുടെ കടുത്ത ഗന്ധം മൂട്ടയെ കട്ടിലിൽ നിന്നും തുരത്തും. പുതിന ഇല കട്ടിൽ ഇടുകയോ, ചർമ്മത്തിൽ തേയ്ക്കുകയോ. പുതിന സ്‌പ്രേ ഉണ്ടാക്കി കട്ടിലിൽ തളിയ്ക്കുകയോ ചെയ്യാം. മൂട്ട പമ്പ കടക്കും.

2. യൂക്കാലി
യൂക്കാലിയുടെ കടുത്ത ഗന്ധവും മൂട്ടകൾക്ക് ഭീഷണിയാണ്. യൂക്കാലി ഒന്നോ രണ്ടോ തുള്ളി തലയിണയിലും, കിടക്കയിലും തളിയ്ക്കുക. കൂടാതെ കിടക്കവിരിയും തലയിണ കവറും അലക്കി കഴിഞ്ഞ് ഒന്നോ രണ്ടോ തുള്ളി യൂക്കാലി ഒഴിച്ച് ആ വെള്ളത്തിൽ മുക്കി പിഴിഞ്ഞ് വെയിലിട്ട് ഉണക്കുകയും ആകാം.

3. കർപ്പൂരം
കട്ടിലിന്റെ അടിയിൽ കർപ്പൂരം പുകച്ച് വയ്ക്കുക. ബെഡിലും, തലയിണയിലും കർപ്പൂര പുക കൊള്ളിയ്ക്കാം. ഇതും ഒരു പരിധിവരെ മൂട്ടയെ അകറ്റി നിർത്തും.

4. വയമ്പ്
വയമ്പ് കടയിൽ നിന്നും വാങ്ങി പൊടിച്ച് അത് ഉപയോഗിച്ച് തൈലമുണ്ടാക്കി മൂട്ടയുണ്ടെന്ന് സംശയം തോന്നുന്ന ഇടങ്ങളിൽ തളിയ്ക്കുക

5. ബേക്കിങ്ങ് സോഡ
ബേക്കിങ്ങ് സോഡ അഥവാ അപ്പക്കാരം അൽപ്പമെടുത്ത് മൂട്ടയുണ്ടെന്ന് സംശയം തോന്നുന്ന ഭാഗങ്ങളിൽ ഇടുക

6. ലാവെണ്ടർ ഓയിൽ

ലാവെണ്ടർ ഓയിൽ കിടപ്പുമുറിയിലും, ബെഡിലും സ്‌പ്രേചെയ്യുന്നതും മൂട്ടയെ അകറ്റും. ഇത് ശരീരത്തിൽ പുരട്ടുകയും ആവാം.

ശ്രദ്ധിയ്ക്കുക
കട്ടിലിൽ മൂട്ട ഉണ്ടെന്നു ഉറപ്പായാൽ ചൂടുവെള്ളവും വേപ്പെണ്ണയും ഉപയോഗിച്ച് കട്ടിൽ കഴുകി വെയിലത്തിട്ട് ഉണക്കുക.

മൂട്ടയുണ്ടെന്ന് കണ്ടെത്തിയാൽ ബെഡ് ഷീറ്റ്, തലയിണ കവർ, പുതപ്പ് എന്നിവ നന്നായി അലക്കിയശേഷം നല്ല ചൂടുവെള്ളത്തിൽ അരമണിക്കൂർ മുക്കിവെച്ച ശേഷം. നല്ല വെയിലിൽ ഇട്ട് ഉണക്കിയെടുക്കുക. ആഴ്ച്ചയിൽ ഒരിക്കൽ നിർബന്ധമായും ഇത് ചെയ്തിരിക്കണം. ബെഡ് ഇടയ്ക്കിടെ വെയിലത്ത് ഇടുക. കട്ടിലിന്റെ വിടവുകളിലാകും മൂട്ട ഒളിച്ചിരിയ്ക്കുക. അത് കണ്ടെത്തി തടയുക. ഈ ഭാഗം നിർബന്ധമായും പരിശോധിച്ച് അവിടെ മൂട്ടയുണ്ടെന്ന് കണ്ടത്തിയാൽ യൂക്കാലിയൊ വേപ്പില കഷായമോ തളിയ്ക്കുക.